ഭൂതകാലത്ത് തിരിച്ചെത്തുക എന്നത് ആഹ്ലാദകരമായാണ് കരുതപ്പെടുന്നത്. “ഒരു വട്ടം കൂടി എന്നോര്മകള് മേയുന്ന തിരുമുറ്റത്തെത്തുവാന്‍” മോഹിക്കുന്നവരാണ് പലരും. വാര്‍ധക്യത്തിലേക്കെത്തുന്നവരുടെ ഒരു ദൗര്‍ബല്യംകൂടിയാണ് ഗൃഹാതുരത്വം. എന്റെ ഗ്രാമത്തെയും കുട്ടിക്കാലത്തെയും ഓര്‍ത്ത് ഞാന്‍ വിങ്ങുകയും ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യാറുണ്ട്. കയറിയ മെയിലാഞ്ചിമരത്തില്നിന്നും വലിച്ചിറക്കി വലിച്ചിഴച്ച് അടിച്ച ചേട്ടനെയും വായിക്കരുതെന്ന് പറഞ്ഞ് വിലക്കി ചേട്ടന് വാങ്ങിവച്ചിരുന്ന വെണ്മണി കൃതികള്‍ രണ്ടാംഭാഗം ഒളിച്ചിരുന്ന് വായിച്ചത് കണ്ടുപിടിച്ചപ്പോള്‍ ഇരുപത്തൊന്ന് ഏത്തം ഇടേണ്ടിവന്നതും എന്റെ ചുണ്ടില്‍ ഇപ്പോഴും മന്ദഹാസം വിരിയിക്കും. വലതുഭാഗം തളര്‍ന്ന അച്ഛന് ഇടതുകൈ കൊണ്ട് വാരിത്തന്ന ചോറിന്റെ സ്വാദും കള്ളം പറഞ്ഞതിന് കാപ്പിച്ചെടിയുടെ വടി ഒടിച്ച് അമ്മ തന്ന അടിയുടെ വേദനയും ഡെസ്ക്കിനടിയില്വെച്ച് പുസ്തകം വായിച്ചതിന് കൈവെള്ളയില്‍ ചൂരല്‍കൊണ്ട് സാറ് തന്ന അടിയും എല്ലാം എന്റെ ഗൃഹാതുരമായ ഓര്‍മകളാണ്. ദുഃഖകരമായ ഓര്മ ഒരു ദീര്‍ഘനിശ്വാസത്തില്‍ അലിയും.
പക്ഷെ ഇക്കഴിഞ്ഞ ഞായറാഴ്ച എനിക്ക് എന്റെ ഭൂതകാലത്തിന്റെ മറ്റൊരധ്യായം തുറക്കേണ്ടിവന്നത്എറണാകുളം ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡിലെ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ ചെന്നപ്പോഴാണ്. ഞായറാഴ്ച പാലിയേറ്റീവ് കേയര്‍ ഡേ ആയിരുന്നല്ലോ. വാര്‍ഡില്‍ക്കൂടി പാലിയേറ്റീവ് കീയറിന്റെ ഇന്‍-ചാര്‍ജായ ഡോ. മോഹനനോടൊപ്പം നടന്ന് കിമോതെറാപ്പി ഐസിയുവിന്റെ മുന്നിലെത്തി വാതില്‍ തുറന്നപ്പോള്‍ ഞാന്‍ കിടിലംകൊണ്ടു. ചാരമിട്ട് മൂടിയിരുന്ന ഓര്‍മയുടെ കനല് ജ്വലിച്ചപ്പോള്‍ എന്റെ കിമോതെറാപ്പി അനുഭവം പുനര്‍ജനിച്ചു. രാവിലെ ഏഴുമണിക്ക് കയറ്റുന്ന കിമോ ഇഞ്ചക്ഷന്റെ സൂചി മാറ്റുന്നത് പിറ്റേ ദിവസം ഏഴുമണിക്കായിരുന്നു. 12 മണി മുതല്‍ തുടങ്ങുന്ന ഛര്‍ദ്ദിയും അവശതയും എല്ലാം എന്നില്‍ വീണ്ടും ആവേശിച്ചപ്പോള്‍ ഞാന്‍ കുഴഞ്ഞു. പിന്നെയും ഛര്‍ദ്ദിക്കാന്‍ വരുന്നപോലെ, തല കറങ്ങുന്നപോലെ. വെപ്രാളംകൊണ്ട ഞാന്‍ ആ വാര്‍ഡിന്റെ ഉള്ളില്‍ കയറിയില്ല. ആ ഓര്‍മയുടെ മുറ്റത്ത് ഇനി ഒരിക്കലും കയറേണ്ടിവരല്ലേ എന്നാണല്ലൊ എന്റെ പ്രാര്‍ത്ഥന.
ക്യാന്‍സര്‍ കൗണ്‍സലിംഗ് നല്കാന് ഡോ. മോഹന്‍ നായരോടൊപ്പം ലക്ഷ്മി ഹോസ്പിറ്റലിലും കൃഷ്ണ നഴ്സിംഗ് ഹോമിലും ഞാന്‍ പോയിട്ടുണ്ട്. പല രോഗികളെയും വീടുകളിലും സന്ദര്‍ശിച്ചിട്ടുണ്ട്. ഇവരോടൊക്കെ എന്റെ അനുഭവം പങ്കുവെച്ച് ഭയപ്പെടരുത്, ആത്മവിശ്വാസത്തോടെ, ഇഛാശക്തിയോടെ രോഗത്തോട് യുദ്ധം ചെയ്ത് എന്നെപ്പോലെ തിരിച്ചുവരണമെന്നും മറ്റും പറയുന്ന ആളാണ് ഞാന്‍. പക്ഷെ ജനറല്‍ ഹോസ്പിറ്റലിലെ ക്യാന്‍സര്‍ വാര്‍ഡ് മറ്റൊരു കഥയാണ്.
ഇന്ത്യന്‍ എക്്സ്പ്രസിലുള്ളപ്പോള് ഞാന്‍ കണ്ട ജനറല്‍ ആശുപത്രിയല്ല ഇന്ന്. വിസ്തൃതിയേറിയ കെട്ടിടങ്ങള്‍, വൃത്തിയായ വാര്‍ഡുകള്‍, ധാരാളം നഴ്സുമാര്‍. അന്ന് പേപ്പട്ടി കടിച്ചാലോ വസൂരി ബാധിച്ചാലോ രോഗികളെ ഇട്ടിരുന്ന ഐസൊലേഷന്‍ വാര്‍ഡ് നവീകരിച്ച് ഇപ്പോള്‍ നിര്‍ധനരോഗികള്‍ക്ക് തണലേകുന്നു. കാന്സര്വാര്ഡിലും നിര്‍ധനരുടെ വാര്‍ഡിലും ഉള്ളവര്‍ ക്യാന്‍സര്‍ മാത്രം ബാധിച്ചവരല്ല, പക്ഷാഘാതം പിടിച്ച് ദേഹം തളര്‍ന്നവരും ഇവിടെ ഇടം കണ്ടെത്തുന്നു.
പാലിയേറ്റിവ് കേയര്‍ ഡേയുടെ ഭാഗമായി ഞാന്‍ ക്യാന്‍സര്‍ വാര്‍ഡില്‍ കയറി, കിടക്കയ്ക്കരികില്‍നിന്ന് എനിക്കും പണ്ട് ക്യാന്‍സര്‍ വന്നതാണ് എന്ന മുഖവുരയോടെ ആശ്വാസവാക്കുകള്‍ പറഞ്ഞു. പക്ഷെ അവിടെ കണ്ട കാഴ്ച, ആ കണ്ണുകളില്‍ കാണുന്ന ദൈന്യത, നിരാശ, വേദന കൊണ്ട് പുളയുന്ന രോഗികള്‍, രക്തം ഛര്‍ദ്ദിക്കുവാന്‍ പാത്രം ചേര്‍ത്തുപിടിച്ച് ചെരിഞ്ഞു കിടക്കുന്ന രോഗി- കാഴ്ചകള്‍ നീണ്ടു. എന്റെ ഹൃദയമിടിപ്പിന് ശക്തിയേറി. എന്റെ കാലുകള്‍ക്ക് ബലക്ഷയം അനുഭവപ്പെട്ടു. ഈശ്വരാ, ഞാനും ഇതുപോലെ കയ്യില്‍ സൂചി കയറ്റി, കിമോകുപ്പി തൂക്കിയ സ്റ്റാന്റിന്റെ അരികില്‍ ഛര്‍ദ്ദിക്കാന്‍ പാത്രം ചേര്‍ത്തുപിടിച്ച് എത്രനാള്‍ കിടന്നിരിക്കുന്നു! എന്നെ ആശ്വസിപ്പിക്കാന്‍ എന്റെ ഭര്‍തൃസഹോദരി മാത്രം. ആഴ്ചയിലൊരിക്കല്‍ ഒരു അച്ചന് വന്ന് എന്റെ നെറ്റിയില്‍ കുരിശ് വരച്ച് പ്രാര്‍ത്ഥിക്കും. അത് എന്നെ മരണത്തോടടുപ്പിക്കുന്നപോലെ തോന്നിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് എന്റെ രോഗം മാറി, ഇനി പ്രാര്‍ത്ഥിക്കേണ്ട എന്ന് കള്ളം പറഞ്ഞു.
പക്ഷെ ഈ വാര്‍ഡുകളില്‍ ഉള്ളവര്‍ നിര്‍ധനരാണ്, നിരാലംബരാണ്. ഒരു ക്യാന്‍സര്‍ ബാധിതനെ ചൂണ്ടിക്കാട്ടി ഡോ. മോഹന്‍ പറഞ്ഞു, “അയാള്‍ ഇവിടെ വന്ന് എന്റെ മുമ്പില്‍ രണ്ടു കയ്യും മലര്‍ത്തി കാണിച്ച് എന്റെ കയ്യില്‍ ഇതേയുള്ളൂ. എനിക്ക് ചികിത്സ വേണം എന്നപേക്ഷിച്ചു. അയാളുടെ ഭാര്യ മനോരോഗിയാണ്. മകന് ആക്സിഡന്റില്‍ മരിച്ചു. മകളുടെ ഭര്‍ത്താവ് മദ്യപാനിയും. ഇപ്പോള്‍ ഞാന്‍ അയാള്‍ക്ക് ഒരു സ്പോണ്‍സറെ കണ്ടെത്തിയതിനാല്‍ ചികിത്സ മുടങ്ങാതെ പോകുന്നു.” അയാള്‍ കിടക്കയില്‍ നിശ്ചലനായി ശൂന്യതയിലേക്ക് നോക്കി കിടന്നിരുന്നു.
എനിക്ക് ക്യാന്‍സര്‍ ബാധിച്ച കാലഘട്ടത്തില്‍ പാലിയേറ്റീവ് കീയര്‍ സങ്കല്‍പ്പം ഇല്ലായിരുന്നു. ഇത് ആദ്യം തുടങ്ങിയത് കോഴിക്കോട്ടാണ്. അന്ന് ഹിന്ദു ദിനപത്രത്തിലുണ്ടായിരുന്ന വെങ്കടേഷ് തന്റെ ഭാര്യ ചിത്ര കോഴിക്കോട്ട് പാലിയേറ്റീവ് കീയര്‍ യൂണിറ്റ് മറ്റ് രണ്ട് ഡോക്ടര്‍മാരും കൂടി ചേര്‍ന്ന് നടത്തുന്ന വിവരം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അത് ‘ഔട്ടുലുക്ക്’ വാരികക്കുവേണ്ടി എഴുതിയിരുന്നു. ഈ രീതി പിന്നീട് മലപ്പുറം മേഖലയിലേക്കും വ്യാപിച്ചപ്പോള്‍ വടക്കന്‍ കേരളം ക്യാന്‍സര്‍ രോഗികളോട് ആര്‍ദ്ര സമീപനം സ്വീകരിക്കുന്നത് വാര്‍ത്തയാകുകയും പിന്നീട് അത് മറ്റ് ജില്ലകളിലേക്കുകൂടി വ്യാപിക്കുകയുംചെയ്തു.
പാലിയേറ്റീവ് കീയര്‍ എന്നാല്‍ ആശ്വാസവചനം മാത്രമല്ല. ജനറല്‍ ഹോസ്പിറ്റലില്‍ ഡോ. മോഹനനും ഡോ. മാത്യൂസും നയിക്കുന്ന, ഗിന വര്‍ഗീസ് കോ ഓര്‍ഡിനേറ്റ് ചെയ്യുന്ന യൂണിറ്റ് ഒരു ഫിസിഷ്യനും മൂന്ന് സ്റ്റാഫ് നഴ്സുമാരും രണ്ട് ആക്സിലറി നഴ്സുമാരും കുറെ വോളന്റിയര്‍മാരും അടങ്ങുന്നതാണ്. വോളന്റിയര്‍മാര്‍ക്ക് പാലിയേറ്റീവ് കീയര്‍ പരീശീലനം നല്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നു. ഇവര്‍ രണ്ട് ടീമുകളായി ആഴ്ചയില്‍ അഞ്ച് ദിവസവും ഭവനസന്ദര്‍ശനം നടത്തി രോഗികളെ പരിശോധിച്ച് മുറിവ് ഡ്രസ് ചെയ്ത്, മൂത്രം പോകാന്‍ ട്യൂബ് ഇട്ടിട്ടുണ്ടെങ്കില്‍ അത് മാറ്റിയിട്ട്, കിടന്ന് പുറംഭാഗത്ത് പുണ്ണ് വന്നിട്ടുണ്ടെങ്കില്‍ വൃത്തിയാക്കി മരുന്ന് പുരട്ടി ആശ്വാസവചനങ്ങള്‍ നല്കി മടങ്ങുന്നു. ഡോക്ടറെ കാണാന്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് അക്ഷമയോടെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പകരം ഇവര്‍ വീട്ടില്‍ ചെന്ന് രോഗിയോടും കുടുംബാംഗങ്ങളോടും ഇടപഴകി ആശ്വാസം നല്കുന്നു.
ഈ യൂണിറ്റില്‍ 1476 രോഗികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഒരു മാസം മുന്നൂറിനും നാനൂറിനുമിടയില്‍ രോഗികളെ ഇവര്‍ വീട്ടില്‍ സന്ദര്‍ശിക്കുന്നു. വാര്‍ഡുകളിലും ഇതേ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ ആഴ്ചയിലൊരിക്കലും മാസത്തിലൊരിക്കലും റിവ്യൂവും നടക്കുന്നുണ്ട്. ഈ വാര്‍ഡുകളിലും വീടുകളിലും പുനരധിവാസത്തിന്റെ ഭാഗമായി സോപ്പ്, സോപ്പുപൊടി, കുട ഉണ്ടാക്കല്‍ മുതലായവ പരിശീലിപ്പിച്ച് രോഗത്തില്‍നിന്നും ശ്രദ്ധ തിരിക്കുന്നുമുണ്ട്.
ഇത് നഗരങ്ങളില്‍ ഒതുങ്ങുന്നില്ല. പാലിയേറ്റീവ് കീയര്‍ യൂണിറ്റ് ഗ്രാമങ്ങളിലും പിഎച്ച് സെന്ററുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു എന്നത് ആശ്വാസകരമാണ്. ഇന്ന് ജീവിതശൈലീ രോഗമായി മാറിയ ക്യാന്‍സര്‍ ഗ്രാമങ്ങളിലും വ്യാപകമാണ്. ഗൃഹകേന്ദ്രീകൃത പരിചരണത്തിലൂടെ രോഗികള്‍ക്ക് യാത്രാച്ചെലവും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന് പുറമെ അത്യാവശ്യ കാര്യങ്ങള്‍ വീട്ടുകാരെ പഠിപ്പിക്കുന്നു. കമ്മോഡ്, വീല്‍ചെയര്‍, വാക്കര്‍ കാലിപ്പര്‍ മുതലായവ ലഭ്യമാക്കാനും ഈ പാലിയേറ്റീവ് കീയര്‍ യൂണിറ്റുകള്‍ ശ്രമിക്കുന്നു. രോഗം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ബുദ്ധിമുട്ടുകള്‍ കുറച്ച്, ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ ഇത് സഹായകരമാണ്. ആശുപത്രി അന്തരീക്ഷത്തില്‍നിന്ന് മാറി കുടുംബത്തില്‍ കിട്ടുന്ന ശുശ്രൂഷയും ആശ്വാസംതന്നെയാണല്ലോ. പാലിയേറ്റീവ് കീയര്‍ ടീം സന്ദര്‍ശനം അയല്പക്കത്തെയും പ്രബുദ്ധരാക്കുന്നു. ഒപി ക്ലിനിക്കിലും പാലിയേറ്റീവ് കീയര്‍ നല്‍കുന്നുണ്ട്.
ക്യാന്‍സര്‍ വാര്‍ഡ് സന്ദര്‍ശിക്കുമ്പോള്‍ ദൈവത്തിന് മുന്നില്‍ നില്ക്കുന്ന പ്രതീതിയാണെനിക്കുണ്ടായത്. ഞാന്‍ കണ്ട ഒരു രോഗിണി അരയ്ക്ക് താഴെ തളര്‍ന്നവരാണ്. ഭര്‍ത്താവിന്റെ രണ്ടാമത്തെ ഭാര്യയാണ് അവരെ ആശുപത്രിയില്‍ കൊണ്ടുവന്നത്. “ഒരു ദിവസം അവര്‍ എന്നോട് ഉറക്കഗുളികകള്‍ വേണം എന്ന് പറഞ്ഞു. എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ എനിക്ക് മടുത്തു. ഇങ്ങനെ ബാധ്യതയായി എന്തിന് ജീവിക്കണം. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിക്കാന്‍ ധൈര്യമില്ല. ഈ ജീവിതം അങ്ങ് തീര്‍ത്താല്‍ മതി എന്ന ഒറ്റ വിചാരമേയുള്ളൂ” എന്ന് അവര്‍ ഡോ. മോഹനനോട് പറഞ്ഞുവത്രേ. ആത്മഹത്യാ മുനമ്പില്‍നിന്നും അവര്‍ സ്വന്തം കണ്ണുകള്‍ ദാനം ചെയ്തിരിക്കുന്നു എന്നെഴുതി നല്‍കിക്കഴിഞ്ഞു. ക്യാന്‍സര്‍ രോഗികളുടെ വൃക്കകള്‍ അവയവദാനത്തിനുതകുന്നതല്ല.
മറ്റൊരു വൃദ്ധന്റെ രണ്ടാം ഭാര്യ അയാള്‍ ക്യാന്‍സര്‍ ബാധിതനായെന്നറിഞ്ഞപ്പോള് ഉപേക്ഷിച്ചുപോയി. ഇപ്പോള്‍ അയാളെ നോക്കുന്നത് ആദ്യത്തെ ഭാര്യ! ഞാന്‍ കണ്ട മറ്റൊരു സ്ത്രീ മറ്റൊരു ജാതിക്കാരനെ പ്രേമിച്ച് വീട്ടുകാരെ ഉപേക്ഷിച്ച് വിവാഹിതയായവളാണ്. ഒരു മുപ്പത് വയസിന് മുകളില്‍ പ്രായമുള്ള അവര്‍ക്ക് രണ്ട് കുട്ടികളുമായി. അപ്പോഴാണ് സ്തനാര്‍ബുദം പിടിപെട്ടത്്. അതുകേട്ട ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. വീട്ടുകാര്‍ സ്വീകരിക്കാത്ത ഇവര്‍ക്കും അത്താണി ഈ പാലിയേറ്റീവ് കീയര്‍ വാര്‍ഡ്!
ഈ രോഗികളുടെ പരിചരണത്തിനും മരുന്നിനും എന്തുചെയ്യും എന്ന ചോദ്യത്തിന് വന്ന മറുപടി ദയാമനസ്ക്കരായവരുടെ ‘ഡൊണേഷന്‍’ എന്നായിരുന്നു. ഇത്രയധികം രോഗികള്‍ക്ക് പരിചരണവും സൗജന്യമരുന്നും ലഭ്യമാക്കാന്‍ സ്വാര്‍ത്ഥരും ക്രൂരരും എന്ന് ഞാന്‍ കരുതുന്ന മലയാളിസമൂഹത്തില്‍ ആളുകള്‍ ഉണ്ട് എന്നത് എനിക്ക് ഒരു തിരിച്ചറിവായിരുന്നു. അതേപോലെ ലോകത്തിലെ ഏറ്റവും ദയാരഹിതരായ സമൂഹം ഡോക്ടര്‍മാരാണെന്ന എന്റെ ധാരണ തിരുത്തിക്കുറിച്ചത് അപവാദങ്ങള്‍ നിയമത്തെ ശരിവെക്കുന്നു എന്ന തത്വചിന്തയില്ക്കൂടിയാണെന്ന് മാത്രം.
ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡിലും നിര്‍ധനരുടെ വാര്‍ഡിലും ഞാന്‍ കണ്ട ദൃശ്യങ്ങള്‍ എന്നെ പഠിപ്പിച്ചത് ദൈവം ജന്മം തന്നത് ഇങ്ങനെ നിരാലംബരും അശരണരും തീരാവ്യാധിക്കാരുമായവരെ സഹായിക്കാനാണ് എന്നാണ്. തന്നാലായത് ചെയ്യുന്നതും പുണ്യംതന്നെയല്ലേ? അതുകൊണ്ട് ഞാന്‍ ഇനി മേലില്‍ സാരികള്‍ വാങ്ങില്ലെന്നും ആ പണം പാലിയേറ്റീവ് കീയര്‍ യൂണിറ്റിന് നല്‍കാനും തീരുമാനിച്ചു. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്നാണല്ലോ. ഞാന്‍ ഇതെഴുതിയത് എന്റെ നന്മ ഉല്ഘോഷിക്കാനല്ല, മറിച്ച് ഇത് വായിച്ച് ആര്‍ക്കെങ്കിലും എന്നെ അനുകരിക്കാന്‍ പ്രചോദനം കിട്ടിയാല്‍ ഒരു ക്യാന്സര്രോഗിക്കെങ്കിലും അല്പം ആശ്വാസം ലഭിക്കുമല്ലോ എന്ന മോഹത്തിലാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: