ന്യൂദല്‍ഹി: പ്രകോപനപരമായ ലേഖനം എഴുതിയതിന്റെ പേരില്‍ കേസ് നടപടികള്‍ നേരിടുന്ന ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യ സ്വാമിയെ ഈ മാസം 30വരെ അറസ്റ്റു ചെയ്യരുതെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. സ്വാമിക്ക് ഹൈക്കോടതി താത്ക്കാലിക സംരക്ഷണം നല്‍കും
ഭാവിയില്‍ ഇത്തരം ലേഖനങ്ങള്‍ എഴുതരെന്ന് നിര്‍ദ്ദേശം നല്കിയ കോടതി സ്വാമിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദല്‍ഹി പോലീസിനോട് നിലപാട് അറിയിക്കാനും നിര്‍ദ്ദേശിച്ചു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും എല്ലാത്തരം മതവിഭാഗങ്ങളുടെയും വികാരങ്ങളെ മാനിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും സ്വാമിയുടെ ഹര്‍ജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.
2ജി കേസില്‍ സര്‍ക്കാരിനെതിരെ തെളിവുനല്കിയതിനാല് സ്വാമിയെ ദ്രോഹിക്കുകയെന്ന ഉദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണ് കേസെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കെ.ടി.എസ്.തുളസി വാദിച്ചു. ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വാമി തന്നെയെഴുതിയ പുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് പ്രസ്തുത ലേഖനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നൊന്നും ഒരു പ്രശ്നവുമില്ലെന്നിരിക്കെ, 2ജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്നതിനു പിന്നാലെ സ്വാമിക്കെതിരെ പോലീസ് കേസെടുത്തത് സംശയകരമാണെന്ന് അഭിഭാഷകന് വാദിച്ചു.
ജൂലൈയില്‍ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ തുടര്‍ന്ന് ഒക്ടോബറിലാണ് സ്വാമിക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തത്. കേസ് ഈ മാസം 30ന് കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: