ഗാന്ധിനഗര്‍: ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. ലോകായുക്തയെ നിയമിക്കാന്‍ പരമാധികാരം ഗവര്ണര്ക്കായിരിക്കുമെന്ന ഭൂരിപക്ഷ തീരുമാനം ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വിധി.
ഹൈക്കോടതിവിധി അംഗീകരിക്കുന്നതായി അറിയിച്ച സര്‍ക്കാര്‍ വിദഗ്ധാഭിപ്രായം അറിഞ്ഞശേഷം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ രണ്ട് പ്രധാന കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നത്, മുഖ്യമന്ത്രി നരേന്ദ്രമോഡി ചീഫ് ജസ്റ്റിസിന് ഇതു സംബന്ധിച്ച് കത്തയച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും അഭിപ്രായം അറിഞ്ഞിട്ടില്ല. രണ്ടാമതായി തങ്ങള്‍ ഉന്നയിച്ചിരുന്നത് ലോകായുക്താ നിയമനത്തില്‍ ഗവര്‍ണര്‍ ഭരണഘടനാതീതനാകുമ്പോള് അത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായി ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വക്താവും ആരോഗ്യമന്ത്രിയുമായ ജയനാരായണ് വ്യാസ് വ്യക്തമാക്കി.
ലോകായുക്താ നിയമനത്തിനെതിരെയുള്ള തങ്ങളുടെ വാദങ്ങള്‍ തികച്ചും ഭരണഘടനാപരമാണ്. കോടതി ഉത്തരവുകള്‍ ആഘോഷിക്കാനുള്ളതോ തിരിച്ചടിയോ അല്ല. എഴുതാപ്പുറം വായിക്കേണ്ട ആവശ്യകതയില്ല. ലോകായുക്ത നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കില്ലെന്നും വ്യാസ് വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെ പ്രചാരണ പരിപാടികള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യാസ് പറഞ്ഞു. ഗുജറാത്ത് രാജ്ഭവന് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതിയുടെ വിധി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബിജെപി നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെറ്റ്ലി അഭിപ്രായപ്പെട്ടു.
ലോകായുക്ത സംബന്ധിച്ച കേസ് നേരത്തെ പരിഗണിച്ച ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് വിധിയില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: