ലോകമെമ്പാടുമുള്ള കത്തോലിക്കാ രൂപതകളിലെ സാമ്പത്തിക ഇടപാടുകള്‍ രഹസ്യമാണ്. വിശ്വാസികളുടെ മുമ്പില്‍ കണക്കുവയ്ക്കുന്ന ഒരു പാരമ്പര്യമോ സമ്പ്രദായമോ കത്തോലിക്കാ സഭയിലില്ല. രൂപതാ തലസ്ഥാനത്തെത്തുന്ന സമ്പത്ത് രൂപതാധികാരികള്‍ എങ്ങനെ എന്തിനുവേണ്ടി വിനിയോഗിക്കുന്നുവെന്ന് ഒരു സാധാരണ വിശ്വാസിക്ക് അറിയാന്‍ പാടില്ല. അക്കാരണത്താല്‍ സഭയുടെ സാമ്പത്തിക കാര്യങ്ങളെ വിശ്വാസികള്‍ എന്നും സംശയത്തോടെ വീക്ഷിക്കുന്നു. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടെ വത്തിക്കാനില്‍ നടന്ന ലജ്ജാവഹമായ സാമ്പത്തികക്കുഴച്ചിലും അതിന്റെ പരിണതഫലമായുണ്ടായ ധാര്‍മികാധഃപതനവും സാമ്പത്തിക പരാജയവും ഇവിടെ കുറിക്കട്ടെ.
1969 മുതല്‍ ഇറ്റാലിയന്‍ ഗവണ്മെന്റ് വത്തിക്കാന്റെ ധനനിക്ഷേപത്തില്നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന് പതിനഞ്ച് ശതമാനം നികുതി ഈടാക്കിത്തുടങ്ങി. ഇറ്റാലിയന്‍ ഗവണ്മെന്റ് യഥാര്‍ത്ഥത്തില്‍ 1929-ലെ കൊണ്‍കൊര്‍ദാത്ത് അസാധുവാക്കുകയണ് ഇക്കാര്യത്തില്‍ ചെയ്തത്. പോള്‍ ആറാമന്‍ മാര്‍പ്പാപ്പാ മാഫിയാ ലീഡറായ മൈക്കിള്‍ സിന്‍ഡോനയിലേക്ക് സഹായത്തിനായി തിരിഞ്ഞു. മാര്‍പ്പാപ്പാ മിലാനിലായിരുന്ന കാലത്ത് സിന്‍ഡോനയെ പരിചയപ്പെട്ടിട്ടുള്ളതാണ്. സിന്‍ഡോന റോമന്‍ കാര്യാലയത്തിന്റെ പ്രധാന ബാങ്കര്‍ ആകാമെന്ന് മാര്‍പാപ്പായ്ക്ക് സമ്മതംമൂളി. 1922 ജനുവരി 22ന് ചിക്കാഗോയില്‍ ജനിച്ച് 1947-ല്‍ പട്ടമേറ്റ ആറടി നാലിഞ്ച് പൊക്കവും 120 കിലോ തൂക്കവുമുള്ള ആജാനുബാഹുവായ ഫാദര്‍ പോള്‍ മര്‍സിങ്കസ് സിന്‍ഡോനയുടെ സഹായിയായി പ്രവര്‍ത്തിച്ചു. വത്തിക്കാനില്‍ മര്‍സിങ്കസ് ‘ദ ഗോറില്ല’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫാദര്‍ മര്‍സിങ്കസ് പിന്നീട് വത്തിക്കാന്‍ ബാങ്കിന്റെ തലവനായി. (ബാങ്കിന്റെ പേര് വളരെ ശ്രദ്ധേയമാണ്). “നന്മനിറഞ്ഞ മറിയത്തില്‍ വള്ളിയെ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കയില്ല” എന്ന ചൊല്ലായിരുന്നു ഫാദര്‍ മര്‍സിങ്കസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പഴമൊഴി. മര്‍സിങ്കസ് ഒരിക്കല്‍ മിലാനില്‍വച്ച്, പോള്‍ ആറാമന്‍ മാര്‍പാപ്പായെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചയാളെ തട്ടിവീഴ്ത്തി. മര്‍സിങ്കസിന്റെ കരബലംകൊണ്ട് മാര്‍പ്പാപ്പാ അങ്ങനെ രക്ഷപ്പെട്ടു. 1970ലാണ് ഈ സംഭവം. ഈ പുതിയ വത്തിക്കാന്‍ സംരക്ഷകനെ വത്തിക്കാന്‍ ബാങ്കിന്റെ ഉന്നത പദവി നല്കി മാര്‍പ്പാപ്പാ ബഹുമാനിച്ചു.
സിന്‍ഡോനയ്ക്ക് മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുണ്ടായിരുന്നു. വത്തിക്കാനുമായുള്ള സാമ്പത്തിക സഹപ്രവര്‍ത്തനം തന്റെ മയക്കുമരുന്ന് കച്ചവടത്തിന് വമ്പിച്ച തുകകള്‍ മറിക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം കരുതി.
സഭ പലപ്രാവശ്യം നിന്ദിച്ചിട്ടുള്ള രഹസ്യസംഘടനയായ ഫ്രീ മെയ്സന്‍സിലെ അംഗമായിരുന്നു സിന്‍ഡോന. 1918-ലെ കാനോന്‍ നിയമപ്രകാരം അദ്ദേഹം മഹറോന്‍ ശിക്ഷയില്പ്പെട്ടിട്ടുള്ള ആളാണ്. 1983-ലെ പുതുക്കിയ കാനോന്‍ നിയമത്തിലും ഈ നിയമം ആവര്‍ത്തിച്ചിട്ടുണ്ട്. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍നിന്ന് അവരെ മുടക്കിയിട്ടുണ്ട്. അങ്ങനെ നല്ല കത്തോലിക്കനല്ലാത്ത സിന്‍ഡോനയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പാ തീരുമാനിച്ചു. കാരണം സമ്പത്ത് വര്‍ധിപ്പിക്കാന്‍ അത്തരക്കാര്‍ക്ക് വളരെ കഴിവുണ്ടെന്ന് വത്തിക്കാനറിയാം. ലക്ഷ്യം മാര്‍ഗത്തെ നീതീകരിക്കുമെന്ന സിദ്ധാന്തം വത്തിക്കാന്‍ ഇതിനുമുമ്പും സ്വീകരിച്ചിട്ടുണ്ട്. കുരിശുയുദ്ധങ്ങളും ഇന്‍ക്വിസിഷനുമൊക്കെ ഇതിന് ഉദാഹരണങ്ങളാണല്ലോ.
വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളില്‍ സഹായിയായി വന്ന വേറൊരു വ്യക്തിയാണ് ലിച്ചിഒ ജെള്ളി. പലവിധ കുറ്റകൃത്യങ്ങള്‍ നടത്തി സമ്പത്ത് ശേഖരിച്ച ഒരു വ്യക്തിയായിരുന്നു ലിച്ചിഒ. സിന്‍ഡോനയെപ്പോലെ ലിച്ചിഒയും മെയ്സന്‍ സംഘടനയിലെ ഒരംഗമായിരുന്നു. പള്ളിനിയമത്തെ അവഗണിച്ചുകൊണ്ട് ഫാദര്‍ മര്‍സിങ്കസും മെയ്സന്‍ സംഘടനയിലെ അംഗമായി.
വത്തിക്കാന്റെ പ്രധാന ബാങ്കര്‍ എന്ന നിലയില്‍ ഫാദര്‍ മര്‍സിങ്കസ് വത്തിക്കാനുണ്ടായിരുന്ന ഇറ്റാലിയന്‍ കമ്പനികളുടെ ഓഹരികള്‍ സിന്‍ഡോനയ്ക്ക് വിറ്റുതുടങ്ങി. ഇറ്റാലിയന്‍ ഗവണ്മെന്റ് ഈടാക്കുന്ന നികുതി ഒഴിവാക്കാനായിരുന്നു ഈ വില്‍പ്പന. സിന്‍ഡോനയ്ക്ക് മാഫിയാ കുറ്റകൃത്യങ്ങള്‍കൊണ്ടും മയക്കുമരുന്ന് കച്ചവടംകൊണ്ടും ഉണ്ടായ പണമാണ് ഈ ക്രയവിക്രയത്തിന് അദ്ദേഹം ഉപയോഗിച്ചത്. അങ്ങനെ വത്തിക്കാന്‍ ഇറ്റാലിയന്‍ കമ്പനികളില്‍നിന്ന് ഓഹരി മാറ്റി വമ്പിച്ച അമേരിക്കന്‍ കമ്പനികളില്‍ നിക്ഷേപിച്ചു. അതല്ലായിരുന്നെങ്കില്‍ ഇറ്റാലിയന്‍ ഗവണ്മെന്റിന് ലക്ഷക്കണക്കിന് ഡോളര്‍ നികുതിയായി കൊടുക്കേണ്ടി വരുമായിരുന്നു.
ഈ സാമ്പത്തിക കര്‍മപരിപാടിക്ക് ഫ്രീ മെയ്സനും ബാങ്കറുമായ റൊബേര്‍ട്ടൊ കാല്‍വിയുടെ സഹായം ആവശ്യമായിരുന്നു. അദ്ദേഹം ബാങ്കോ അംബ്രോസിയാനോയുടെ പ്രസിഡന്റായിരുന്നു. അങ്ങനെ ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വത്രികവുമായ സഭയ്ക്ക് സാമ്പത്തികമായി ഗുണകരമായ ഈ മഹാകാര്യം ത്രിനായകത്വത്തില്‍ മുന്നേറി. യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ജസ്റ്റിസ് ഈ ത്രിനായകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു.
ഈ ത്രിനായകന്മാര്‍ റോമന്‍ കാര്യാലയത്തിലെ യുജിന്‍ കാര്‍ഡിനല്‍ തിസ്സറാങ്ങിന്റെ സഹായത്തോടെ കള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിദേശ കമ്പനികള്‍ക്ക് വിറ്റ് പണം സമ്പാദിക്കാന്‍ തുടങ്ങി. പള്ളിക്ക് പണമുണ്ടാക്കുന്ന പണിയായതിനാല്‍ വത്തിക്കാനിലെ നേതാക്കന്മാര് കണ്ണടച്ചു. അമേരിക്കന്‍ ഗവണ്മെന്റ് വത്തിക്കാന്റെ പണമിടപാടിലെ വെട്ടിപ്പ് മനസ്സിലാക്കി, അന്വേഷണം ഊര്‍ജിതമാക്കി. ഫാദര്‍ മര്‍സിങ്കസിനും മറ്റു സഹകാരികള്‍ക്കുമെതിരായി കുറ്റപത്രം തയ്യാറാക്കാന്‍ ആരംഭിച്ചു. പക്ഷേ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സനെ വത്തിക്കാന്‍ സ്വാധീനിച്ച് ആ നീക്കത്തിന് വിരാമമിട്ടു. നിക്സന് അമേരിക്കന്‍ കത്തോലിക്കരുടെ വോട്ടുകളായിരുന്നു പ്രധാനമായിരുന്നത്. അമേരിക്കന്‍ അന്വേഷണകാലത്ത് പലരും അന്വേഷണാധികൃതരോട് സഹകരിച്ചു. അവരില്‍ ചിലരെയൊക്കെ മാഫിയ വധിക്കുകയുണ്ടായി. അങ്ങനെ വധിക്കപ്പെട്ടവരിലൊരു പ്രമുഖനാണ് ളൂയിസ് മിലൊ.
1978-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പാ അന്തരിച്ചു. ജോണ്‍ പോള്‍ ഒന്നാമന് മാര്‍പാപ്പയായി. വത്തിക്കാനിലെ സാമ്പത്തികകാര്യങ്ങളിലുള്ള ധാര്‍മികത പുനഃസ്ഥാപിക്കണമെന്ന് പുതിയ പാപ്പ തീരുമാനിച്ചു. ഫാദര്‍ മര്‍സിങ്കസിനെ പുതിയ മാര്‍പാപ്പ വിശ്വസിച്ചിരുന്നില്ല. പുത്തന്‍ പൊന്റിഫ് വത്തിക്കാന്‍ പണമിടപാടിനെ സംബന്ധിച്ച് ഒരു പരിപൂര്‍ണ അന്വേഷണത്തിന് ഉത്തരവിട്ടു. മാര്സിങ്കസിനും കൂട്ടുകാര്‍ക്കും അതൊരു തലവേദനയായി. ഇതിനിടെ ഇറ്റാലിയന്‍ ഗവണ്മെന്റ് ഇതുസംബന്ധമായി കുറ്റാന്വേഷണം നടത്തിക്കൊണ്ടിരുന്നു. അന്വേഷണ ജഡ്ജിമാരിലൊരാളായ എമിലിയോ അലെസ്സാന്‍ഡ്രിനിയെ മാഫിയ കൊലപ്പെടുത്തി. ഇറ്റലിയിലെ ദിനപത്രങ്ങള്‍ അംബ്രോസിയാനോ ബാങ്കിന്റെ അപകീര്‍ത്തിപരമായ പ്രവര്‍ത്തനങ്ങളെപ്പറ്റി എഴുതിത്തുടങ്ങി. അക്കൂട്ടത്തില്‍ വത്തിക്കാനിലെ ക്ലെറിക്കുകളില്‍ ആരെല്ലാം വിലക്കപ്പെട്ട മെയ്സന്‍ സംഘടനയിലെ അംഗങ്ങളാണെന്ന് മിനൊ പെക്കൊറേലി പരസ്യപ്പെടുത്തി.
ല ഒസ്സര്‍വത്തോറെ പൊളിത്തിക്കൊയുടെ എഡിറ്റര്‍, ഫാദര്‍ മര്‍സിങ്കസ് കൂടാതെ അന്നത്തെ വത്തിക്കാന്റെ സെക്രട്ടറി ഓഫ് സ്റ്റേജ് ആയിരുന്ന കര്‍ദ്ദിനാള്‍ ജീന്‍ വില്ലോട്ട് എന്നിവര്‍ മെയ്സന്‍ ലിസ്റ്റിലുണ്ടെന്ന് വെളിപ്പെടുത്തി. പൊടുന്നനെ ദുരൂഹസാഹചര്യത്തില്‍ മിനൊ കൊല്ലപ്പെട്ടു. ഫാദര്‍ മര്‍സിങ്കസിനെയും കര്‍ദ്ദിനാള്‍ വില്ലോട്ടിനെയും അവരുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിന് മുമ്പ് ജോണ്‍ പോള്‍ ഒന്നാമന് മാര്‍പാപ്പാ ദുരൂഹസാഹചര്യത്തില്‍ പെട്ടെന്ന് നിര്യാതനായി. മാര്‍പാപ്പാ സംശയാസ്പദമായ സാഹചര്യത്തില്‍ അപ്രതീക്ഷിതമായി മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയില്ല. ‘മാര്‍പാപ്പാ കൊല്ലപ്പെട്ടു’ എന്നെല്ലാം മാധ്യമങ്ങളില്‍ വന്നെങ്കിലും കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ല.
വത്തിക്കാന്റെ സാമ്പത്തിക ക്രമക്കേട് അതിന്റെ ഉച്ചകോടിയിലെത്തിയിരുന്ന ഈ അവസരത്തിലാണ്പോളണ്ടുകാരന് ജോണ്‍ പോള്‍ രണ്ടാമനെ മാര്‍പാപ്പയായി തെരഞ്ഞെടുത്തത്. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പാ വത്തിക്കാന്റെ ഈ സാമ്പത്തിക ഇടപാടുകള്‍ ‘സാധാരണ ഒരു കച്ചവടം’ എന്ന മട്ടില്‍ കണ്ട് കാര്യമായ നടപടികളൊന്നും കൈക്കൊണ്ടില്ല.
മര്‍സിങ്കസും കാല്‍വിയും കൂടി എട്ട് വ്യാജനിര്‍മിത കോര്‍പ്പറേഷനുകള്‍ സ്ഥാപിച്ചു. ഈ വ്യാജകമ്പനികളുടെ നിയന്ത്രണം വത്തിക്കാനായിരുന്നു. കാല്‍വി വമ്പിച്ച തുകകള്‍ (130 കോടി ഡോളര്‍) ഈ വ്യാജകമ്പനികളിലേക്ക് അംബ്രോസിയാനൊ ബാങ്കില്‍നിന്ന് നീക്കം ചെയ്തു. ഈ കൈമാറ്റത്തിന്റെ പ്രമാണരേഖകള്‍ ഇന്നുവരെയും കണ്ടുകിട്ടിയിട്ടില്ല. ഈ കള്ളത്തരത്തിന് ബഹുമാനം ചാര്‍ത്താന്‍ വത്തിക്കാന്‍ ബാങ്കുവഴിയാണ് തുക നീക്കം ചെയ്തത്. കാല്‍വിയെ ഒഴിവാക്കാന്‍ ഇറ്റാലിയന്‍ ഗവണ്മെന്റ് വത്തിക്കാന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തി. എങ്കിലും മാര്‍പാപ്പാ അതിന് വഴങ്ങിയില്ല.
എട്ട് വ്യാജ കമ്പനികളും വത്തിക്കാന്റെ ഉടമസ്ഥതയിലാണെന്ന് കാണിച്ച് വത്തിക്കാന്‍ ബാങ്കിന്റെ ഒദ്യോഗിക പ്രമാണരേഖ എഴുതിക്കൊടുക്കണമെന്ന് കാല്‍വി മര്‍സിങ്കസിനോട് ആവശ്യപ്പെട്ടു. മര്‍സിങ്കസ് അതിന് വഴങ്ങി. അംബ്രോസിയാനോ ബാങ്കിന് എന്ത് നഷ്ടം സംഭവിച്ചാലും വത്തിക്കാന്‍ ബാങ്ക് അതിന് ഉത്തരവാദിയല്ലെന്ന് കാണിച്ച് കാല്‍വി ഫാദര്‍ മര്‍സിങ്കസിനും ഔദ്യോഗിക പ്രമാണരേഖ തിരിച്ച് എഴുതിക്കൊടുത്തു.
1981-ല്‍ മാര്‍പാപ്പാ ഫാദര്‍ മര്‍സിങ്കസിനെ മെത്രാപ്പോലീത്തയായി ഉയര്‍ത്തി, വത്തിക്കാന്‍ സിറ്റിയുടെ ഗവര്‍ണര്‍ പദവികൂടി നല്കി.
കാല്‍വിയെ എതിര്‍ത്ത രണ്ട് ബോര്‍ഡ് മെമ്പര്‍മാരെ മാഫിയ കൊല ചെയ്തു. അവര്‍ റൊബേര്‍ട്ടൊ ഓര്‍സോനേ, റൊബേര്‍ട്ടൊ റൊസോനേ എന്നിവരാണ്.
അംബ്രോസിയാനോ ബാങ്കിന്റെ പണമിടപാടുകളില്‍ സംശയം തോന്നിത്തുടങ്ങിയ നിക്ഷേപകര്‍ അവരുടെ പണം തിരിച്ചെടുക്കാന്‍ തുടങ്ങി. അംബ്രോസിയാനോ ബാങ്കിന് ആവശ്യത്തിന് പണമില്ലാതിരുന്നതിനാല്‍ വത്തിക്കാന്‍ ബാങ്ക് പണം കൊടുത്ത് സഹായിക്കണമെന്ന് കാല്‍വി മര്‍സിങ്കസിനോട് ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം അതിന് വിസമ്മതിച്ചു. കാല്‍വി ഇറ്റലിയില്‍നിന്ന് ഒളിച്ചോടി. കാല്‍വിയുടെ സെക്രട്ടറി ഗ്രസിയല്ലെ കൊറോച്ചര്‍ അംബ്രോസിയാനോ ബാങ്കിന്റെ അഞ്ചാം നിലയിലെ ജനാലയില്‍നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്തു. 1982 ജൂണില്‍ കാല്‍വിയുടെ മൃതദേഹം ലണ്ടനിലെ ഒരു പാലത്തില്‍ തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ലണ്ടനിലെ പോലീസ് അന്വേഷണത്തിനുശേഷം കാല്‍വിയുടെ മരണം ഒരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധമായി 2002-ല്‍ ദൈവത്തിന്റെ ബാങ്കുകാര് എന്ന പേരില്‍ ഒരു ചലച്ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.
വത്തിക്കാന്റെ ഈ പ്രമാദമായ സാമ്പത്തിക അഴിമതിയുടെ ദുഷ്പേര് ഉടനെയൊന്നും തേഞ്ഞുമാഞ്ഞുപോവുകയില്ല.
എട്ട് വ്യാജകമ്പനികളില്‍ക്കൂടി വത്തിക്കാന്‍ മാറ്റിയെടുത്ത പത്ത് കോടിയോളം ഡോളര്‍ അര്‍ജന്റീനായിലെയും പെറുവിലെയും മിലിറ്ററി ജണ്‍ഡാകളെയും പോളണ്ടിലെ സോളിഡാരിറ്റി സംഘടനയെയും സഹായികാനാണ് ഉപയോഗിച്ചത്.
അംബ്രോസിയാനൊ ബാങ്കിന് 25 കോടി ഡോളര്‍ കൊടുത്തുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പാ ബാങ്കില്‍നിന്നുണ്ടാകാവുന്ന കോടതിക്കേസില്‍നിന്ന് ഒഴിവായി. ബാങ്കിന് ഒരു ഡോളറിന് 25 സെന്റ് വച്ച് വാങ്ങി തൃപ്തിപ്പെടേണ്ടിവന്നു. നഷ്ടം സംഭവിച്ചത് ആര്‍ക്ക്? ബാങ്കിന്റെ ഓഹരി വാങ്ങിയ സാധാരണക്കാര്‍ക്ക്.
വത്തിക്കാന്‍ 130 കോടി ഡോളറിന് ഉത്തരവാദിയാണെന്ന് വിധിച്ച് ഇറ്റാലിയന്‍ ഗവണ്മെന്റ് കുറ്റക്കാരനായ മര്‍സിങ്കസ് മെത്രാപ്പൊലീത്തയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. 1929-ലെ ലാറ്ററന്‍ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ അധികൃതര്‍ക്ക് മര്‍സിങ്കസിനെ മാര്‍പാപ്പാ വിട്ടുകൊടുത്തില്ല. സുരക്ഷിതമായ വത്തിക്കാനില്‍നിന്ന് മര്‍സിങ്കസിനെ ഇറ്റാലിയന്‍ അധികൃതര്‍ക്ക് തടവുകാരനായി എടുക്കാന്‍ കഴിഞ്ഞില്ല. 1991 വരെ അദ്ദേഹം വത്തിക്കാനില്‍ കഴിഞ്ഞു. വത്തിക്കാന്‍ പുറത്ത് അദ്ദേഹം അതുവരെ കാലുകുത്തിയിട്ടില്ല.
ചാക്കോ കളരിക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: