കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം നാളെ സമാപിക്കാനിരിക്കെ ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം തുടരുന്നു. നാളെ രാത്രി എട്ടിനാണ് നടയടക്കുക. പിന്നീട് ശ്രീപാര്‍വതീ ദേവിയുടെ നടതുറന്ന് ദര്‍ശനം ലഭിക്കാന്‍ അടുത്തവര്‍ഷം ധനുമാസത്തിലെ തിരുവാതിരവരെ കാത്തിരിക്കണം.
കഴിഞ്ഞ എട്ടിന് രാത്രി എട്ടിനാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന ശ്രീപാര്‍വതീ ദേവിയുടെ നട തുറപ്പ് മഹോത്സവത്തിനായി നട തുറന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അഭൂതപൂര്‍വമായ തിരക്കാണനുഭവപ്പെട്ടത്. അരക്കോടി ഭക്തരെങ്കിലും ഈ വേളയില്‍ ദര്‍ശനം നടത്തുമെന്നാണ് ഇപ്പോഴത്തെ കണക്ക്. എല്ലാ ദിവസവും ദേവീദര്‍ശനത്തിന് തിരക്കോട് തിരക്കായിരുന്നുവെന്നാണ് പ്രത്യേകത. ശ്രീപാര്‍വതീ ദേവിയുടെ നടയില്‍ മംഗല്യ സൗഭാഗ്യത്തിനും ദീര്‍ഘമംഗല്യത്തിനും അഭീഷ്ടവരസിദ്ധിക്കുമായി പറനിറയ്ക്കുവാന് നീണ്ട നിര എല്ലാദിവസവും ദൃശ്യമായിരുന്നു. സര്‍വരോഗ ദുരിത നിവാരണത്തിനായി മഹാദേവന്റെ നടയില്‍ എള്ള് പറ നിറയ്ക്കുന്നതിനും വന്‍ തിരക്കായിരുന്നു. മംഗല്യ സൗഭാഗ്യത്തിനായി പട്ടും താലിയും സമര്‍പ്പിക്കുന്നതിനും ദീര്‍ഘമംഗല്യത്തിനായി ഇണപ്പുടവ സമര്‍പ്പിക്കുന്നതിനും ഭക്തജനങ്ങളുടെ വന്‍ തിരക്കാണനുഭവപ്പെട്ടത്. സന്താനസൗഭാഗ്യത്തിനായി തൊട്ടില് സമര്‍പ്പണത്തിനും ആയിരക്കണക്കിന് ദമ്പതികള്‍ എത്തിയിരുന്നു.
സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ ഇന്നലെ ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: