പരീക്ഷക്കാലം ആഗതമായി. ഭയം വേണ്ട. നിങ്ങള്‍ വിചാരിച്ചാല്‍, ലക്ഷ്യത്തോട് വിശ്വസ്തത കാണിച്ചാല്‍, നിങ്ങള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിക്കാം. വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ഇന്നുതന്നെ ഒരു ടൈം ടേബിള്‍ തയ്യാറാക്കി പഠനം ആരംഭിക്കുക. പ്രവര്‍ത്തി ദിനങ്ങളില്‍ 6 മണിക്കൂറും അവധി ദിനങ്ങളില്‍ 8 മണിക്കൂറും പഠിക്കുക. സമയത്തിന് വില കല്പിക്കണം. നഷ്ടപ്പെടുത്തിക്കളയാന്‍ ഇനി സെക്കന്റുകള്‍ പോലുമില്ല. ചിന്തയും പ്രവര്‍ത്തിയും സമയവും പുന:ക്രമീകരിക്കുക.
വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ചും പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കിയും ദിവസങ്ങളും മണിക്കൂറുകളും വിഷയങ്ങള്‍ക്കായി തിരിക്കുക. നോട്ടുകളെല്ലാം പൂര്‍ണ്ണമാക്കുക. പ്രധാനപ്പെട്ട തെന്ന് നിര്‍ദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങള്‍ ശ്രദ്ധയോടെ പഠിക്കുക. ഇനി കൂട്ടുചേര്‍ന്നുള്ള പഠനം വേണ്ട. മനസ്സിലാകാത്ത ഭാഗങ്ങള്‍ മാത്രം അധ്യാപകരോടോ കൂട്ടുകാരോടോ തിരക്കി പഠിച്ചാല്‍ മതി.
സിനിമ, വിരുന്നുകാര്, വിനോദയാത്രകള്‍, കൂട്ടുകാരുമുള്ള ഒത്തുചേരലുകള്‍, ടി.വി. എന്നിവയെല്ലാം ഒഴിവാക്കുക. പഠനേതര പ്രവര്‍ത്തികള്‍ കുറയ്ക്കുക. എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ പഠനം ആരംഭിക്കുക. എല്ലാ കഴിവുകളും ഈശ്വരന് നമ്മില്‍ നിറച്ചിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തിയാല്‍ മതി.
എല്ലാ ആഴ്ചയിലും, ഓരോ വിഷയത്തിലും പഴയ ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ച് ട്രയല്‍ എക്സാം എഴുതി നോക്കണം. 10 സെറ്റ് പഴയ ചോദ്യപേപ്പറെങ്കിലും സംഘടിപ്പിക്കണം. ഓരോ ട്രയല്‍ എക്സാം കഴിയുമ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കും. പരീക്ഷാ ഭയം മാറും.
പഠിക്കുമ്പോള്‍ തന്നെ പ്രധാനാശയങ്ങള്‍, ഫോര്‍മുലകള്‍, രാസനാമങ്ങള്‍, വര്‍ഷം, പേര്, നിര്‍വചനങ്ങള്‍ (ഡെഫനിഷന്‍സ്) എന്നിവയുടെ നോട്ടുകള്‍ കൂടി തയ്യാറാക്കുക. കണക്ക് തനിയെ ചെയ്ത് പഠിക്കണം. ചിത്രങ്ങള്‍ വരച്ചു പഠിക്കണം. ഭാഷാ വിഷയങ്ങള്‍ പഠിക്കുമ്പോള്‍ ഓരോ വാക്കിന്റെയും കൃത്യമായ അര്‍ത്ഥം, വ്യാകരണം, ശൈലി എന്നിവ ശ്രദ്ധിക്കണം. കവിതകള്‍ കഴിയുന്നത്ര മന:പാഠമാക്കുക. ശാസ്ത്ര-സാങ്കേതിക പദങ്ങള്‍ പഠിക്കുമ്പോള്‍ അവയ്ക്ക് ഭാഷയില്‍ സാധാരണമായുള്ള അര്‍ത്ഥവും മനസ്സിലാക്കുക.
ശരീരശുദ്ധി വരുത്തി, ശ്രദ്ധയോടെ, ഏകാഗ്രതയോടെ പഠനത്തിനിരിക്കുക. മേശപ്പുറം വൃത്തിയായി സൂക്ഷിക്കുക. ചിട്ടയും ക്രമവും ഉണ്ടായാല്‍ സമയലാഭം ഉണ്ടാകും. ടെസ്റ്റ് ബുക്കുകള്‍, നോട്ട് ബുക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, മറ്റ് പഠനോപകരണങ്ങള്‍ എന്നിവ ചിട്ടയൊപ്പിച്ച് കൃത്യസ്ഥാനങ്ങളില്‍ വയ്ക്കുക. കഠിന പാഠങ്ങള്‍ സാവധാനം പഠിക്കുക. ഫോര്‍മുലകള്‍ യുക്തിയറിഞ്ഞ് പഠിക്കുക. പരീക്ഷയ്ക്ക് വരാവുന്ന ചോദ്യങ്ങളെ മുന്നില്‍ കണ്ട് പഠിക്കണം. നട്ടെല്ല് നിവര്‍ത്തി ഇരുന്ന് പഠിക്കുന്നതാണ് നല്ലത്. കിടന്ന് പഠിക്കരുത്.
പ്രാര്‍ത്ഥന, പഠനത്തിനും മന:ശാന്തിക്കും ഏറെ ഗുണം ചെയ്യും. പ്രാര്‍ത്ഥിച്ച് ഉണരുക. പ്രാര്‍ത്ഥിച്ച് ഉറങ്ങുക. പ്രാര്‍ത്ഥിച്ച് പഠിക്കുമ്പോള്‍ ഏകാഗ്രത വര്‍ദ്ധിക്കും. ആത്മബലം കൂടും. പരീക്ഷാ ഭീതി, ഉത്കണ്ഠ എന്നിവ വിട്ടകലും. എല്ലാം നിങ്ങളിലാണാശ്രയിച്ചിരിക്കുന്നതെന്ന് കരുതി പഠിക്കുക. അതോടൊപ്പം എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നുവെന്നു കരുതി പ്രാര്‍ത്ഥിക്കുക. ദൈവം നമ്മെ കാത്തുകൊള്ളും.
ദിവസവും ധാരാളം വെള്ളം കുടിക്കുക. ഒരുദിവസം 10-14 ഗ്ലാസ്സ് വെള്ളം കുടിക്കണം. ഓരോ 45 മിനിറ്റ് പഠനം കഴിയുമ്പോഴും വെള്ളം കുടിക്കണം. പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ഉപയോഗിക്കുക. ക്ഷീണമകറ്റാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ടോണിക്കുകള്‍ കഴിക്കാം. ബ്രഹ്മി ചേര്‍ന്ന ലേഹ്യം കഴിക്കാം. വിശന്നിരുന്ന് പഠിക്കരുത്. അത് ഏകാഗ്രത കുറയ്ക്കും. അമിതാഹാരവും വേണ്ട. കൂടുതല്‍ കഴിച്ചാല്‍ ഉറക്കം വരും.
പഠനവേളകളില്‍ ഉറക്കം വന്നാല്‍ 5-10 പ്രാവശ്യം ദീര്‍ഘശ്വാസം എടുക്കുക. കുറച്ചു സമയം നടന്നു പഠിക്കുക. കുറച്ച് സമയം എഴുതി പഠിക്കുക. ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. കയ്യും മുഖവും കാലും കഴുകുക. സ്ഥലം മാറിയിരുന്നോ, വിഷയം മാറ്റിയോ പഠിക്കുക. ശരീരത്തെ നോവിക്കുന്ന രീതികളും വെള്ളത്തില്‍ കാല് വെച്ചുള്ള പഠനവും ഒഴിവാക്കുക.
ഓര്‍മ്മശക്തിക്ക് മൂന്നു തലമുണ്ട്. Sensory m-Emory, Short Term memory, Long Term Memory. CXn Long Term Memory യിലേക്ക് പഠിച്ചവ ശേഖരിച്ചാലേ പരീക്ഷയ്ക്ക് പ്രയോജനപ്പെടുകയുള്ളൂ. Recollection is the principle of memory’ എന്നാണ് തത്വം. ആവര്‍ത്തിച്ച് റിവിഷന്‍ നടത്തി Long Term memory യില്‍ ശേഖരിക്കുക. അപ്പോള്‍ പരീക്ഷാവേളയില്‍ പഠിച്ചവ പുറത്തെടുക്കാന്‍ കഴിയും. ആവര്‍ത്തിച്ചുള്ള പഠനം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ചുരുക്കെഴുത്ത് രീതി, ആവര്‍ത്തിച്ച് പഠിക്കുന്ന രീതി, ചോദ്യം ഉന്നയിച്ചുള്ള രീതി, മാപ്പ്, ചാര്‍ട്ട് എന്നീ രൂപത്തില്‍ പാഠഭാഗങ്ങളെ ക്രമീകരിച്ച് പഠിക്കുന്ന രീതി എന്നീ മാര്‍ഗ്ഗങ്ങളെല്ലാം പഠനത്തിന് പ്രയോജനപ്പെടുത്താം.
പ്രയാസമുള്ള വിഷയങ്ങള്‍ എന്നും പഠിക്കണം. പഠനം ആരംഭിക്കുമ്പോഴും മനസ്സ് ജാഗ്രതയോടെ ഇരിക്കുന്ന സന്ദര്‍ഭത്തിലും പ്രയാസമുള്ള വിഷയം പഠിക്കുക. ഉറങ്ങുന്നതിനുമുമ്പും പ്രയാസമുള്ള വിഷയം പഠിക്കുക. പ്രയാസമുള്ള ഫോര്‍മുല, വര്‍ഷം, പേര്, ആശയം, എന്നിവ ചെറിയ പേപ്പറില്‍ കുറിച്ച് ഇടയ്ക്കിടെ എടുത്ത് പഠിക്കുക.
പരീക്ഷയെ ജീവന് മരണ പോരാട്ടമായി കാണരുത്. വിജയിക്കുമെന്നും എല്ലാ വിഷയത്തിനും എ പ്ലസ് നേടാന്‍ കഴിയുമെന്നും ഉറച്ചു വിശ്വസിക്കുക. സ്വന്തം കഴിവിലും സിദ്ധിയിലും വിശ്വസിച്ച് കഠിനാധ്വാനം ചെയ്യുക. മനസ്സില്‍ കയറിവരുന്ന വികല ചിന്തകളെ നിയന്ത്രിക്കുക. ദൈവം സഹായത്തിന് അരികിലുണ്ടെന്ന് വിശ്വസിക്കുക.
പരീക്ഷയുടെ തലേന്നും സാധാരണപോലെ പഠിച്ചാല്‍ മതി. ശാന്തതയോടെ, ആത്മവിശ്വാസത്തോടെ ഏകാഗ്രതയോടെ പഠിക്കുക. പഠിച്ച പാഠങ്ങള്‍ ആവര്‍ത്തിക്കുക. പ്രധാനപ്പെട്ട ആശയങ്ങള്‍ മനസ്സിലുണ്ടെന്ന് ഉറപ്പുവരുത്തുക. പഠിക്കുമ്പോള്‍ ഉണ്ടാക്കിയ നോട്ടുകള്‍ ഒന്നുകൂടി മറിച്ചുനോക്കുക. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് പരീക്ഷയ്ക്ക് കൊണ്ടുപോകാനുള്ള സാധന സാമഗ്രികള്‍ സ്ക്കൂളില്‍ കൊണ്ടു പോകാനുള്ള ബാഗില്‍ എടുത്തു വയ്ക്കുക. എഴുതുന്നതും മഷി നിറച്ചതുമായ പേനകള്‍, പെന്‍സില്‍, കട്ടര്‍, റബ്ബര്‍, ജോമട്രി ബോക്സ്, സ്കെയില്‍, കാല്‍ക്കുലേറ്റര്‍, കര്‍ച്ചീഫ്, ഹാള്‍ ടിക്കറ്റ് എന്നിവയെല്ലാം എടുക്കാന്‍ മറക്കരുത്. വാച്ച് കറക്ട് ചെയ്യുക. ആത്മവിശ്വാസത്തോടെ ശാന്തതയോടെ പ്രാര്‍ത്ഥിച്ച് കിടന്നുറങ്ങുക.
പരീക്ഷാദിനം കുളിച്ച് വൃത്തിയായി വസ്ത്രം ധരിച്ച് ശുഭാപ്തി വിശ്വാസത്തോടെ പുറപ്പെടുക. പരീക്ഷ തുടങ്ങുന്നതിന് 20 മിനിറ്റ് മുമ്പെങ്കിലും സ്ക്കൂളില്‍/ കോളേജില്‍ എത്തുക. എവിടെയാണ് പരീക്ഷാ ഹാള്‍ എന്ന് മനസ്സിലാക്കി അതിന്റെ പരിസരത്ത് ഇരിക്കുക. പഠിച്ചവ (ൃശ്ശശ്ി ിീലേെ) ഒന്നുകൂടി മറിച്ച് നോക്കുക. സമയമാകുമ്പോള്‍ പ്രസന്നതയോടെ ഹാളില്‍ പ്രവേശിച്ച്, സ്വന്തം സ്ഥലം കണ്ടെത്തി ശാന്തതയോടെ ഇരിക്കുക.
ചോദ്യ പേപ്പര്‍ ലഭിച്ചതിനുശേഷമുള്ള 15 മിനിറ്റ് കൂള്‍ ഓഫ് ടൈം” ആണ്. ആ സമയം ചോദ്യകടലാസിലെ നിര്‍ദ്ദേശങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ വായിക്കുക. ഏതെല്ലാം എഴുതാമെന്ന് തീരുമാനിച്ച് അടയാളപ്പെടുത്തുക. എഴുതുന്നതിന്റെ ക്രമം, രീതി എന്നിവ തീരുമാനിക്കുക.
ഹാള്‍ ടിക്കറ്റ് നോക്കി രജിസ്റ്റര്‍ നമ്പര്‍ ഉത്തരക്കടലാസിലേക്ക് പകര്‍ത്തുക. പേപ്പറില്‍ മാര്‍ജിന്‍ ഇടുക. പ്രധാന പേജില്‍ പൂരിപ്പിക്കേണ്ടവ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പേര്, നമ്പര്‍ എന്നിവ വ്യക്തമായി (ഘലഴശയഹല) എഴുതണം.
ആദ്യ ഉത്തരം നന്നായി അറിയുന്നവ ആയാല്‍ നന്ന്. ആദ്യ പേജില്‍ നല്ല കയ്യക്ഷരത്തില്‍ വെട്ടും തിരുത്തും ഒഴിവാക്കി എഴുതിയാല്‍ നല്ല ഇംപ്രഷന്‍ കൊടുക്കാന്‍ സാധിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. ഏതെങ്കിലും ഒരു വാക്കോ വര്‍ഷമോ ഫോര്‍മുലയോ കിട്ടുന്നില്ലെങ്കില്‍ അവ ഓര്‍ത്തിരുന്ന് സമയം കളയാതെ പരീക്ഷ തുടരുക. ഓര്‍മ്മ വരുമ്പോള്‍ അത് എഴുതുക. എല്ലാം സമയ ബന്ധിതമായി, മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എഴുതണം. അവസാന ചോദ്യത്തിന് സമയമില്ലാതെ വന്നാല്‍ പ്രധാന ആശയങ്ങള്‍ എഴുതുക. സയന്‍സ് വിഷയങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ക്കാം. കണക്കിന് ക്രിയകള്‍ ചെയ്താലും ക്രമത്തിന് മാര്‍ക്ക് ലഭിക്കും. ആലോചിച്ച് ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാക്കി ഉത്തരങ്ങള്‍ എഴുതണം.
പരീക്ഷ തീരുന്നതിന് 5 മിനിറ്റ് മുമ്പ് എഴുത്തു നിര്‍ത്തുക. പേജ്നമ്പര്‍ അനുസരിച്ച് പേപ്പര്‍ തുന്നിക്കെട്ടുക. അഡീഷണല്‍ പേപ്പറുകള്‍ വാങ്ങുമ്പോള്‍ തന്നെ നമ്പര്‍ ഇട്ട് വെച്ചാല്‍ എളുപ്പമായിരിക്കും. ചോദ്യനമ്പറുകള്‍ ശരിയായി ഇട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഉത്തര പേപ്പര്‍ ഒന്നുകൂടി വായിച്ച് അക്ഷരത്തെറ്റുകള്‍, എഴുതാന്‍ മറന്നുപോയവ, വ്യാകരണ പിശകുകള്‍, എന്നിവ തിരുത്തുക. പരീക്ഷാ പേപ്പറില്‍ പരീക്ഷകന് നിര്‍ദ്ദേശങ്ങളോ അപേക്ഷകളോ എഴുതരുത്. പരീക്ഷ കഴിഞ്ഞാല്‍ അതിനെപ്പറ്റി ചിന്തിച്ച തെറ്റിപ്പോയതിനെ കുറിച്ചോര്‍ത്ത് വിഷമിക്കാതെ അടുത്ത പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കുക.
മാതാപിതാക്കള്‍ പരീക്ഷക്കാലത്ത് കൗണ്‍സിലറായി മാറണം. മക്കള്‍ക്ക് ആത്മവിശ്വാസം പകരണം. പഠിക്കാനുള്ള സാഹചര്യം ഒരുക്കണം. സഹായങ്ങള്‍ ചെയ്തു കൊടുക്കണം. വഴക്കുകള്‍, ശാസനകള്‍, ശാപവാക്കുകള്‍, കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ എന്നിവ ഒഴിവാക്കണം. രോഗങ്ങള്‍ വരാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. അപകട സാധ്യതകളുള്ള കളികള്‍ , കത്തിയുടെയും മറ്റും ഉപയോഗം, എന്നിവ പാടില്ല. ടെലിവിഷന്‍, സിനിമ എന്നിവയില്‍ നിയന്ത്രണം വേണം. കഴിഞ്ഞ പരിക്ഷയുടെ ചോദ്യക്കടലാസ് വാങ്ങി ക്രോസ് ചെയ്യരുത്.
അഡ്വ.ചാര്‍ളിപോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: