ഇസ്ലാമബാദ്: പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ദുബായ് സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടില്‍ തിരിച്ചെത്തി. വ്യാഴാഴ്ചയാണ് സര്‍ദാരി ദുബായിയിലേക്ക് പോയത്. അവിടെ സ്വന്തം വസതിയുള്ള സര്‍ദാരി ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് പോയതെന്നും ചില കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ദാരി മടങ്ങിയെത്തിയ വിവരം അദ്ദേഹത്തിന്റെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പാക്കിസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സര്‍ദാരി ദുബായിയിലേക്ക് പോയത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇതിനിടെ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വിശ്വാസ വോട്ട് തേടേണ്ടതില്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ അന്വേഷിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ വിളിച്ചുചേര്‍ത്ത അടിയന്തര പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഗിലാനി നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരായതുകൊണ്ട് തന്നെ വിശ്വാസവോട്ട് തേടേണ്ട ആവശ്യമില്ലെന്നും എന്നാല്‍ പ്രതിപക്ഷ സഹായം ആവശ്യമില്ലെന്നും ഗിലാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
സൈന്യവുമായോ ജുഡീഷ്യറിയുമായോ ഒരു ഏറ്റുമുട്ടലിന് സര്‍ക്കാരിന് താല്പര്യമില്ലെന്നും പ്രസിഡന്റിന്റേയോ പ്രധാനമന്ത്രിയുടെയോ കാലാവധി കുറയ്ക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യാറാണെന്നും ഗിലാനി പറഞ്ഞു. കൂടാതെ തന്റെ സര്‍ക്കാര്‍ ഒരു സ്ഥാപനത്തിനും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രതിരോധ സെക്രട്ടറിയെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സൈന്യവും സര്‍ക്കാരും തമ്മില്‍ കടുത്ത പ്രശ്നങ്ങള്‍ക്കും വഴിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: