കൊച്ചി: സത്യം തുറന്ന് പറയുന്നതിനുള്ള കരുത്തും നിശ്ചയദാര്‍ഢ്യവും കൈമുതലായുള്ള പത്രപ്രവര്‍ത്തകര്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പുതിയ പത്രപ്രവര്ത്തകതലമുറ ഇക്കാര്യത്തില്‍ കുറേകൂടി ജാഗരൂകരാകണമെന്നും ഡോ.സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. വാര്‍ത്താ മാധ്യമരംഗത്തുണ്ടായ ദൃശ്യമാധ്യമങ്ങളുടെ ഇടപെടല്‍ വാര്‍ത്തകളെ മറയില്ലാതെ നമ്മുടെ മുന്നില്‍ എത്തിക്കാന്‍ അവസരമുണ്ടാക്കിയെന്നത് ഏറെ ഗുണകരമാണെങ്കിലും ഇവയുടെ കുത്തൊഴുക്ക് അനാരോഗ്യപരമായ പല മത്സരങ്ങള്‍ക്കും അവസരമുണ്ടാക്കിയത് സത്യസന്ധമായ പ്രതിപാദനത്തെക്കാളുപരി വാര്‍ത്തയുടെ പൊലിമയ്ക്ക് മുന്‍തൂക്കം കൊടുക്കുന്നു എന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിതാന്ത ശ്രദ്ധ മാസികയുടെ പുനഃപ്രകാശനചടങ്ങ് ഇടപ്പള്ളി ചങ്ങമ്പുഴ സാസ്കാരിക കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൊര്മീസ് തരകന് അദ്ധ്യക്ഷനായിരുന്നു.
സമസ്തകേരള സാഹിത്യ പരിഷത് സെക്രട്ടറി എം.വി.ബെന്നിക്ക് ആദ്യകോപ്പി നല്‍കിക്കൊണ്ട് ആശാന് പുരസ്കാര ജേതാവ് കവി എസ്.രമേശന് നായര്‍ നിതാന്തശ്രദ്ധയുടെ പ്രകാശനം നിര്‍വഹിച്ചു. സൈമണ്‍ ബ്രിട്ടോ മുഖ്യപ്രഭാഷണം നടത്തി. ഗ്രീന്‍ ഓസ്കാര്‍ ജേതാവ് പി.ബാലന്, ഗ്രന്ഥകാരന് കെ.സി.വര്‍ഗീസ്, ഫെലിക്സ് ജെ.പുല്ലൂടന്‍, കലൂര്‍ ഉണ്ണികൃഷ്ണന്, ബെന്നി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: