കൊളംബൊ: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയുമായി കൂടിക്കാഴ്ച നടത്തി. പതിറ്റാണ്ടുകളായി ശ്രീലങ്കയിലെ തമിഴ് വംശജര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണണമെന്ന് കൃഷ്ണ രജപക്സയോട് ആവശ്യപ്പെട്ടു.
തമിഴരുടെ പുനരധിവാസം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2009ല്‍ എല്‍.ടി.ടി.ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന് സൈനിക നടപടിയില്‍ കൊല്ലപ്പെടുന്നതു വരെ തമിഴ് വംശജര്‍ കഷ്ടത അനുഭവിച്ചിരുന്നു. എന്നാല്‍ യുദ്ധം അവസാനിച്ച് മൂന്ന് കൊല്ലം പിന്നിടുമ്പോഴും തമിഴരെ പുനരധിവസിപ്പിക്കുന്ന കാര്യം എങ്ങുമെത്തിയിട്ടില്ല. പ്രശ്ന പരിഹാരം നീണ്ടു പോകുന്നതില്‍ ഇന്ത്യയ്ക്കുള്ള ഉത്കണ്ഠയും കൃഷ്ണ രാജപക്സെയെ അറിയിച്ചു.
ലങ്കയിലെ വടക്ക്, കിഴക്കന്‍ മേഖലകളിലെ വംശീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. രാവിലെ ടെമ്പിള്‍ ട്രീസില്‍ പ്രാര്‍ഥിക്കാനെത്തിയ ഇരുവരും 90 മിനിറ്റോളം സംസാരിച്ചു. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്ന കാര്യവും ചര്‍ച്ചാ വിഷയമായി.
ലങ്കന്‍ പ്രധാനമന്ത്രി ജയരത്നെയുമായും കൃഷ്ണ ചര്‍ച്ച നടത്തി. അടുത്ത ദിവസം വിദേശകാര്യമന്ത്രി ജി.എല്‍. പെരിസുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇന്നലെയാണ് എസ്.എം.കൃഷ്ണ നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: