ന്യൂദല്‍ഹി: ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സാഹിത്യകാരന് സല്മാന് റുഷ്ദി പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. സാഹിത്യോത്സവത്തില്‍ റുഷ്ദി പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരവുമായി ചര്‍ച്ച നടത്തി. റുഷ്ദിയുടെ സന്ദര്‍ശനം സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഗെഹ്ലോട്ട് പറഞ്ഞു.
എന്നാല്‍ റുഷ്ദി സാഹിത്യോത്സവത്തില്‍ പങ്കെ ടുക്കുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും സംഘാടകര്‍ നല്‍കിയിട്ടില്ലെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. ജനുവരി 20 മുതല്‍ 25 വരെയാണ് ജയ്പൂര്‍ സാഹിത്യോത്സവം നടക്കുന്നത്. സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരുടെ വികാരം മനസ്സിലാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുസ്ലീം ജനതയുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ദാരുല്‍ ഉലും ദിയോബന്ദ് ഉള്‍പ്പടെയുള്ളവര്‍ റുഷ്ദിയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന് അനുവദിച്ച വിസ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് ഇന്ത്യയിലെത്താന്‍ ഒരു വിസയുടെ ആവശ്യമില്ലെന്ന് റുഷ്ദി ട്വീറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ വംശജനായ റുഷ്ദി ഇന്ത്യയിലെത്തുന്നത് തടയാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഗെഹ്ലോട്ട് പറഞ്ഞു. അതേ സമയം ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു. വളരെ പ്രശസ്തമായ രീതിയില്‍ നടത്തപ്പെടുന്ന സാഹിത്യോത്സവം നശിപ്പിക്കുന്ന വിധത്തിലുള്ള പ്രവൃത്തി സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ 20 ന് എത്താനിരുന്ന റുഷ്ദി സന്ദര്‍ശനം മാറ്റിയതായി സംഘാടകര്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ജയ്പൂര്‍ സാഹിത്യോത്സവം വെബിസൈറ്റില്‍ പ്രാസംഗികരുടെ പട്ടികയില്‍ നിന്നും റുഷ്ദിയുടെ പേര് നീക്കം ചെയ്തിട്ടില്ല. 20,21,22 തിയതികളിലെ വ്യത്യസ്ത സെഷനുകളില്‍ ഇദ്ദേഹം സംസാരിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്.
1988 ല്‍ പുറത്തിറങ്ങിയ ദി സാത്താനിക് വേഴ്സസ് എന്ന ഗ്രന്ഥത്തിലെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് ഒരു വിഭാഗം ജനതക്ക് റുഷ്ദി അനഭിമതനായത്. ഈ പുസ്തകത്തിനെതിരെ ലോകവ്യാപകമായി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഈ നോവല്‍ ആദ്യം നിരോധിച്ച രാജ്യം ഇന്ത്യയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: