പെരുമ്പാവൂര്‍: കള്ളമണല്‍ കയറ്റിവരുമ്പോള് പോലീസ് പിടികൂടുന്ന മണല്‍ ലോറികളുടെ ശ്മശാനമായി ക്ഷേത്രമൈതാനം മാറുന്നതായി ആക്ഷേപം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്ര മൈതാനത്താണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയ മണല്‍ ലോറികള്‍ ഇട്ടിരിക്കുന്നത്. പെരുമ്പാവൂര്‍ കോര്‍ട്ട് റോഡിന്റെയും പോസ്റ്റ് ഓഫീസ് റോഡിന്റെയും വശങ്ങളിലാണ് ഇതിനുമുമ്പ് ഇത്തരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്.
എന്നാല്‍ പോസ്റ്റ്ഓഫീസ് റോഡില്‍ ഇത്തരം വാഹനപാര്‍ക്കിംഗ് നിരോധിച്ചതിനാലും കോര്‍ട്ട് റോഡില്‍ മണല്‍ വാഹനങ്ങള്‍ നിറഞ്ഞതിനാലും ഇപ്പോള്‍ അമ്പലമൈതാനം പാര്‍ക്കിംഗ് ഗ്രൗണ്ടാക്കിയിരിക്കുകയാണ്.
വിഷുവിളക്ക് ഉത്സവകാലത്ത് ഏഴ് ആനകളെനിരത്തി നിര്‍ത്തി എഴുന്നള്ളിപ്പ് നടത്തുന്ന ഇവിടെ മണല്‍ ലോറികള്‍ നിറഞ്ഞാല്‍, തുരുമ്പെടുത്ത് നശിച്ചാലും ഇവിടെ നിന്ന് മാറ്റുകയില്ലെന്നും അതിനാല്‍ ഇത്തരം പാര്‍ക്കിംഗുകള്‍ അനുവദിക്കരുതെന്നും ഭക്തജനങ്ങള്‍ പറയുന്നു. ഇപ്പോള്‍ മണലുമായി ആറോളം ടിപ്പര്‍ലോറികളാണ് ഈ മൈതാനത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ക്ഷേത്രമൈതാനത്തിന്റെ പടിഞ്ഞാറ് വശം അയ്യപ്പന്മാര്ക്ക് വിരിവക്കുന്നതിന് സൗകര്യം ഒരുക്കിയിരിക്കുന്നതിനാലും ദിവസേന എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഇപ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമില്ലെന്നും പറയുന്നു. എല്ലാ മലയാളമാസത്തിലെ ഉത്രം നാളില്‍ ഇവിടെ ധാരാളം ഭക്തരാണ് എത്തുന്നത്. പ്രശസ്തമായ ഉത്രമൂട്ടില് പങ്കെടുക്കാനെത്തിയ ഭക്തര്‍ ഇന്നലെ റോഡരികില്‍ ദൂരെമാറിയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത്. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് ഈ ക്ഷേത്രം. മണ്ഡലമാസക്കാലത്ത് രാത്രിയും പകലും അനവധി അയ്യപ്പന്മാരാണ് ഈ ക്ഷേത്രത്തില്‍ തങ്ങി മലക്ക് പോകുന്നത്. മണല്‍ ലോറികള്‍ പിടിച്ചിട്ടിരിക്കുന്നതു കൊണ്ട് ഇവിടെ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ സാനിധ്യമുണ്ടെന്നും അത് ശബരിമലയാത്രികരുടെ സ്വത്തിനും ജീവനും വരെ ഭീഷണിയാണെന്നും നാട്ടുകാര്‍ പറയുന്നു. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ നിന്ന് ഏകദേശം അര കിലോമിറ്ററോളം ദൂരെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാല്‍ എല്ലായ്പ്പോഴും പോലീസിന്റെ ശ്രദ്ധയും ഇവിടെയുണ്ടാകാറില്ല. ഇത്തരത്തില്‍ ക്ഷേത്രമൈതാനം കയ്യേറുന്നത് തടയണമെന്നും ഭരണകര്‍ത്താക്കളും ദേവസ്വം ബോര്‍ഡും ഇത് എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: