എം.വി.ദേവന്റെ സഹധര്‍മിണി ഈയിടെയാണ് അന്തരിച്ചത്. വിവരമറിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ചു. സീത പോയി, രാമന് ഭാണ്ഡം മുറുക്കിയിരിപ്പാണ്-ദേവന് പറഞ്ഞു. ശോകഛായ കലര്‍ന്ന നിര്‍വികാരതയുടെ ആ വാക്കിലും മരണത്തെ കൂസാത്ത ധീരതയുണ്ടായിരുന്നു. ധിക്കാരിയുടെ കാതലാണ് ഈ മനുഷ്യന്റെ വാക്കും വരയും. വ്യക്തിയേയും സമൂഹത്തേയും രാഷ്ട്രത്തേയും പുനഃസൃഷ്ടിക്കുകയെന്ന കര്‍മരഥ്യയില്‍ മാനവതയാണ് മഠത്തില്‍ വാസുദേവന്റെ മന്ത്രം. ചിത്രവും ചിന്തയും ശില്‍പ്പവും വാസ്തുശില്‍പ്പവും പ്രഭാഷണവും പ്രബന്ധവും ദേവനില്‍ മനുഷ്യന് എന്ന ദര്‍ശനത്തെ അന്വേഷിച്ചലയുന്നു.
ധര്‍മബോധത്തിന്റെ പ്രതിരോധമുറ എന്നും ദേവന് വശമാണ്. ആത്മാര്‍ത്ഥതയുടേയും സത്യസന്ധതയുടേയും മൂല്യത്തിളക്കത്തിന്റേയും വാളിനാല്‍ ശത്രുവിനെ കീഴടക്കാന്‍ എന്നും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഗുരുശ്രേഷ്ഠരായ ഡി.പി.റോയ് ചൗധരി, കെ.സി.എസ്.പണിക്കര്‍ എന്നീ മഹാപ്രതിഭകളുടെ പ്രകാശമാണ് ദേവന് സ്വീകരിച്ച് ആത്മനിഷ്ഠമായ ലാവണ്യകലാ ദര്‍ശനത്തിന് മുതല്‍ക്കൂട്ടിയത്. എം.ഗോവിന്ദന്റെ സാന്നിദ്ധ്യം ചിന്തയിലും ജ്ഞാനപഥത്തിലും നവമാനവികതയുടെ നൂതന സിദ്ധാന്തങ്ങളിലും അദ്ദേഹത്തിന് പുതുപാഠങ്ങളേകി. ചെന്നൈ ഗവ.സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സില്‍ നിന്നുള്ള ചിത്രകലാശിക്ഷണത്തിനപ്പുറം മാസ്റ്റേഴ്സിന്റെ മഹാസംഭാവനകളില്നിന്ന് ഊര്‍ജ്ജം നേടിയാണ് ദേവന് ചിത്രകലാരംഗത്തേയ്ക്ക് കടന്നുവരുന്നത്. കേരളീയ ചിത്രകാരന്മാര്ക്ക് കൂട്ടായ്മയിലൂടെ ശക്തി പ്രേരണയാകാനും സംഘടിതമായി മുന്നേറാനും നേതൃത്വം നല്‍കിയത് ദേവനാണ്. നവീനാശയങ്ങളും മാര്‍ഗവുമായി അദ്ദേഹം നാട്ടിലുടനീളം സഞ്ചരിച്ചു. സ്വശിരസ്സില്‍ കാന്‍വാസുകള്‍ പേറിയെത്തിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ ആദ്യമായി നടത്തിയ ചിത്രകലാ പ്രദര്‍ശനം പഴയതലമുറയുടെ ദേവസ്മരണയാണ്.
‘നവസാഹിതി’, ‘ഗോപുരം’, ‘സമീക്ഷ’, ‘കേരള കവിത’, ‘ജ്വാല’, ‘കലാദര്‍പ്പണം’ എന്നീ സാഹിത്യ-മാധ്യമരംഗങ്ങളില്‍ ദേവന് തുറന്നിട്ട ധൈഷണിക-ചിന്താ പഥങ്ങള്‍ നവോത്ഥാനാന്തര ദശകങ്ങളില്‍ നവീനാദ്ധ്യായം രചിച്ചവയാണ്. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ക്ക് ദേവനേകിയ അവതാരിക നവീനതയുടെ ആത്മഭാഷ്യമായാണ് ചരിത്രത്തില്‍ സ്ഥാനം പിടിക്കുക. ചെന്നൈ ചോഴമണ്ഡലം, കൊച്ചി കലാപീഠം, മാഹി കലാഗ്രാമം എന്നീ കലാസ്ഥാപനങ്ങളുടെ കര്മരഥ്യകള്ക്ക് അദ്ദേഹം നല്കിയ നേതൃത്വപരവും സര്‍ഗാത്മകവുമായ സംഭാവനകള്‍ ഏറെയാണ്. ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക നിമിത്തം സ്വന്തം സര്‍ഗകലയില്‍ ഏറെയൊന്നും ശ്രദ്ധ പുലര്‍ത്താന്‍ ഈ കലാകാരന് സമയമുണ്ടായില്ല. ബഷീറിന്റേയും ഉറൂബിന്റേയും മനുഷ്യരെ രേഖാകലയിലൂടെ അനശ്വരമാക്കുമ്പോള്‍ എം.ഭാസ്ക്കരന്‍, കെ.സി.എസ്.പണിക്കര്‍, നമ്പൂതിരി എന്നീ രേഖാകലയിലെ സംക്രമപുരുഷന്മാരോടൊപ്പം ദേവന് എണ്ണപ്പെടുകയായിരുന്നു. കാര്‍ട്ടൂണ്‍ കലയും ശില്‍പ്പവിദ്യയും പരീക്ഷിച്ചറിയാനും ചിത്രകലയില്‍ ദേവന്ശൈലിയുടെ വക്താവാകാനും ആ പ്രതിഭാ യത്നത്തിന് സാധ്യമായി. ഹെന്ററി മത്തീസും പോള്‍ സെസാനും കെ.സി.എസ്സുമാണ് ദേവന്റെ നവീന പ്രവണതകളുടെ വര്ണാനുഭൂതി പാഠങ്ങള്‍ക്ക് മാതൃകയായത്. മദ്രാസ് ലളിതകലാ അക്കാദമിയിലും കേരള ലളിത കലാ അക്കാദമിയിലും കാര്യദര്‍ശിയായിരിക്കെ സമ്പന്നമായ സേവനമാണ് അദ്ദേഹം നിര്‍വഹിച്ചത്. വാഴുന്നവരെ വണങ്ങി വഴങ്ങി ഒന്നും നേടാന്‍ ദേവന് ആഗ്രഹിച്ചില്ല. ‘ദേവസ്പന്ദനം’, ‘ദേവായനം’, ‘സ്വാതന്ത്ര്യം കൊണ്ട് നാം എന്തു ചെയ്തു?’ എന്നീ ഗ്രന്ഥങ്ങള്‍ ദേവന്റെ ദര്‍ശനപരമായ അക്ഷരസാക്ഷ്യമാണ്. നൂറ്റാണ്ടിന്റെ പുസ്തകം എന്നാണ് ടി.പത്മനാഭന് ദേവസ്പന്ദനമെന്ന ബൃഹദ് ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്. സ്വന്തം തത്വചിന്തയും ജീവിതപരിപ്രേക്ഷ്യവും കലയുടെ സൂക്ഷ്മാവലോകനവും സാമൂഹ്യ വിമര്‍ശനവും ധീരമായി സ്ഥാപിച്ചെടുക്കുകയാണ് അരനൂറ്റാണ്ടുകാലത്തെ ഈ സര്ഗതപസ്യ.
ദേവന്റെ കല പ്രതിരോധത്തിന്റെ ലാവണ്യകലയാണ്. ഉറങ്ങുന്നവനെ ഉണര്‍ത്തുക എന്ന ലക്ഷ്യവുമായാണത് മുന്നേറുന്നത്. കേട്ടു പഴകിയ സാമൂഹ്യ പ്രതിബദ്ധതയ്ക്കപ്പുറം കലയുടെ ഉള്ളില്‍ അരിക്കുന്ന മനുഷ്യസ്നേഹവും ആര്‍ദ്രതയുമാണ് അതിന്റെ രേഖാ വര്‍ണ്ണങ്ങള്‍. കേരളത്തനിമയും പൈതൃകവും ആധാരമാക്കിയാണ് ദേവന്റെ കലയും സാഹിത്യവും പ്രഭാഷണവും വാസ്തുവിദ്യയും വളര്‍ന്നത്. മനുഷ്യസത്ത ഏകമാണെന്നും അവന്റെ കലായത്നം മാനവതയുടെ കര്‍മപദ്ധതിയാണെന്നും കരുതുന്ന ദേവന്റെ ദര്‍ശനം കലയുടെ വിശ്വദര്‍ശനപരമായ ഉള്ക്കാഴ്ചയാവാഹിക്കുന്നു. ഭാരതീയമായ കലാദര്‍ശനത്തിന്റെ മഹിതസങ്കല്‍പ്പം തന്നെയാണ് ദേവനെ ദേവനാക്കുന്നത്. സര്‍ഗാത്മകമായ പ്രത്യക്ഷങ്ങളിലൂടെ ഈ ദര്‍ശന സമീക്ഷയെയാണ് ദേവന് സാക്ഷാത്ക്കരിക്കുന്നത്. ആത്മീയ നൈര്മല്യത്തിന്റെ അഭാവവും പൈതൃകജ്ഞാന തിരസ്ക്കാരവും ദേവന്റെ കര്‍മകാണ്ഡത്തെ അപൂര്ണ്ണമാക്കുന്നുണ്ടെങ്കിലും ദേവനില്‍ ഉറവയൂറുന്ന മനുഷ്യസങ്കല്‍പ്പവും മൂല്യസാമഗ്രികളും ആ കലാബോധത്തിനും കലാപ സംഹിതയ്ക്കുമിടയില് സേതുബന്ധനമാവുന്നു.
പ്രത്യയശാസ്ത്ര ഉമ്മാക്കികളെ നോക്കി കൊഞ്ഞനം കുത്താനും സാമൂഹ്യ രാഷ്ട്രീയ ജീര്‍ണതയ്ക്കെതിരെ ആശയപ്പോരാട്ടം നടത്താനും സാംസ്ക്കാരിക നായകവേഷങ്ങളുടെ മൂടുപടം പിച്ചിക്കീറാനും വര്‍ത്തമാനകാല ദുഷ്ടതകളെ ആക്ഷേപഹാസ്യത്തില്‍ പൊളിച്ചടുക്കാനും അധിനിവേശ ധിക്കാരങ്ങളെ ആട്ടിയകറ്റാനും ദേവന്റെ ധര്‍മബോധവും സാമൂഹ്യ ദര്‍ശനവും എന്നും സത്യഗ്രഹ ചിന്തയോടെ ഉണര്‍ന്നിരിക്കുന്നു. കര്മ്മാളനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ദേവന് എന്നും സമൂഹത്തിലെ ‘അടിക്കാട്ട’ങ്ങളുടെ കൂടെയാണ്. അധികാരത്തിന്റെ അഹന്തയുമായി കലഹിക്കാനും ചരിത്രത്തിന്റെ വികലനിര്മിതിയെയും അതിന്റെ അന്ധവായനയെയും സദാ ചെറുക്കാനും കലയിലെ കപടസദാചാരങ്ങളെയും ലാവണ്യപരമായ അപഭ്രംശങ്ങളെയും മറനീക്കി കാട്ടാനും ദേവന്റെ ചിന്താപ്രകാശം വഴികാട്ടിയായി. “മനുഷ്യത്വത്തിലേക്കുള്ള തീര്‍ത്ഥയാത്രയിലെ പാഥേയമാണ് കല. പ്രപഞ്ചത്തില്‍ മറ്റൊരു പ്രപഞ്ചം സൃഷ്ടിക്കുകയാണ് കലാകാരന്. മനുഷ്യപ്രകൃതിയും പ്രകൃതിയും ഒന്നു തന്നെ. ദൃഢവ്രതനായ ദേവന്റെ സ്വത്വപ്രമാണമാണ് ഈ വാക്കുകള്‍. കലാകാരന്റെ കര്മകാണ്ഡത്തിനും സ്വാതന്ത്ര്യബോധത്തിനും പുതുമാനം നല്കാന് ദേവസൃഷ്ടികള്‍ കാരണമായി. മലയാളിയുടെ വര്ണബോധത്തിനും ദൃശ്യസംസ്കൃതിയ്ക്കും ആത്മനിഷ്ഠമായ ദിശാമാറ്റമൊരുക്കാന് ദേവന് ശ്രമിച്ചു.
ആണ് പോരിമയുടെ കരുത്തും കാന്തിയുമാണ് ദേവന്റെ എഴുത്തുകല. കലയുടേയും കലാപത്തിന്റെയും സിദ്ധാന്ത വഴിയിലൂടെയാണ് അതിന്റെ സഞ്ചാരം, ആഗോള കമ്മ്യൂണിസത്തിന്റെ നാള്‍വഴികളിലെ അപഭ്രംശങ്ങള്‍ സൂക്ഷ്മമായി ചൂണ്ടിക്കാട്ടുമ്പോഴും എം.എഫ്.ഹുസൈന്റെ കലാദര്‍ശനത്തെ വിമര്‍ശനവിധേയമാക്കുമ്പോഴും വിഗ്രഹഭഞ്ജകനായ ദേവന്റെ അരുളും പൊരുളുമാണ് പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ കലാ സാംസ്ക്കാരിക നൈരന്തര്യത്തില്‍ നന്മയുടെ വിശുദ്ധിപത്രമാണ് എം.വി.ദേവന്. ജനുവരി 15 ന് ശതാഭിഷിക്തനാവുന്ന ദേവന്റെ കലാനയനത്തിനു മുന്നില്‍ വിടരാന്‍ ഇനിയും ആയിരമായിരം പൂര്ണചന്ദ്രന്മാര്.
ഡോ.കൂമുള്ളി ശിവരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: