കാലടി: ഭക്തജനങ്ങളുടെ ഗംഗാപ്രവാഹത്തില്‍ തിരുവൈരാണിക്കുളം ദേവീഭക്തിയുടെ കൈലാസമായി മാറി. അവധി ദിനമായിരുന്ന ഇന്നലെ അണമുറിയാത്ത ഭക്തജനപ്രവാഹത്തില്‍ തിരുവൈരാണിക്കുളം നിറഞ്ഞൊഴുകി.
തിരുവൈരാണിക്കുളത്തേക്കുള്ള വീഥികളെല്ലാം ഭക്തജനങ്ങളെക്കൊണ്ട് വീര്‍പ്പുമുട്ടി. എല്ലാവരുടെയും ചുണ്ടുകളില്‍ ദേവീമന്ത്രങ്ങള്‍ നിറഞ്ഞു. ശ്രീപാര്‍വതീദേവിയുടെയും ദര്‍ശനപുണ്യ സായുജ്യത്തിനായി കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിച്ച് മണിക്കൂറുകളോളം ക്ഷമയോടെ കാത്തുനിന്നു. ഭക്തജനങ്ങളുടെ ക്യൂ അഞ്ച് ഗ്രൗണ്ടുകളും നിറഞ്ഞ് കിലോമീറ്ററോളം നീണ്ടു. എട്ട് മണിക്കൂറോളമാണ് ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ടിവന്നത്. രാപ്പകല്ഭേദമില്ലാത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്. വെളുപ്പിന് മൂന്നരക്ക് നട തുറക്കുമ്പോള്‍തന്നെ ദേവീ ദര്ശത്തിനായുള്ള ക്യൂ രാത്രി ഒരു മണിയോടെ ഗ്രൗണ്ടില്‍ നിറഞ്ഞിരുന്നു. ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക് മൂലം ഉച്ചക്ക് നട അടച്ചശേഷം ഉടനെ തുറക്കുകയായിരുന്നു. ക്യൂവില്‍ നില്ക്കുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ദര്‍ശനം ലഭിച്ചശേഷം രാത്രി ഏറെ വൈകിയാണ് നട അടക്കുവാനായത്.
വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള് മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വതീദേവിയുടെ നട തുറക്കുകയുള്ളൂവെന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഈ വേളയില്‍ ദേവിയെയും മഹാദേവനെയും ദര്‍ശനം നടത്തിയാല്‍ മംഗല്യസൗഭാഗ്യവും ദീര്‍ഘമാംഗല്യവും അഭീഷ്ടവരസിദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.
മംഗല്യസൗഭാഗ്യത്തിനായി പട്ടും താലിയും ദീര്‍ഘമാംഗല്യത്തിനായി ഇണപ്പുടവയും സമര്‍പ്പിക്കുന്നതിനും വന്‍ തിരക്കാണനുഭവപ്പെടുന്നത്. ദേവീനടയ്ക്കല്‍ മഞ്ഞള്‍ പറ നിറയ്ക്കുവാനും മഹാദേവന്റെ നടയില്‍ എള്ളുപറ നിറക്കുവാനും നീണ്ട ക്യൂ ദൃശ്യമായിരുന്നു. ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്നദാനം ഭക്തജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. കുടിവെള്ള വിതരണത്തിനും മറ്റ് സൗകര്യങ്ങളും ഭക്തജനങ്ങള്‍ക്കായി ഒരുക്കുന്നതിന് വാളന്റിയര്‍മാര്‍ അഹോരാത്രം നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണ്. രാവിലെ 4.30 മുതല്‍ ഉച്ചക്ക് 1.30 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 8.30 വരെയുമാണ് ദര്‍ശനസമയം. സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര്‍, ഐജി ഗോപിനാഥ് എന്നിവര്‍ ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: