ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 403 സീറ്റുകളിലേക്കുള്ള ബി.എസ്.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തന്റെ അമ്പത്തിയാറാം ജന്മദിനത്തില് മുഖ്യമന്ത്രി മായാവതിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ജന്മദിനാഘോഷങ്ങള് ഒന്നും തന്നെ പാര്‍ട്ടി സംഘടിപ്പിച്ചിട്ടില്ലെന്ന് മായാവതി പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ പിറന്നാള്‍ ആഘോഷിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിട്ടുകൊണ്ട് മായാവതി പറഞ്ഞു. സ്ഥാനാര്‍ത്ഥികളില്‍ 88 പേര് പട്ടികജാതി വിഭാഗത്തില്‍ നിന്നും 113 പേര് ഒ.ബി.സി വിഭാഗത്തില്‍ നിന്നുമുള്ളവരാണ്. മുസ്ലീങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളില്‍ നിന്നും 85 പേരും ബ്രാഹ്മണ സമുദായം ഉള്‍പ്പെടുന്ന ഉയര്‍ന്ന സമുദായത്തില്‍ നിന്ന് 74 സ്ഥാനാര്‍ത്ഥികളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഫെബ്രുവരി നാലിന് ആരംഭിച്ച് 28ന് അവസാനിക്കുന്ന തരത്തില്‍ അഞ്ചു ഘട്ടങ്ങളായാണ് യു.പിയില്‍ വോട്ടെടുപ്പ്. ഉത്തര്‍പ്രദേശില്‍ തന്റെയും ബി.എസ്.പി ചിഹ്നവുമായ ആനകളുടെയും പ്രതിമകള്‍ മൂടിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏകപക്ഷീയമാണെന്ന് മായാവതി ആരോപിച്ചു.
ബി.എസ്.പിയുടെ ചിഹ്നമായല്ല ആനകളുടെ പ്രതിമകള്‍ സ്ഥാപിച്ചതെന്നും മറിച്ച് ദളിതരുടെ കാണപ്പെട്ട ദൈവമായ കാന്‍ഷി റാമിന്റെ ആഗ്രഹപ്രകാരമായിരുന്നെന്നും മായാവതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: