Categories: Ernakulam

അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ വന്‍ മയക്കുമരുന്നുവേട്ട

Published by

മൂവാറ്റുപുഴ: അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ക്യാമ്പുകളില്‍ എക്സൈസ്‌ ആന്റി നാര്‍ക്കോട്ടിക്‌ സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന്‌ വേട്ട. മൂവാറ്റുപുഴ ഉറവക്കുഴി, മാര്‍ക്കറ്റ്‌ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 5പേര്‍ ബ്രൗണ്‍ഷുഗറുമായി പിടിയിലായി. ഒരാള്‍ സ്ക്വാഡ്‌ ഉദ്യോഗസ്ഥരെ വെട്ടിച്ച്‌ രക്ഷപെട്ടു.

അന്യസംസ്ഥാന തൊഴിലാളികളില്‍ വ്യാപകമായി മയക്കുമരുന്ന്‌ വില്‍പ്പനയും ഉപയോഗവും നടക്കുന്നതായുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ ആലുവ നാര്‍ക്കോട്ടിക്‌ സെല്‍ സിഐ രന്‍ജിത്തിന്റെ നേതൃത്വത്തില്‍ വ്യാപകമായ റെയ്ഡ്‌ നടത്തിയത്‌. മൂവാറ്റുപുഴ എക്സൈസ്‌ വിഭാഗത്തില്‍ അറിയിക്കാതെ നടത്തിയ റെയ്ഡില്‍ കഞ്ചാവ്‌ മുതല്‍ ബ്രൗണ്‍ ഷുഗര്‍ വരെ ലഭിച്ചതായാണ്‌ അറിവ്‌. പിടികൂടപ്പെട്ടവരെല്ലാം ഇതിന്റെ ഉപഭോക്താക്കള്‍ മാത്രമാണെന്നാണ്‌ ലഭിക്കുന്ന വിവരം.
അതുകൊണ്ട്‌ തന്നെ ഇവരില്‍ നിന്നു കുറഞ്ഞ തോതിലുള്ള ലഹരി ഉത്പന്നങ്ങള്‍ മാത്രമാണ്‌ എക്സൈസിന്‌ പിടികൂടുവാനായുള്ളത്‌. ആലുവയില്‍ നിന്നും പെരുമ്പാവൂരില്‍ നിന്നും തൊടുപുഴയില്‍ നിന്നുമാണ്‌ മൂവാറ്റുപുഴയിലേക്ക്‌ ലഹരി മരുന്നുകള്‍ എത്തുന്നതെന്നാണ്‌ ഇന്റലിജന്‍സിന്‌ ലഭിച്ച വിവരം. എന്നാല്‍ ഇവ വിതരണം ചെയ്യുന്നവരെ പിടികൂടാന്‍ ഇവര്‍ക്കായിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by