തൃശൂര്‍ : സംസ്ഥാനസ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം നാളില്‍ ആലപ്പുഴയുടെ മുന്നേറ്റം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 122പോയിന്റോടെയാണ് ആലപ്പുഴ ജില്ല രണ്ടാംസ്ഥാനത്തുള്ള കൊല്ലം ജില്ലയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത്.121 പോയിന്റാണ് കൊല്ലം നേടിയിട്ടുള്ളത്. 120പോയിന്റോടെ ആതിഥേയരായ തൃശൂര്‍ മൂന്നാംസ്ഥാനത്താണ്. രണ്ടാംദിവസമായ ഇന്നലെ പതിനാറ് വേദികളും ഉണര്‍ന്നു. പ്രധാനവേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തോടെയായിരുന്നു തുടക്കം. രാവിലെ ഒമ്പത് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പത്തുമണിയോടെ മാത്രമെ സംഘാടകരുടെ പിഴവ് മൂലം ആരംഭിക്കാന്‍ കഴിഞ്ഞുള്ളൂ. പ്രധാനവേദികളിലും ലളിതഗാനം, കുച്ചുപ്പുടി എന്നിവ നടന്ന വേദികളിലും കലോത്സവം കാണാന്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. അപ്പീലുകളുടെ പ്രവാഹം ഇത്തവണത്തെ മേളയുടെ പ്രവര്‍ത്തനത്തേയും ബാധിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ പന്ത്രണ്ട് പേര് അപ്പീലുമായെത്തി. ഇത് മത്സരങ്ങള്‍ അര്‍ദ്ധരാത്രിവരെ നീളാന്‍ ഇടയാക്കി. പതിനാറ് വേദികളിലായാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്. നടനവേദികളില്‍ സദസ്യരുടെ എണ്ണം ഏറെയുണ്ടായിരുന്നു. പരമ്പരാഗത നൃത്തശൈലിക്ക് തിരിച്ചടി നേരിടുന്ന വിധത്തിലാണ് കലോത്സവം അരങ്ങേറുന്നതെന്ന് പല പ്രമുഖ നൃത്ത അധ്യാപകരും അഭിപ്രായപ്പെടുന്നുണ്ടായിരുന്നു. കേരളത്തിന്റെ തനത് നാട്യകലകളായ കേരളനടനത്തിനും ചാക്യാര്‍കൂത്തിനും ഇന്ന് വേദിയൊരുങ്ങും. സംസ്കൃതം നാടകമത്സരവും ജനറല്‍ നാടകമത്സരവും ഇന്ന് കാണികളിലെ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സര ഇനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: