തൃശൂര്‍ : ഭാരതത്തിലെ യുവത്വത്തിന് ചൈതന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിന് പ്രധാനകാരണം വിവേകാനന്ദ ദര്‍ശനങ്ങളില്‍ നിന്നും അകന്നതാണെന്നും കേസരി മുഖ്യപത്രാധിപര്‍ ജെ.നന്ദകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനവും സന്ദേശവുമാണ് സ്വാമി വിവേകാനന്ദന് നടത്തിയിരുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ യഥാര്‍ത്ഥ നേതാവ് അദ്ദേഹമായിരുന്നു. എല്ലാ മേഖലകളേയും അഗാധമായി പഠിച്ചും അതിനനുസരിച്ചുള്ള പദ്ധതികളുമാണ് അദ്ദേഹം ജനതക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. എല്ലാ കാര്യങ്ങളിലും തികഞ്ഞ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെകാലഘട്ടത്തില്‍ ആത്മവിശ്വാസം നഷ്ടമാകുന്ന ഭരണനേതൃത്വമാണ് ഉള്ളതെന്ന് നന്ദകുമാര്‍ പറഞ്ഞു.
എബിവിപി തൃശൂര്‍ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് യുവജനസദസ്സില്‍ വിവേകാനന്ദദര്‍ശനം സമഗ്രപരിവര്‍ത്തനത്തില്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരിക്കുന്നവര്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും വിവാദങ്ങളും. നമുക്ക് എല്ലാ വിഭവങ്ങളുമുണ്ടായിട്ടും ജപ്പാന്‍കാര്‍ പദ്ധതി നടത്തിയാലെ വിജയിക്കുള്ളൂ എന്ന സര്‍ക്കാര്‍ സമീപനം തന്നെ ആത്മവിശ്വാസമില്ലായ്മയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവേകാനന്ദ ദര്‍ശനങ്ങളെ രാജ്യത്തിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണം. ഭാരതം വളരെ സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുവാക്കളുടെ ഇന്നത്തെ നില പരമദയനീയമാണ്. ഇതില്‍ നിന്നും മാറ്റം വരണമെങ്കില്‍ നരേന്ദ്രന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ, നന്ദകുമാര്‍ പറഞ്ഞു.
ചടങ്ങിന്റെ ഉദ്ഘാടനം എബിവിപി സംസ്ഥാന പ്രസിഡണ്ട് പി.ആര്.ബാബുമാസ്റ്റര്‍ നിര്‍വ്വഹിച്ചു. എബിവിപി ജില്ലാ കണ്‍വീനര്‍ എ.എ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗര്‍ പ്രസിഡണ്ട് കെ.സജിത് സ്വാഗതവും, സെക്രട്ടറി ടി.ജി.ഹരിലാല്‍ നന്ദിയും പറഞ്ഞു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ജി.മഹാദേവന്, വി.ശ്രീനിവാസന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് വി.വി.രാജേഷ്, അഡ്വ. ബി.ഗോപാലകൃഷ്ണന്, അഡ്വ. രവികുമാര്‍ ഉപ്പത്ത്, മഹാനഗര്‍ കാര്യവാഹ് സി.എന്‍.ബാബു, എം.എന്‍. രഞ്ജിത്ത് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: