തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രവേശനപരീക്ഷ ഏപ്രില്‍ 23മുതല്‍ 26വരെ നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായിട്ടായിരിക്കും സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് ആവശ്യമായ സെക്യൂരിറ്റി കാര്‍ഡ്, പ്രോസ്പെക്റ്റസ് തുടങ്ങിയവ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 160പോസ്റ്റ്ഓഫിസുകള്‍ മുഖേന വാങ്ങാം.
കേരളത്തിനു പുറത്ത് എട്ടു സംസ്ഥാനങ്ങളിലെ പ്രധാന പോസ്റ്റ്ഓഫിിസുകളിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നു മുതല്‍ ഫെബ്രുവരി 14വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും പരീക്ഷാകമ്മീഷണറുടെ ഓഫിസില്‍ എത്തിക്കണം. പോസ്റ്റ് ഓഫിസുകളുടെ പേരും അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങളും പ്രോസ്പെക്റ്റസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രോസ്പെക്റ്റസിന്റെ പ്രകാശനം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു. കേരളത്തിലെ മുന്നൂറോളം കേന്ദ്രങ്ങളിലും ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും വച്ചായിരിക്കും പരീക്ഷ.
പ്രവേശന പരീക്ഷാകമ്മീഷണറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറിയാണ് അപേക്ഷ സബ്മിറ്റ് ചെയ്യേണ്ടത്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പ്രോസ്പെക്റ്റസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഴു സ്റ്റെപ്പുകളായാണ് അപേക്ഷ സബ്മിറ്റ് ചെയ്യേണ്ടത്. സ്റ്റെപ്പ് ഒന്നില്‍ രജിസ്ട്രേഷന്, പിന്നീട് ലോഗിന്‍, അപേക്ഷയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തല്‍, അപേക്ഷാസമര്‍പ്പണം, അപേക്ഷാഫീസ്എന്നിവ രേഖപ്പെടുത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. പ്രിന്റൗട്ടില്‍ പാസ്പോര്‍ട്ട്സൈസ് ഫോട്ടോ പതിപ്പിച്ച് സ്കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷകന് ബാധകമായിട്ടുള്ള നേറ്റിവിറ്റി, വരുമാനം, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ബന്ധപ്പെട്ട അധികാരികളില്‍നിന്നും വെബ്സൈറ്റില്‍ ലഭ്യമായ ഫോമില്‍ പൂരിപ്പിച്ച് വാങ്ങണം. അവസാനതീയതിക്കു മുമ്പായി പ്രിന്റൗട്ടും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും നേരിട്ടോ തപാല്‍മുഖേനയോ കമ്മീഷണറേറ്റില്‍ എത്തിക്കണം. വൈകിക്കിട്ടുന്ന അപേക്ഷകള്‍ നിരസിക്കും.
കേരളത്തിലെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഓരോ ജില്ലയില്‍നിന്നുമുള്ള കമ്പ്യൂട്ടര്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ അക്ഷയ സെന്ററുകള്‍ വഴിയും കുറഞ്ഞനിരക്കില്‍ അപേക്ഷ നല്‍കാം. ഇതിനായി അക്ഷയ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വിദഗദ്ധപരിശീലനം നല്കി. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി പ്രവേശന പരീക്ഷാകമ്മീഷണറുടെ ഓഫിസിലെ നാല് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ കൂടാതെ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍സ് കോള്സെന്ററിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍- 0471-2339101, 2339102, 2339103, 2339104. സിറ്റിസണ്‍സ് കോള്‍സെന്റര്‍- ബിഎസ്എന്‍എല്‍ നെറ്റ്വര്ക്കില് നിന്നും ലാന്‍ഡ് ലൈനില്‍ നിന്ന് 155300, മൊബെയില്‍ഫോണില്‍ നിന്നും 0471-155300, മറ്റു നെറ്റ് വര്‍ക്കില്‍ നിന്നും 0471- 2115054, 2115098, 2335523 എന്നീ നമ്പറുകളിലേക്ക് വിളിച്ച് സംശയങ്ങള്‍ക്ക് മറുപടിതേടാം.
ജനറല്‍ വിഭാഗത്തിന് 700രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 350രൂപയുമാണ് അപേക്ഷാ ഫീസ്. ഈ തുക നല്കി പോസ്റ്റ്ഓഫിസുകളില്‍ നിന്ന് സെക്യൂരിറ്റി കാര്‍ഡും പ്രോസ്പെക്റ്റസും കവറും വാങ്ങാവുന്നതാണ്. ഇവ പ്രവേശനപരീക്ഷ കമ്മീഷണറേറ്റില്‍ നിന്നും ലഭിക്കില്ല. കുടുംബവരുമാനം 40,000രൂപയില്‍ താഴെയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ പ്രോസ്പെക്റ്റസും സെക്യൂരിറ്റികാര്ഡും കവറും സൗജന്യമായി നല്‍കും. സെക്യൂരിറ്റി കാര്‍ഡില്‍ കാണുന്ന സില്‍വര്‍ പാനല്‍ ചുരണ്ടിക്കളയുമ്പോള്‍ ഒരു കീ നമ്പര്‍ ദൃശ്യമാകും.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് പേമെന്റ് ഡീറ്റെയില്‍സ് നല്കുമ്പോള് ഈ കീ നമ്പറും സബ്മിറ്റ് ചെയ്യണം. ഈ രഹസ്യകോഡ് നല്കിയാല് മാത്രമെ പ്രവേശന പരീക്ഷാകമ്മീഷണറുടെ ഓഫിസില്‍ എത്തിക്കുന്നതിനായി അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാനാവു. തുടര്‍ന്ന് അലോട്ട്മെന്റ് ഉള്‍പ്പടെയുള്ള പല ആവശ്യങ്ങള്‍ക്കും ഈ കീ നമ്പര്‍ ആവശ്യമാണെന്നതിനാല്‍ അതു നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രോസ്പെക്റ്റസ് പ്രവേശന പരീക്ഷാകമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും.
എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 23, 24 തീയതികളിലും മെഡിക്കല്‍ പ്രവേശന പരീക്ഷ ഏപ്രില്‍ 25, 26 തീയതികളിലും നടക്കും. ഏപ്രില്‍ 23 തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12.30വരെ പേപ്പര്‍ ഒന്ന് ഫിസിക്സ് ആന്റ് കെമിസ്ട്രിയും 24 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 12.30വരെ പേപ്പര്‍ രണ്ട് മാത്തമാറ്റിക്സും നടക്കും. 25 ബുധനാഴ്ച രാവിലെ 10 മുതല്‍ 12.30വരെ മെഡിക്കല്‍ പേപ്പര്‍ ഒന്ന് കെമിസ്ട്രി ആന്റ് ഫിസിക്സും 26വ്യാഴാഴ്ച രാവിലെ 10 മുതല്‍ 12.30വരെ പേപ്പര്‍ രണ്ട് ബയോളജിയും നടക്കും. പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ മാര്‍ച്ച് 24മുതല്‍ പ്രവേശന പരീക്ഷാകമ്മീഷണറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കാവുന്നതാണ്. പ്രവേശനപരീക്ഷകളും അതിന്റെ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റും സര്‍ക്കാര്‍ അംഗീകരിച്ച പ്രോസ്പെക്റ്റസിലെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: