കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇനി മൂന്നുനാള്‍ കൂടി മാത്രം. ദേവിയുടെ ദര്‍ശനപുണ്യം ലഭിക്കാന്‍ നിലയ്ക്കാത്ത പ്രവാഹമാണിപ്പോഴും.
ശ്രീപാര്‍വ്വതീദേവിയുടെ നടയില്‍ ഭക്തജനങ്ങള്‍ സമര്‍പ്പിച്ച പട്ട്സാരികള്‍ ലേലം ചെയ്ത് സ്വന്തമാക്കുവാന്‍ വലിയ തിരക്കാണനുഭവപ്പെട്ടത്. വിവിധ വര്‍ണ്ണങ്ങളിലുള്ള പട്ട് സാരികളും സെറ്റ് സാരികളുമാണ് ദേവിക്കായി ഭക്തര്‍ സമര്‍പ്പിക്കുന്നത്. അഭീഷ്ടവരസിദ്ധിക്കും മംഗല്യസൗഭാഗ്യത്തിനുമായിട്ടാണ് ദേവിയുടെ നടയില്‍ ഭക്തജനങ്ങള്‍ ഉടയാടകളും മറ്റും സമര്‍പ്പിക്കുന്നത്. ഇങ്ങനെ സമര്‍പ്പിക്കപ്പെട്ട നൂറുകണക്കിന് പട്ട്സാരികളും സെറ്റ് സാരികളുമാണ് ക്ഷേത്രട്രസ്റ്റ് ലേലം ചെയ്യുന്നത്. തിരുവാതിര കല്യാണമണ്ഡപത്തില്‍ നടന്ന ലേലത്തില്‍ വീറും വാശിയോടെയുമാണ് ഭക്തര്‍ പങ്കെടുത്ത് ഇവ സ്വന്തമാക്കിയത്. ചെറിയ തുക മുതല്‍ ആയിരം, 1500 തുടങ്ങി വ്യത്യസ്ത തുകകളിലാണ് സാരികള്‍ വിളിച്ചെടുക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും സാരി ലേലം തുടരും.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണദാസ്, ഗായകന് മധു ബാലകൃഷ്ണന്, ശബരിമല മുന്‍ മേല്‍ശാന്തി ആത്രശ്ശേരി രാമന് നമ്പൂതിരിപ്പാട്, കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ മോഹന്‍ലാല്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഹേമചന്ദ്രന് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ദര്‍ശനം നടത്തി.
കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നും തിരുവൈരാണിക്കുളത്തേക്ക് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പോലീസും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: