പാക്കിസ്ഥാനില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഉറപ്പിക്കാം. അത് ദുരന്തമായാണോ പ്രഹസനമായാണോ അരങ്ങേറുന്നതെന്ന കാര്യത്തില്‍ മാത്രമേ അവ്യക്തതയുള്ളൂ. ഒരു സൈനിക അട്ടിമറിയുണ്ടായാല്‍ താന്‍ അവര്ക്കൊപ്പമായിരിക്കുമെന്ന മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പ്രസ്താവനയോടെ ആപല്‍ക്കരമായ ചിലത് പാക്കിസ്ഥാന്റെ ഭരണരംഗത്ത് സംഭവിക്കാന്‍ പോവുകയാണെന്ന് നയതന്ത്ര വൃത്തങ്ങള്‍ ഉറപ്പിക്കുകയാണ്. പാക്കിസ്ഥാനില്‍ ഇപ്പോള്‍ ഒരു സൈനിക അട്ടിമറി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായാല്‍ സൈന്യത്തിനൊപ്പം നില്‍ക്കുമെന്നുമാണ് ഒരു ഇന്ത്യന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ മുഷറഫ് ആഗ്രഹം പ്രകടിപ്പിച്ചത്. അധികാരം പിടിച്ചെടുക്കാന്‍ സൈന്യത്തിന് ഉദ്ദേശ്യമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ഇപ്പോഴത്തെ അന്തരീക്ഷം ഒരു സൈനിക അട്ടിമറിക്ക് ചേര്‍ന്നതല്ലെന്നും മുഷറഫ് പറയുന്നുണ്ടെങ്കിലും മുന്‍ സൈനിക ഭരണാധികാരിയുടെ മനസ്സ് വായിക്കാന്‍ പ്രയാസമില്ല. നവാസ് ഷെരീഫ് ഭരണകൂടത്തെ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുഷറഫിന്റെ ഭരണകാലം പാക്കിസ്ഥാന്റെ ഇരുണ്ട നാളുകളില്പ്പെടുന്നു.
ആസിഫ് അലി സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാന്‍ സൈന്യം കരുക്കള്‍ നീക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. സൈനിക അട്ടിമറിയുണ്ടായാല്‍ സഹായം തേടി പ്രസിഡന്റ് സര്‍ദാരി യുഎസ് ഭരണകൂടത്തിന് കത്തെഴുതി എന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് രംഗം കലുഷമാവാന്‍ തുടങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി സത്യസന്ധനും വാക്ക് പാലിക്കുന്നവനും അല്ലെന്ന് പാക്കിസ്ഥാന് സുപ്രീംകോടതി പ്രഖ്യാപിച്ചു. പ്രസിഡന്റ് സര്‍ദാരിക്കെതിരായ കേസ് പുനരന്വേഷിക്കാമെന്ന ഉറപ്പ് പാലിക്കാതിരുന്നതാണ് കാരണം. സുപ്രീംകോടതിയുടെ വിമര്‍ശനത്തില്‍ പ്രകോപിതനായ ഗിലാനി പ്രതിരോധ സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഒട്ടും താമസിക്കാതെ ഗിലാനിക്കെതിരെ സൈന്യത്തിന്റെ മുന്നറിയിപ്പും ഉണ്ടായി. കരസേനാ മേധാവി അഷ്ഫാക് കയാനി സൈനിക കമാന്റര്‍മാരുമായി കൂടിക്കാഴ്ച നടത്തി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈനിക അട്ടിമറിയെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രസ്താവന മുഷറഫ് നടത്തിയിരിക്കുന്നത്.
താന്‍ ഒരു സൈനികനായിരുന്നുവെന്നും സൈന്യത്തിന് എതിരാവുന്നതിനെക്കുറിച്ച് തനിക്ക് സങ്കല്പ്പിക്കാന് പോലുമാവില്ലെന്നും സൈന്യത്തിനൊപ്പമാണ്, ഇനിയും അങ്ങനെ നിലകൊള്ളുമെന്നുമൊക്കെയുള്ള മുഷറഫിന്റെ വാക്കുകള്‍ സൈന്യത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യംവെച്ചുള്ളതാണെന്ന് വ്യക്തം. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രിക്-ഇ-ഇന്‍സാഫുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചൊക്കെ വാചാലനാകുന്നുണ്ടെങ്കിലും മുഷറഫിന്റെ ഏകാധിപത്യമോഹത്തിന് അതൊക്കെ ഒരു മറയാണ്. ദ്വികക്ഷി സംവിധാനം പരാജയമാണ്, പാക്കിസ്ഥാന് നേട്ടമുണ്ടാകുന്ന മൂന്നാമതൊരു സംവിധാനം സാധ്യമാകുന്ന രാഷ്ട്രീയ സഖ്യം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നെല്ലാമുള്ള മുഷറഫിന്റെ പ്രഖ്യാപനങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ പാക്കിസ്ഥാനിലെ ജനങ്ങളെപ്പോലും കിട്ടില്ല. ഈ മാസാവസാനം പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന മുഷറഫ് സര്‍ദാരി ഭരണത്തെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുന്ന സൈന്യത്തിന് പച്ചക്കൊടി കാണിക്കുകയാണ്. അധികാരം നഷ്ടമായതിനെത്തുടര്‍ന്ന് രാജ്യം വിട്ട മുഷറഫ് ഇപ്പോള്‍ ദുബായിയില്‍ കഴിയുകയാണ്. പാക്കിസ്ഥാനിലേക്ക് മടങ്ങിവരുമെന്ന് പലപ്പോഴും പ്രഖ്യാപിച്ചിരുന്നെങ്കിലും അനുകൂലമായ അന്തരീക്ഷം ഉരുത്തിരിയാത്തതിനാല്‍ അതുണ്ടായില്ല. സര്‍ദാരി ഭരണകൂടത്തെ പുറന്തള്ളാന്‍ സൈന്യം ഒരുങ്ങിയതോടെയാണ് മുഷറഫിന്റെ അവസരം വന്നുചേര്‍ന്നിരിക്കുന്നത്.
സ്വന്തം ഭാര്യയുടെ ചിതയില്‍ അധികാരത്തിന്റെ അപ്പം ചുട്ടെടുത്തയാളാണ് ആസിഫ് അലി സര്‍ദാരി. രാജ്യം ഭരിക്കാനുള്ള അദ്ദേഹത്തിന്റെ ഒരേയൊരു യോഗ്യത ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവായിരുന്നു എന്നതാണ്. ബേനസീറിന്റെ ഭരണകാലത്ത് അഴിമതിക്കാരനെന്ന് പേരെടുത്ത സര്‍ദാരി ഭരണാധികാരം പിടിച്ചെടുത്തതും മറ്റൊന്നിനല്ല. പാക്കിസ്ഥാനിലെ സ്ഥിതിഗതികള്‍ വെച്ചുനോക്കുമ്പോള്‍ ഏറ്റവും ദുര്‍ബലനായ ഭരണാധികാരിയാണ് അദ്ദേഹം. സ്വന്തം സര്‍ക്കാരിലെതന്നെ മന്ത്രിമാരെ പേടിച്ചാണ് അദ്ദേഹത്തിന്റെ നില്‍പ്പ്. ഇതിന് പുറമെയാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. സൈന്യവും സര്‍ക്കാരും തമ്മിലുള്ള പോര് മൂത്തതോടെ ദുബായിയിലേക്ക് പറന്ന സര്‍ദാരി രാജ്യത്തുനിന്ന് പലായനം ചെയ്തിരിക്കുകയാണെന്ന് വാര്‍ത്ത പരക്കുകയുണ്ടായി. എന്നാല്‍ സര്‍ദാരി സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടില്‍ തിരിച്ചെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സര്‍ദാരി ദുബായിയിലേക്ക് പോയത്. അവിടെ സ്വന്തം വസതിയുള്ള സര്‍ദാരി ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് പോയതെന്നും ചില കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സര്‍ദാരി ദുബായിയിലേക്ക് പോയതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്.
തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വിശ്വാസവോട്ട് തേടേണ്ടതില്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി പ്രഖ്യാപിച്ചത് ആശയക്കുഴപ്പം വര്‍ധിപ്പിക്കാനാണ് ഇടയാക്കിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരായതുകൊണ്ട് തന്നെ വിശ്വാസവോട്ട് തേടേണ്ട ആവശ്യമില്ലെന്നും എന്നാല്‍ പ്രതിപക്ഷ സഹായം ആവശ്യമില്ലെന്നും ഗിലാനി പറഞ്ഞു. ഭരണതലത്തില്‍ സ്ഥിതിഗതികള്‍ പന്തിയല്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ സര്ദാരിയാണോ ഗിലാനിയാണോ രാജ്യം ഭരിക്കുന്നതെന്ന സംശയം ഉയര്‍ത്തിയിരിക്കുകയാണ്. സൈന്യവുമായോ ജുഡീഷ്യറിയുമായോ ഒരു ഏറ്റുമുട്ടലിന് സര്‍ക്കാരിന് താല്പര്യമില്ലെന്നും പ്രസിഡന്റിന്റെയോ പ്രധാനമന്ത്രിയുടെയോ കാലാവധി കുറക്കുന്നതിന് ഭരണഘടനാ ഭേദഗതി സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യാറാണെന്നും ഗിലാനി പറയുന്നതും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. പാക്കിസ്ഥാനില്‍ ഇനിയൊരു സൈനികഭരണമുണ്ടായാല് അത് ഏറ്റവും പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത് ഇന്ത്യയെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: