പ്രേതത്തേയാണോ അതല്ല, ബാധയേയാണോ പേടിക്കേണ്ടത്? പ്രേതം ചിലപ്പോള്‍ നാടുകാണാനുള്ള ഔത്സുക്യത്തില്‍, അല്ലെങ്കില്‍ പണ്ടത്തെ ജീവിതം തന്നെയോ ഇപ്പോഴുമുള്ളതെന്ന് അറിയാനുള്ള കൗതുകത്തില്‍ അങ്ങനെവരികയാണ്. ഇടയ്ക്ക് അറിയാപ്പാവങ്ങള് മേപ്പടി പ്രേതത്തിന്റെ മുമ്പില്പെട്ടുപോയാല് എന്തോ ഒരേനക്കേട് ഉണ്ടാവുമെന്നേയുള്ളൂ. എന്നാല്‍ ബാധ അങ്ങനെയല്ല. മഴപെയ്താലും മരം പെയ്യുന്ന പോലെ ബാധ ഒഴിയാതെ നമ്മെചുറ്റിപ്പിടിച്ച്, പുണ്ടടക്കം പുണര്‍ന്ന് ചുമ്മാ അങ്ങനെനില്ക്കും. അതില്‍ നിന്ന് വല്ല കാരണത്താലും മോചിതനാവുന്നു എന്നുവരികില്‍ ആ സുഖത്തെക്കുറിച്ച് പറയാനുണ്ടോ?
ദൈവവഴി പലര്‍ക്കും പലതാവുന്നതുപോലെ പ്രേതവും ബാധയും പലതാണ്. അങ്ങനെയുള്ള ഒരു ബാധഒഴിഞ്ഞുപോയി എന്ന ആത്മവിശ്വാസത്തില്‍ ആടിപ്പാടി രസിക്കാന്‍ തയ്യാറെടുക്കുന്നു ഇതാ ഇവിടെയൊരു വിദ്വാന്. മൂപ്പിലാന്റെ പേര് യാസീന്‍ അശ്റഫ്. പച്ചവെള്ളം പോലും ചവച്ചരച്ച് മാത്രമേ ടിയാന് സേവിക്കുകയുള്ളൂ. ഇനി എങ്ങനെയാണ് ബാധ ഒഴിഞ്ഞുപോയതെന്ന് കേട്ടോളിന്‍: ഒടുവില്‍ മലയാളമനോരമയും ആ പ്രേതബാധ ഒഴിപ്പിച്ചു. 2011 ജനുവരി (എന്തു കൊണ്ടോ വര്‍ഷം മാറിപ്പോയിരിക്കുന്നു) മൂന്നിലെ പത്രത്തിന്റെ പിന്‍പുറത്തുവന്ന വാര്‍ത്ത ഒന്നരവര്‍ഷം മുമ്പത്തെ അതിന്റെ ഒരു പരമ്പര സൃഷ്ടിച്ച വിഷമിറക്കാന്‍ ഉപകരിച്ചെങ്കില്‍ നന്ന് എന്നാണ് അശ്റഫ്ക മൊഴിഞ്ഞിരിക്കുന്നത്. ഹിന്ദു പെണ്‍കുട്ടികളെ പണം കൊടുത്തും സ്നേഹം കൊടുത്തും മാര്‍ക്കം കൂട്ടി തങ്ങളുടെ മതത്തിന്റെ വഴിയിലേക്ക് പറഞ്ഞു വിടുന്ന ഒരേര്‍പ്പാടുണ്ടല്ലോ. ച്ചാല്‍ ലൗജിഹാദ്. എല്ലാ പ്രണയവും ഒടുവില്‍ ജിഹാദില്‍ അവസാനിക്കുന്നുവെന്ന് ആരോപറഞ്ഞിട്ടുണ്ട്. ലൗജിഹാദ് കേരളത്തിന്റെ ഏതെങ്കിലും ഓണം കേറാമൂലയിലെ മാര്‍ക്കം കൂട്ടല്‍ കേന്ദ്രത്തില്‍ നിന്ന് ഉയര്‍ന്നുവന്നതല്ല. വ്യക്തമായ രൂപരേഖയോടെ കൃത്യമായ നിലപാടുകളോടെ അന്താരാഷ്ട്രതലത്തില്‍ ഉരുവംകൊണ്ട ക്ഷുദ്രവൈറസിന്റെ വിളയാട്ടമായിരുന്നു ലൗജിഹാദ്. അതിനെതിരെ വൈകിയാണെങ്കിലും ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഫലമായി ഈ വൈറസ് സുഷുപ്തിയിലായിരുന്നു.
പ്രതിഷേധം സംഘപരിവാറിന്റെ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ത്ത് കേരളത്തിലെ ജാഡബുദ്ധിജീവികളെ വിലക്കെടുത്ത് മറ്റൊരു ജിഹാദ് നയിച്ചു ലൗ ജിഹാദുകാര്‍. അതിന്റെ ഫലമായി അത്തരം വാര്‍ത്തകള്‍ ജനശ്രദ്ധയില്‍ വരികയോ മറ്റോ ഉണ്ടായില്ല. അശ്റഫ്കയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആ പ്രേതത്തെ ആരോ കാഞ്ഞിരത്തില്‍ ആണിയടിച്ചുകേറ്റി തളച്ചു. എന്നാല്‍ പലതരത്തില്‍ പല തലത്തില്‍ മേപ്പടി ജിഹാദ് ശക്തിപ്രാപിച്ചുകൊണ്ടുമിരുന്നു. പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മാനാപമാനങ്ങളുടെ നൂല്‍ക്കമ്പിയിലൂടെ പോവുകയായതിനാലാണ് അതിന് വേണ്ടത്ര ശ്രദ്ധകിട്ടാതിരുന്നത്. എന്നാല്‍ കാഞ്ഞിരത്തിലെ ആണിയടിക്ക് കുറച്ചുകൂടി ശക്തി കിട്ടാനാവാം ഇപ്പോള്‍ മലയാളമനോരമ വഴി ഒരു വാര്‍ത്താ ആണി അടിച്ചത്. അതിന്റെ ആഹ്ലാദ പ്രകര്‍ഷത്താല്‍ അടങ്ങി നില്ക്കാനാവുന്നില്ല അശ്റഫിന്. അതദ്ദേഹം മീഡിയാസ്കാന്‍ വഴി മാലോകരെ അറിയിച്ചിരിക്കുന്നു. മാധ്യമം ആഴ്ചപ്പതിപ്പിലെ (ജനു. 16) പതിവുകോളത്തിലെ എഴുത്താണി വഴി ഇങ്ങനെയൊരു സാഹസത്തിന് ഇറങ്ങിത്തിരിച്ച ടിയാന്റെയും അരുനില്ക്കുന്നവരുടെയും ധാരണ ഹിന്ദു പെണ്‍കുട്ടികളെ തങ്ങളുടെ തരം പോലെയുള്ള പ്രവൃത്തികള്‍ക്ക് വിധേയമാക്കാമെന്നാവാം. മലയാളമനോരമ വഴി കിട്ടിയ ആയുധം കൊണ്ട് പ്രതിഷേധക്കാരെ നിശബ്ദമാക്കാമെന്നാവാം. എല്ലാ പ്രണയവും ജിഹാദില്‍ അവസാനിക്കുമെങ്കിലും എല്ലാജിഹാദും പ്രണയത്തില്‍ അവസാനിക്കുന്നില്ല അശ്റഫ്ക്കാ. പത്രങ്ങള്‍ കേരളത്തെ ഗുജറാത്താക്കിയേനേ എന്ന് ആശങ്കപ്പെടുന്ന അശ്റഫ് സമാധാനം കൊള്ളുന്നത് ഇതാ ഇങ്ങനെയാണ്: ലൗജിഹാദിന് തെളിവില്ലെന്ന് ഖണ്ഡിതമായി പറഞ്ഞ കേരള പോലീസും നടപടികള്‍ അവസാനിപ്പിച്ച ഹൈക്കോടതിയും (ജസ്റ്റിസ് എം. ശശിധരന് നമ്പ്യാര്‍ ) പക്വതയുള്ള മുഖ്യധാരാരാഷ്ട്രീയ നേതൃത്വങ്ങളുമാണ് അപകടകരമായ ഈ പോക്കിന് തടയിട്ടത്. ഇല്ലായിരുന്നെങ്കില്‍? അതെ,ഇല്ലായിരുന്നെങ്കില്‍…. ഗാന്ധിജി പറഞ്ഞിട്ടുണ്ട്, സത്യംപറയുന്ന ഞാന്‍ ഒറ്റയ്ക്കാവാം. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആളില്ലാതിരിക്കാം. എന്നാല്‍ മറ്റു ശബ്ദങ്ങള്‍ തളര്‍ന്നാല്‍ എന്റെ ശബ്ദം കേള്‍ക്കാതിരിക്കില്ല.അത്തരംശബ്ദം ഇത്തരം വൈറസുകള്‍ക്കെതിരെയുള്ള വാക്സിന് നിര്‍മാണത്തിലേക്ക് ബന്ധപ്പെട്ടവരെ നയിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം, പോര അതിനായി പ്രവര്‍ത്തിക്കാം.
ഏതു കരാറിന്റെ പിന്നിലുമുണ്ടാകും ഒരു അജണ്ട. അത് ചെറിയൊരു അഴുക്കുചാല്‍ നിര്‍മാണമായാലും മെട്രോ പാതയായാലും ശരിതന്നെ. എല്ലാ ശരികളും നേര്‍വഴിക്കാണ് പോവുകയെന്ന വിശ്വാസമുള്ളതുകൊണ്ട് നമുക്ക് ശരികള്‍ക്കായി കണ്ണും കാതും തുറന്നുവെച്ചിരിക്കാം. കൊച്ചി മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ ആര്‍ക്കൊക്കെയാവും വീര്ത്തകീശകള് ഉണ്ടാവുകയെന്ന് പ്രവചിക്കുക സാധ്യമല്ല. എന്നാലും അതിനെക്കുറിച്ച് കേള്‍ക്കുന്നത് സുഖമുള്ളകാര്യമാണ്. അതിനെക്കുറിച്ചും അതിനോടുബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും നമ്മോട് സംസാരിക്കുന്നു കലാകൗമുദി (ജനു. 15). സ്ട്രൈക്കര്‍ ശ്രീധരന് എന്ന കെ.എസ്. ശരത്ലാലിന്റെ കുറിപ്പും കോടികള്‍ മോന്താന് തീവണ്ടി എന്ന ശ്രീകുമാര്‍ മനയിലിന്റെ ലേഖനവും ചില കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെകൊണ്ടുപോകുന്നു.അഴിമതി അഴിമതി എന്ന് പുരപ്പുറത്തുകേറിവിളിച്ചു കൂവാന്‍ എളുപ്പമാണ്.പക്ഷേ, തെളിവുകളുടെ കണിശതയോടെ മുന്നോട്ടുപോയാലേ എന്തെങ്കിലും ഗുണമുള്ളൂ. അത്തരമൊരു സാധ്യതയിലേക്ക് മേപ്പടികുറിപ്പുകള് നമ്മെ നയിക്കുമോ എന്നു ചോദിച്ചാല്‍ ഒരു ബിഗ് നൊ തന്നെ പറയേണ്ടിവരും. ഇത്തരം സംഗതികളെക്കുറിച്ച് പറയുമ്പോള്‍ മാര്‍ക്കറ്റ് വാല്യു കൂടുമെന്ന് ആര്‍ക്കാണറിയാത്തത്.
ഏതും അതിരുകടന്നാല്‍ ഭ്രാന്താവും. ഭ്രാന്ത് സുഖമുള്ള സംഗതിയല്ല, ഭ്രാന്തനൊഴികെ. കേരളം സദാചാരമെന്ന ഭ്രാന്താവസ്ഥയിലാണെന്ന് പറയുന്നു ഇന്ത്യ ടുഡേ (ജനു.18) യുടെ പുതിയലക്കം.സദാചാരത്തിന്റെ മാനദണ്ഡങ്ങള്‍ പണ്ടു നാടുവാഴികളും ജന്മിമാരും നിശ്ചയിച്ചിരുന്നെങ്കില്‍ ഇന്ന് പാര്‍ട്ടിക്കാരും മതക്കാരും അത് ഏറ്റെടുത്തിരിക്കുന്നു എന്നാണ് വാരികയുടെ പക്ഷം. യഥാര്‍ത്ഥ വസ്തുതയും പ്രചാരണ വസ്തുതയും സമാന്തരമായിപ്പോവാം. ഒന്ന് മറ്റതിനെ പിന്നിലാക്കിഎന്നും വരാം. എന്തായാലും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ ആയുധങ്ങളുമായി കൊലവിളിയോടെ ഇറങ്ങിത്തിരിക്കുന്നവര്‍ മാനവികത എന്നൊരുസംഗതി പച്ചവെള്ളമാണോ പാഷാണമാണോ എന്ന് ഒരു നിമിഷം ആലോചിച്ചാല്‍ നന്ന്. കേരളത്തില്‍ അടുത്തകാലത്ത് നടന്നതും നേരത്തെ നടന്നതുമായ സംഭവഗതികള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഇന്ത്യാടുഡെ യില്‍ ജെ.ബിന്ദുരാജ് കിരാതനീതിയുടെ അടയാളങ്ങള്‍ എഴുതിയിരിക്കുന്നത്. നീതിബോധത്തെക്കാള്‍ വികാര ബോധം നയിക്കുന്നവര്‍ക്ക് പിടിച്ചുനില്ക്കാന് ന്യായവാദങ്ങളനേകമുണ്ടെന്ന സൂചനകള്‍ ഫീച്ചറില്‍ ധാരാളം.
ഒരു കത്ത്, കൊള്ളിയാന്‍ പോലെ. അതിനവസരം ഉണ്ടാക്കിയത് മലയാളം വാരിക (ജനു. 13) പുതിയ ലക്കം. പാണ്ഡിത്യത്തിന്റെ പരമപദവിയിലും അഹങ്കാരലേശമില്ലാത്ത ഒരാചാര്യന്റെതാണ് ആ കത്ത്. ഒരു കണ്ണീര്‍ക്കണം എന്ന പേരില്‍ അതങ്ങനെ വൈഡൂര്യം പോലെ തിളങ്ങിനില്ക്കുന്നു. അഴീക്കോട് മാഷിന്റെ രോഗാവസ്ഥയെചുറ്റിപ്പറ്റിയുള്ള വിശേഷങ്ങള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍സാര്‍ എഴുതിയിരിക്കുന്നത്…. അഴീക്കോടിന്റെ രോഗവിവരം പരമ്പരയായി ചാനലുകളിലും സചിത്ര തുടര്‍ക്കഥയായി പത്രങ്ങളിലും വന്നുതുടങ്ങിയത്. അദ്ദേഹത്തിന്റെ രോഗവിവരം അറിയാന്‍ ജനങ്ങള്ക്കാഗ്രഹമുണ്ടാകും. അതറിയിക്കേണ്ടത് മാധ്യമധര്മവുമാണ്. പക്ഷേ, അത് തിരക്കഥയായി ഷൂട്ട് ചെയ്യരുതായിരുന്നു; സചിത്രതുടര്ക്കഥയാക്കരുതായിരുന്നു. എന്തുചെയ്യാം സാര്‍, നാടോടുമ്പോള്‍ കൂടെ ഓടുകയത്രേ ഇപ്പോഴത്തെ മാധ്യമധര്‍മം. ഏതായാലും അതു ചൂണ്ടിക്കാണിക്കാന്‍ കാണിച്ച കരുത്ത് പണ്ട് ക്ലാസുമുറിയില്‍ കാണിച്ചതുപോലെതന്നെ എന്നത് എത്ര അഭിമാനകരമാണ് ശിഷ്യന്മാര്ക്ക്!
തൊട്ടുകൂട്ടാന്‍
വിദ്യയരുളുകതമ്പുരാനേ
വിണ്ണിലിരുന്നിടും തമ്പുരാനേ.
പാവങ്ങള്‍ ഞങ്ങള്‍തന്‍ പഞ്ചേന്ദ്രിയങ്ങളും
പാവനമാക്കുക തമ്പുരാനേ
മഹാകവി അക്കിത്തം
കവിത:വിദ്യയരുളുക
പവിത്രഭൂമി മാസിക, പയ്യന്നൂര്‍ (ജനു)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: