പാലാ : ഉപനിഷദ് സന്ദേശത്തിണ്റ്റെ പ്രചാരകനായി ഇരുപതാം വര്‍ഷവും സ്വാമി സ്വപ്രഭാനന്ദജി മഹരാജ് മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമവേദിയെ ധന്യമാക്കി. സംഗമത്തിണ്റ്റെ തുടക്കം മുതല്‍ ആരംഭിച്ച ഉപനിഷദ് പഠനക്ളാസ് ഇരുപതാം വര്‍ഷവും മുടങ്ങാത്ത യജ്ഞമായി അദ്ദേഹം തുടരുകയാണ്. സംഗമത്തിണ്റ്റെ മുഴുവന്‍ ദിവസങ്ങളിലും അദ്ധ്യാപകനായും പ്രാസംഗികനായും ശ്രോതാവായും സ്വാമികളുടെ സജീവസാന്നിദ്ധ്യമുണ്ടാകും. അറിവിണ്റ്റെ അക്ഷയ ഖനിയും അമൃതധാരയുമായ ഉപനിഷത്തുക്കള്‍ ഗഹനവും അപ്രാപ്യവുമെന്നു കരുതി മുഖം തിരിഞ്ഞു നിന്നവരെ വിളിച്ചിരുത്തി അതിലെ തത്വങ്ങളെ കഥകളിലൂടെ സരളവും സരസവുമായി അദ്ദേഹം വിശദീകരിച്ചു. പ്രായഭേദമന്യേ ജിജ്ഞാസയോടെ ഓരോ തത്വങ്ങളും സ്വായത്തമാക്കി. ആത്മ ചൈതന്യത്തെ തേടിയുള്ള യാത്രയില്‍ ഞാനാരെന്ന സത്യം, ജീവന്മാര്, മനുഷ്യര്‍, ഈശ്വരന് ഇവ തമ്മിലുള്ള ബന്ധം ഇവ ഉപനിഷദ് പാഠങ്ങളിലൂടെ സ്വാമിജി വെളിപ്പെടുത്തുകയാണ്. ഈശാവാസ്യോപനിഷദ്, കഠോപനിഷദ്, പ്രശ്നോപനിഷദ് എന്നിങ്ങനെ ഓരോ വര്‍ഷവും ഓരോ ഉപനിഷത്തിനെക്കുറിച്ചാണ് ക്ളാസ്. ഈ വര്‍ഷം മുണ്ഡകോപനിഷത്തായിരുന്നു. രാവിലെ ൭മുതല് ൮.൩൦വരെയാണ് ക്ളാസ്. ഒരാഴ്ചത്തെ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. അരുണാപുരം ശ്രീരാമകൃഷ്ണമഠാധിപതിയായിരുന്നപ്പോള് ൧൯൯൩ല് സ്വാമിജിയുടെ കൂടി നേതൃത്വത്തിലാണ് ഹിന്ദുമഹാസംഗമത്തിന് തുടക്കമിട്ടത്. അന്നുമുതല്‍ ഇപ്പോഴും സ്വാമിജി തന്നെയാണ് രക്ഷാധികാരിയും. ഇപ്പോള്‍ കോഴിക്കോട് കൊയിലാണ്ടി ശ്രീരാമകൃഷ്ണമഠാധിപതിയാണെങ്കിലും ഹിന്ദുസംഗമം നടക്കുന്ന ഏഴു ദിവസവും സ്വാമിജി പാലായില്സംഗമവേദിയെ അനുഗ്രഹിക്കാനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: