കൊച്ചി: കോണ്‍ക്രീറ്റ് സൗധങ്ങളോട് പ്രിയം വര്‍ധിക്കുന്ന കാലത്ത് പരമ്പരാഗത ശൈലിയില്‍ കളക്ട്രേറ്റ് അങ്കണത്തില്‍ ഒരു ചെറുകെട്ടിടമുയരുന്നു. 600 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ തനി കേരളീയ മാതൃകയിലുളള ഈ മന്ദിരം മണലിലാണ് നിര്‍മിക്കുക.
കളക്ട്രേറ്റിന്റെ വടക്കേ ഗേറ്റിനടുത്തായി പണിയുന്ന മണല്വീടിന്റെ നിര്‍മാണോദ്ഘാടനം ബെന്നി ബഹ്നാന് എംഎല്‍എ നിര്‍വഹിച്ചു. മന്ദിരം പൂര്‍ത്തിയാകുന്നതോടെ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വെ ടിക്കറ്റ് കൗണ്ടറും അക്ഷയകേന്ദ്രവും മണല്‍ വീട്ടിലേക്കു മാറ്റും. സുരക്ഷാ പ്രശ്നങ്ങളാല്‍ ഇപ്പോള്‍ വൈകുന്നേരംവരെയേ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുളളു. മണല്‍ വീടൊരുങ്ങുന്നതോടെ കൗണ്ടറിന്റെ പ്രവര്‍ത്തന സമയം രാത്രി എട്ടുവരെയാക്കാന് കഴിയും. റോഡിനടുത്തുളള മണല്‍ വീട്ടിലേക്കു മാറുന്നതോടെ കൂടുതല്‍ ജനങ്ങള്‍ക്കു കൗണ്ടറിന്റെ സേവനം ലഭ്യമാകുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു. തൃക്കാക്കര നഗരസഭാധ്യക്ഷന്‍ പി.ഐ.മുഹമ്മദലിയും, യൂണിയന് ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മായങ്ക് മേത്തയും സന്നിഹിതരായിരുന്നു.
പ്രകൃതിയോടിണങ്ങി നില്ക്കുന്ന മണല്‍ വീട് നിര്‍മാണത്തിനു അധികം ചെലവില്ലെന്നതും ശ്രദ്ധേയമാണ്. വെറും മൂന്നു ലക്ഷം രൂപയ്ക്ക് ഒരു മാസത്തിനകം മണല്‍വീട് പൂര്‍ത്തിയാകും. വരാന്ത, രണ്ടു കൗണ്ടറുകള്‍, ബാക്ക് ഓഫീസ്, ടോയ്ലറ്റുകള്, എ.റ്റി.എം ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഇതിലുണ്ടാകും. എക്കോമേറ്റ് പ്രോജക്ട്സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനം നിര്‍മാണ ചുമതല നിര്‍വഹിക്കുന്ന മണല്‍ വീടിന്റെ രൂപകല്പന പ്രമുഖ കണ്‍സള്‍ട്ടന്റ് എഞ്ചിനീയറായ ജോഷി ചെറിയാന്റേതാണ്. ജില്ലയുടെ ലീഡ് ബാങ്കായ യൂണിയന് ബാങ്ക് ഓഫ് ഇന്‍ഡ്യ ചെലവു വഹിക്കും.
ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടില്‍ പണിതുടങ്ങിയ ചൈനയിലെ പ്രസിദ്ധമായ വന്മതിലിന്റെ പ്രധാന ചേരുവ മണലായിരുന്നു. 12-ാം നൂറ്റാണ്ടില്‍ മൊറോക്ക തുടങ്ങിയ വടക്കനാഫ്രിക്കന്‍ നഗരങ്ങളിലെ വലിയ മതിലുകള്‍, സ്പെയിനിലെ ഗ്രനഡയിലെ പ്രസിദ്ധമായ അല്ഹംസ്ര തുടങ്ങിയവ മണലില്‍ തീര്‍ത്ത സുന്ദര ശില്പങ്ങള്ക്കു മാതൃകയായി ഇന്നും നിലനില്ക്കുന്നു. ചരിത്ര സ്മരണയുയര്‍ത്തുന്ന അവയുടെ നിരയില്‍ കണ്ണിയാകാന്‍ കളക്ട്രേറ്റ് വളപ്പിലുമുയരുകയാണ് മണല്‍കൊണ്ട് തീര്‍ത്ത ഒരു വിസ്മയകാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: