പള്ളുരുത്തി: തിരക്കേറിയ തോപ്പുംപടി ജംഗ്ഷന് സാമൂഹ്യവിരുദ്ധരുടെയും മദ്യപന്മാരുടെയും താവളമാകുന്നു. പരാതികള്‍ നിരവധി ലഭിച്ചിട്ടും പോലീസ് നിസ്സംഗത കാട്ടുന്നതായി ആക്ഷേപം. തോപ്പുംപടി ജംഗ്ഷന് ചുറ്റളവില്‍ അരകിലോമീറ്ററിനുള്ളില്‍ അഞ്ച് ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഓരോ വിദേശമദ്യ വില്പനശാലയും പ്രവര്‍ത്തിക്കുന്നു. അഞ്ച് ബാറുകളില്‍ നിന്ന് മദ്യപിച്ചശേഷം ഇറങ്ങുന്നവര്‍ പലപ്പോഴും ബസ്സുകാത്തുനില്ക്കുന്നവര്ക്കും സ്ത്രീകള്‍ക്കും നിത്യശല്യമാവുകയാണ്. പതിവായി തൊട്ടടുത്ത തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതികള്‍ എത്തുന്നുണ്ടെങ്കിലും പോലീസ് ഇത് ഗൗനിക്കുന്നില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം. ജംഗ്ഷനിലെ ഫുട്ട്പാത്തുകളില്‍ മദ്യപന്മാരുടെ ശയനസ്ഥലമായിട്ടും പോലീസിന് കുലുക്കമില്ല. ജംഗ്ഷനില്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അശ്ലീല ചേഷ്ടകള്‍ കാട്ടിയ ഒരു യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്പിച്ചുവെങ്കിലും പോലീസ് വഴിയില്‍ വെച്ച് തന്നെ ഇയാളെ വിട്ടയക്കുകയായിരുന്നു.
നിരവധി സ്ത്രീകള്‍ മദ്യപന്മാരുടെ ശല്യത്തിന് ഇരയാകുന്നുണ്ടെങ്കിലും മാനക്കേടുകാരണം പ്രതികരിക്കുന്നില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസം സീബ്രാലൈനിലൂടെ കടക്കുകയായിരുന്ന വൃദ്ധദമ്പതികളെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നിട്ടും ഇയാള്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലായെന്ന് പറയപ്പെടുന്നു. തോപ്പുംപടിയില്‍ മയക്കുമരുന്ന് വില്പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചതായി പോലീസ് തന്നെ പറയുമ്പോള്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ പോലീസിനാവുന്നില്ല. തോപ്പുംപടി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് പരിസരവും സമീപത്തെ ഇടറോഡുകളും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
യാതൊരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുന്ന വാഹനങ്ങളും തിരക്കേറിയ തോപ്പുംപടിയെ വീര്‍പ്പുമുട്ടിക്കുകയാണ്. റോഡില്‍ തിരക്ക് കൂടിയ ഭാഗങ്ങളില്‍ ട്രാഫിക്ക് ബാരിക്കേഡ് സ്ഥാപിച്ചിരുന്നുവെങ്കിലും ഇടക്കാലത്ത് ഇത് നീക്കം ചെയ്യുകയായിരുന്നു. തോപ്പുംപടിയിലെ തിരക്കേറിയ ഭാഗങ്ങളില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിക്കണമെന്ന് പ്രദേശത്തെ സാമൂഹ്യസാംസ്കാരിക സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: