ന്യൂദല്‍ഹി: യുപി തെരഞ്ഞെടുപ്പില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കാന്‍ ഓള് ഇന്ത്യ ഉലമ ആന്റ് മാഷെയ്ഖ് ബോര്‍ഡ് മുസ്ലീം വോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായി വോട്ടുചെയ്യണമെന്നും സുന്നി സംഘടന ആഹ്വാനം ചെയ്യുന്നു.
കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ നിരവധി മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മുസ്ലീങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള തന്ത്രമാണ് ഓള് ഇന്ത്യ ഉലമ ആന്റ് മാഷെയ്ഖ് ബോര്‍ഡ് മെനയുന്നത്. മുസ്ലീം ജനതയുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനും ഊന്നല്‍ നല്‍കുക, വഖഫ് വസുതുവകകള് അനധികൃത കയ്യേറ്റത്തില്‍ നിന്നും സ്വതന്ത്രമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഒക്ടോബറില്‍ മൊറാദാബാദില്‍ ചേര്‍ന്ന മുസ്ലീം മഹാപഞ്ചായത്ത് യോഗത്തില്‍ വച്ച് ഇവര്‍ ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങളെല്ലാം ഏത് പാര്‍ട്ടിയാണോ രാഷ്ട്രീയ അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നത് ആ പാര്‍ട്ടിയെ പിന്തുണയ്ക്കുകയെന്നതാണ് ഓള് ഇന്ത്യ ഉലമ ആന്റ് മാഷെയ്ഖ് ബോര്‍ഡിന്റെ തീരുമാനം.
ഇതിനിടെ, യുപിയില്‍ ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിഎസ്പി സ്ഥാനാര്‍ത്ഥികളുടെ പട്ടിക മായാവതി ഇന്ന് പുറത്തുവിട്ടേക്കും. മായാവതിയുടെ ജന്മദിനം കൂടിയായ ഇന്ന് 403 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്ഷത്തെപോലെ ആര്‍ഭാടമായ ജന്മദിനാഘോഷ പരിപാടികള്‍ ഉണ്ടാവില്ല.
പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ നിയോജക മണ്ഡലത്തില്‍ ബിഎസ്പി അദ്ധ്യക്ഷ മായാവതിയുടെ പിറന്നാള്‍ ആഘോഷിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. ഇത് തികച്ചും സ്വകാര്യമായ ചടങ്ങായിരിക്കും. ലഖ്നൗവില്‍ അടുത്ത അനുയായികള്ക്കൊപ്പമായിരിക്കും മായാവതി ജന്മദിനം ആഘോഷിക്കുക. ഈ ചടങ്ങില്‍ വച്ച് തന്റെ ജീവചരിത്രത്തിന്റെ ആറാമത്തെ എഡിഷന് പ്രകാശനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മാധ്യമസമ്മേളനത്തില്‍ വച്ച് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് കരുതുന്നത്.
എല്ലാ ജന്മദിനത്തിലും കോടികളുടെ പദ്ധതിയാണ് മായാവതി പ്രഖ്യാപിക്കാറുള്ളത്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇവരുടെ ജന്മദിനം ഉത്തര്‍പ്രദേശില്‍ വിപുലമായ രീതിയിലാണ് ആഘോഷിക്കുക. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പദ്ധതി പ്രഖ്യാപനം ഒന്നും തന്നെ ഉണ്ടാവില്ല. ബിഎസ്പിയുടെ പ്രധാന എതിരാളിയായ സമാജ് വാദി പാര്‍ട്ടി മായാവതിയുടെ ജന്മദിനം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജന്മദിനാഘോഷത്തിന്റെ പേരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിഎസ്പി ശ്രമിക്കുമെന്ന് എസ്പി നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: