കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് സമാപിക്കും. രാത്രി 8.30ന് പാര്‍വതീദേവിയുടെ നട അടയ്ക്കുന്നതോടെ 12 ദിവസത്തെ നടതുറപ്പ് മഹോത്സവം പൂര്‍ത്തിയാകും.
ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസം മാത്രം ദര്‍ശനം നല്കുന്ന പാര്‍വതീദേവിയെ ദര്‍ശിക്കാന്‍ ഇനി ഒരാണ്ടിന്റെ കാത്തിരിപ്പ് വേണം.
നട അടയ്ക്കലിന്റെ തലേനാളായ ഇന്നലെ ഹര്ത്താലായിരുന്നിട്ടു. ജനസഹസ്രങ്ങളായിരുന്നു ദര്‍ശനത്തിനെത്തിയിരുന്നത്. നട അടയ്ക്കല്‍ ദിനമായ ഇന്നും വന്‍ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
നടതുറപ്പിനുള്ള വിശേഷചടങ്ങുകള്പോലെ നട അടയ്ക്കലിനും വിശേഷ ചടങ്ങുകളുണ്ട്. മഹാദേവന്റെ അത്താഴപുജയ്ക്ക് മുമ്പായി ദേവിയെ പാട്ടുപുരയില്‍ നിന്നും ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിക്കുന്നു. ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി എന്നീ മുന്ന് മനക്കാരും ചേര്‍ന്ന് സമുദായമായി അവരോധിച്ചിട്ടുള്ള തിരുമേനിയും ദേവിയുടെ ഉറ്റതോഴിയായി സങ്കല്പിക്കപ്പെടുന്ന പുഷ്പിണിയുടെ സ്ഥാനത്തുള്ള ബ്രാഹ്മിണിയമ്മയും ഇതേസമയം നടയ്ക്കല്‍ വന്ന് നില്ക്കും. എല്ലാവരും തൃക്കണ്‍ പാര്ത്തുകഴിഞ്ഞുവോയെന്ന് പുഷ്പിണിയുടെ മൂന്ന് വട്ടചോദ്യത്തിന് ഉവ്വെന്ന് സമുദായം തിരുമേനിയുടെ ഉത്തരം കിട്ടികഴിഞ്ഞാല്‍ നട അടപ്പിക്കട്ടെ എന്ന് മൂന്നുവട്ടം പുഷ്പിണി വീണ്ടും ചോദിക്കും. അടപ്പിച്ചാലും എന്ന് സമുദായം തിരുമേനിയുടെ മറുപടി പ്രകാരം നടഅടയ്ക്കാന്‍ പുഷ്പിണി ശാന്തിക്കാരനോട് പറയും. ദേവിയുടെ ഉറ്റതോഴിയായ പുഷ്പിണി പറഞ്ഞാല്‍ മാത്രമെ അടയ്ക്കുവാനും തുറക്കുവാനും പാടുള്ളൂ. ആചാരപ്രകാരമുള്ള നടയടക്കലോടെ നടതുറപ്പ് മഹോത്സവത്തിന് സമാപനമാകും.
ഇക്കുറി എല്ലാദിവസവും അഭൂതപൂര്‍വ്വമായ തിരക്കാണനുഭവപ്പെട്ടത്. നവവധു സങ്കല്പത്തില് പ്രതിഷ്ഠിക്കപ്പെട്ട പാര്‍വതീദേവി സര്‍വ്വാഭരണങ്ങളും അണിഞ്ഞ് ഒരോദിവസവും വ്യത്യസ്ഥമായ കസവുസാരികള്‍ അണിഞ്ഞു തലയില്‍ മുല്ലപൂ ചൂടിയുമാണ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. പറനിറയും മറ്റ് വഴിപാടുകളിലും വന്‍വര്‍ദ്ധനവാണ് ഉണ്ടായത്. ദര്‍ശനത്തിന് ട്രസ്റ്റ് ഭാരവാഹികള്‍ ശാസ്ത്രീയമായ രീതിയില്‍തന്നെ സംവിധാനമൊരുക്കിയിരുന്നതിനാല്‍ സുഗമമായി ദേവിദര്ശനം നടത്തുവാന്‍ ഭക്തജനങ്ങള്‍ക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: