കൊച്ചി: സ്വാമി വിവേകാനന്ദന്റെ ജന്മദിനം സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ രീതിയില്‍ ആഘോഷിച്ചില്ലെന്നു മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാല്‍. കൊച്ചിയില്‍ നടക്കുന്ന വിവേകഭാരതം- 150 പരിപാടികളുമായി ബന്ധപ്പെട്ട സര്‍ഗസംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് പ്രചോദനമായ സ്വാമി വിവേകാനന്ദനെ സര്‍ക്കാര്‍ അനുസ്മരിച്ചില്ല. അദ്ദേഹത്തിന്റെ ജന്മദിനത്തില് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യുവജനദിനാഘോഷത്തിന്റെ പരസ്യത്തില്‍ വിവേകാനന്ദന്റെ ചിത്രം ഉള്‍പ്പെടുത്തിയില്ല, പേരുപോലും പരാമര്‍ശിച്ചില്ല. ഈ അനാദരവ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്, രാജഗോപാല്‍ പറഞ്ഞു.
ചില്‍ഡ്രന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ഭാരതീയ വിദ്യാഭവന് എജ്യുക്കേഷന്‍ ഓഫീസര്‍ മീന വിശ്വനാഥന് ഇന്നലത്തെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആഘോഷസമിതി അധ്യക്ഷന്‍ ജസ്റ്റിസ് എം. രാമചന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. വി. നിത്യാനന്ദഭട്ട്, കെ.ജി. വേണുഗോപാല്‍, ബി. പ്രകാശ്ബാബു, സി.ജി. രാജഗോപാല്‍, ആര്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് ടി.എസ്. മോഹന്‍ലാല്‍, വി.കെ. രാജീവ് വര്‍മ, പി.കെ. രാജശേഖരന്, ജി. ഷീല, ഇ.എന്‍. നന്ദകുമാര്‍, ടി. സതീശന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വിവേകാനന്ദജയന്തിയോടനുബന്ധിച്ച് ഈ മാസമാദ്യം സ്കൂള്‍- കോളേജ് തലത്തില്‍ നടത്തിയ ഉപന്യാസ, പ്രസംഗ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികളുടെ പ്രകടനം വേദിയിലവതരിപ്പിച്ചു. സ്കൂള്‍ തല മലയാളം പ്രസംഗമത്സരത്തില്‍ അമൃത മനോഹരന് (ഭവന്‍സ് ആദര്‍ശ് വിദ്യാലയം, കാക്കനാട്) ഒന്നാംസ്ഥാനവും പി.ജെ. ഇന്ദു (സെന്റ് തെരേസാസ് എറണാകുളം) രണ്ടാംസ്ഥാനവും നേടി. ഇംഗ്ലീഷ് വിഭാഗത്തില്‍ പാര്‍വതി സിജു (ഭവന്‍സ് തിരുവാങ്കുളം) ഒന്നാംസ്ഥാനവും എസ്. കല്യാണി (ഭവന്‍സ് വരുണ വിദ്യാലയം) രണ്ടാംസ്ഥാനവും നേടി.
കോളേജ് തലത്തില്‍ മലയാളം പ്രസംഗത്തിന് നീനു രാജീവ് (യുസി കോളേജ് ആലുവ) ഒന്നാംസ്ഥാനവും ശിഖ സുരേന്ദ്രന് (എംഎ കോളേജ് കോതമംഗലം) രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഇംഗ്ലീഷ് വിഭാഗത്തില്‍ ജി. മേഘന (ഭവന്‍സ് വരുണ വിദ്യാലയം കാക്കനാട്) ഒന്നാമതെത്തി. ഉപന്യാസമത്സരത്തിലും ശിഖ സുരേന്ദ്രനാണ് ഒന്നാമത്. സ്കൂള്‍ തലത്തിലെ ഉപന്യാസമത്സരത്തില് നന്ദഗോപാല്‍ (ഭവന്‍സ് ആദര്‍ശ് കാക്കനാട്), രശ്മി പി. കുമാര്‍ (ഭവന്‍സ് വരുണ കാക്കനാട്), ടി.എ. നീലോഫര്‍ (സെന്റ് തെരേസാസ് എറണാകുളം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അധ്യാപകര്‍ക്കായി നടത്തിയ മത്സരത്തില്‍ പി. അഞ്ജു (ഭവന്‍സ് ആദര്‍ശ് കാക്കനാട്) പ്രത്യേക സമ്മാനത്തിനര്‍ഹയായി.
ഇന്ന് രാവിലെ 10ന് ചില്‍ഡ്രന്‍സ് പാര്‍ക്കിലെ തിയറ്ററില്‍ നടക്കുന്ന സെമിനാര്‍ ബഹിരാകാശ ഗവേഷണകേന്ദ്രം മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്, വിവേകാനന്ദ വേദിക് വിഷന്‍ കേന്ദ്ര അധ്യക്ഷ ഡോ. എം. ലക്ഷ്മീകുമാരി, സി. രാധാകൃഷ്ണന്, എന്‍. കൃഷ്ണമൂര്‍ത്തി, ഡോ. പി.ആര്. വെങ്കിട്ടരാമന്, ജസ്റ്റിസ് എം. രാമചന്ദ്രന്, ഡോ. ജയശ്രീ സുകുമാരന്‍, ബി. പ്രകാശ്ബാബു തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്നു വിവേകാനന്ദന്റെ പ്രായോഗികവേദാന്തം എന്ന വിഷയത്തില്‍ വിശിഷ്ടാതിഥികള്‍ കുട്ടികളുമായി സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: