ന്യൂദല്‍ഹി: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പരീക്ഷാ മാഫിയയിലെ കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നു.
ഈ മാഫിയയുമായി ബന്ധമുള്ള 15 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ദല്‍ഹി പോലീസ് അറിയിച്ചു. ഇവരെ ഉടന്‍തന്നെ അറസ്റ്റുചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ ഒരു ഡോക്ടറും എംബിബിഎസ് വിദ്യാര്‍ത്ഥിയുമുള്‍പ്പെടെ അഞ്ച് പേരെ പോലീസ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. പരീക്ഷാര്‍ത്ഥികള്‍ക്ക് മൊബെയില്‍ ഫോണ്‍, ബ്ലൂടൂത്ത് എന്നിവ മുഖേന ഉത്തരങ്ങള്‍ നല്കി സഹായിക്കുകയാണ് ഇവരുടെ രീതി. ഉജ്ജയിന്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മോഹിത് ചൗധരി(23) യാണ് ഈ റാക്കറ്റിലെ പ്രധാനിയെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. ഇയാളെ കൂടാതെ അമിത്(23), എംബിഎ വിദ്യാര്‍ത്ഥികളായ കപില്‍ കുമാര്‍(27), ഭീഷ്മ സിംഗ്(27) എന്നിവരാണ് പിടിയിലായത്. ഇവരെ ദല്‍ഹി കോടതി ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രതികളായവര്‍ 25 മുതല്‍ 35 ലക്ഷം വരെയാണ് ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. എല്ലാവിധ ആധുനിക സജ്ജീകരണത്തോടും കൂടിയാണ് ഈ മാഫിയയുടെ പ്രവര്‍ത്തനം. സംഘത്തില്‍പ്പെട്ട രണ്ട് പേരെ പരീക്ഷാകേന്ദ്രത്തിലേക്ക് അയച്ച് ചോദ്യപ്പേപ്പര്‍ സ്കാന്‍ ചെയ്തശേഷം ഫോണ്‍ മുഖേന കണ്ട്രോള് റൂമിലേക്ക് അയക്കും. തുടര്‍ന്ന് കണ്ട്രോള് റൂമിലുള്ളവര്‍ ഉത്തരങ്ങള്‍ ഫോണില്‍ കൂടി പരീക്ഷാര്‍ത്ഥികള്‍ക്ക് അയക്കുകയാണ് ഇവരുടെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: