തിരുവനന്തപുരം : സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് നാന്ദികുറിച്ച് ഭാരതീയ വിചാരകേന്ദ്രവും വിവേകാനന്ദപഠനവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച വിവേകാനന്ദ പഠനവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച വിവേകാനന്ദ സന്ദേശയാത്രയും യുവജനസമ്മേളനവും അനന്തപുരിയില്‍ യുവശക്തി വിളിച്ചോതുന്ന മഹാസംഗമമായി. ആയിരം യുവതീ യുവാക്കളെ പങ്കെടുപ്പിച്ച് നടന്ന സന്ദേശയാത്രയോടെയാണ് അനന്തപുരി ഇന്നലെ ദേശീയ യുവജനദിനം ആരംഭിച്ചത്. രാവിലെ 9ന് ആശാന് സര്‍ക്കിളിനു മുന്നില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് സന്ദേശയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാമി വിവേകാനന്ദനോട് സവിശേഷ ആദരവ് കാട്ടിയിരുന്ന മഹാകവി കുമാരനാശാന്റെ സ്മരണയ്ക്കുമുന്നില്‍ ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച സന്ദേശയാത്രക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, മുന്‍ രഞ്ജി താരവും കോച്ചുമായ രംഗനാഥ് തുടങ്ങിയവരും അണിനിരന്നിരുന്നു. ആയിരങ്ങള്‍ അണിനിരന്ന സന്ദേശയാത്ര യുവജനസമ്മേളന വേദിയായ വെള്ളയമ്പലം പഞ്ചായത്ത് ഹാളില്‍ സമാപിച്ചു.
പ്രൗഢഗംഭീരമായ സദസിനെ സാക്ഷിനിര്‍ത്തി യുവജനസമ്മേളനം കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എ. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യുവതരമുറ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനസങ്കല്‍ത്തെ മാറ്റി ബോധവാന്മാരായിരിക്കണമെന്ന് ഡോ. ജയകൃഷ്ണന് പറഞ്ഞു. മനുഷ്യമനസ്സിനെ സംസ്കരിക്കുന്ന ഉദാത്തവത്കരിക്കുന്ന മനസ്സിന്റെ നന്മയെ കണ്ടെത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. നാം ഇന്നും കൊളോണിയലിസത്തിന്റെ പിടിയിലാണ്. മക്കളും മരുമക്കളും വിദേശത്താണ് എന്നു പറഞ്ഞ് അഭിമാനിക്കുന്ന രക്ഷിതാക്കളുള്ള ഏക രാഷ്ട്രം ഭാരതമാണ്. മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് 25 മുതല്‍ 40 വയസുവരെയുള്ള യുവജനങ്ങളുടെ വിഭവശേഷിപ്പ് ഭാരതത്തില്‍ 40 ശതമാനമുണ്ട്. മനുഷ്യ വിഭവശേഷി രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനുപയോഗിക്കുന്നതിനുപകരമം വാണിജ്യ താല്പര്യത്തോടെ മനുഷ്യവിഭവശേഷി കയറ്റുമതി ചെയ്യുന്നതിലാണ് സര്‍ക്കാരുകള്‍ക്ക് താല്പര്യം.
എല്ലാ അധിനിവേശ ശക്തികളും മറ്റൊരു രാഷ്ട്രത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് അവിടെ സംസ്കാരത്തെയും ഭാഷയെയും ജീവിതരീതികളെ അവഹേളിച്ചും തമസ്കരിച്ചും വിദ്യാഭ്യാസ പ്രക്രിയയെ തകര്‍ത്തുമാണ്. ഇതുതന്നെ ബ്രിട്ടീഷുകാരും മെക്കാളെയും ഇന്ത്യയിലും നടപ്പാക്കിയത്. അപഹര്‍താബോധത്തിലും ആത്മനിന്ദയിലും അജ്ഞതയിലും അന്ധകാരത്തിലും മുങ്ങിയ ഒരു ജനതയുടെ ആത്മാവിനെ പ്രചോദിപ്പിച്ച് ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തെ ഓര്‍മ്മിപ്പിച്ച മഹാമനീഷ്യനായിരുന്നു സ്വാമി വിവേകാനന്ദന്. ഇന്ത്യന്‍ നവേത്ഥാന കാലഘട്ടത്തിലെ സൂര്യതേജസ് എന്ന് വിശേഷിപ്പിച്ച ബഹുമുഖ പ്രതിയായ വിവേകാനന്ദന് ആത്മീയത അന്യം നിന്നുപോകുന്ന അവസ്ഥയില്‍ ഭാരതത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമം നടത്തി. ഭാരതത്തിന്റെ ഭാവി യുവജനങ്ങളിലാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. വിദ്യാഭ്യാസം എന്നത് സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ മാനസിക അവസ്ഥ സൃഷ്ടിക്കുന്നതായിരിക്കണമെന്ന് വിവേകാനന്ദന് എടുത്തപറഞ്ഞു. അനിതര സാധാരണമായ ബുദ്ധിശക്തിയും കര്‍മ്മകുശലതയും ക്രാന്തശക്തിയും അഭൗമമായ ആത്മ ചൈതന്യവുമുള്ള അവതാരപുരഷനായ സ്വാമി വിവേകാനന്ദന് കൂടുതല്‍ കാലം ജീവിച്ചിരുന്നുവെങ്കില്‍ സ്വാതന്ത്രത്തിന്റെ ഫലപ്രാപ്തി മറ്റൊരു രീതിയിലാവുമായിരുന്നു. ലോകാസമസ്താ സുഖിനോ ഭവന്തു എന്ന് ആശംസിക്കുന്ന സംസ്കാരത്തിന്റെ ഉടമകളായ ഭാരതീയര്‍ക്ക് ചരിത്രാവബോധവും സംസ്കാര പ്രബുദ്ധതയുമുണ്ടാകണം. യുവതലമുറ ആദ്യം സ്വന്തം രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കണം. നമ്മുടെ സംസ്കാരത്തിനധിഷ്ഠിതമായ ചിന്താപദ്ധതിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും സ്വാമി വിവേകാനന്ദന്റെ കൃതികള്‍ പിന്തുടരാനും യുവതലമുറ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ആധ്യാത്മികതയുടെ പിന്തുണയില്ലാതെ ഭൗതിക സംസ്കാരത്തിന് യാതൊരു ശക്തിയുമില്ലെന്ന് പാശ്ചാത്യജനതയ്ക്ക് പഠിപ്പിച്ചു കൊടുത്ത മഹായോഗിയായിരുന്നു സ്വാമി വിവേകാനന്ദനെന്ന് ചടങ്ങില്‍ അധ്യക്ഷ പ്രഭാഷണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് പറഞ്ഞു. ഭാരതത്തിന്റെ ആത്മാവ് എന്താണെന്ന് സ്വാമി വിവേകാനന്ദന് കാട്ടിക്കൊടുത്തു. പാശ്ചാത്യസംസ്കാരത്തിന്റെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഭാരതസംസ്കാരം ആവശ്യമാണെന്ന് സ്വാമി വിവേകാനന്ദന് വ്യക്തമാക്കിയിരുന്നു. സമസ്തമേഖലകളിലും ഭാരതീയ സംസ്കാരം പ്രതിഫലിക്കേണ്ടതിന്റെ ആവശ്യകത സ്വാമി വിവേകാനന്ദന് ചൂണ്ടിക്കാട്ടി. വിവേകാനന്ദന്റെ പ്രസംഗങ്ങള്‍ സ്വതന്ത്രഭാരതത്തിന്റെ നയപ്രസംഗങ്ങളായിരുന്നു. പീഡിതര്‍ക്കും മര്‍ദ്ദിതര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ വലിയ ഈശ്വരാരാധന മറ്റൊന്നില്ല എന്നതായിരുന്ന വിവേകാനന്ദന്റെ കാഴ്ചപ്പാട്. വിവേകാനന്ദദര്‍ശനങ്ങള്‍ ഭാരതത്തിന്റെ നവോത്ഥാനത്തിന് യുവതലമുറ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. വിവേകാനന്ദദര്‍ശനങ്ങള്‍ എത്തിക്കാന്‍ ഏത് ഉദ്ദേശ്യത്തോടെ ദേശീയ യുവജനദിനം പ്രഖ്യാപിച്ചോ അത് പ്രായോഗിക തലത്തില്‍ ഫലവത്തായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിശിഷ്ടാതിഥിയായിരുന്നു. താന്‍ വിവേകാനന്ദന്റെ ആരാധകരനാണെന്നും ലക്ഷ്യബോധത്തിനുവേണ്ടി പോരാടാനുള്ള വിവേകാനന്ദന്റെ ആഹ്വാനം മനസ്സിലേക്ക് വലിയൊരു യുവതലമുറ ഇന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. എന്തുചെയ്താലും ആത്മാര്‍ത്ഥമായി ചെയ്യുക, അതിനെ സ്നേഹിക്കുക. ലക്ഷ്യത്തിലെത്തിച്ചേരാന്‍ പ്രവര്‍ത്തിക്കുക. ഈ സന്ദേശം വിവേകാനന്ദ ദര്‍ശനങ്ങളില്‍ നിന്ന് സ്വീകരിച്ചതാണ്. ലോക കപ്പ് കഴിഞ്ഞപ്പോള്‍ തനിക്ക് ക്രിക്കറ്റ് കളി മതിയാക്കാമായിരുന്നു. ചേട്ടന് നീയാണോ വിവേകാനന്ദന്റെ ആരാധകനെന്ന് എന്നോട് ചോദിച്ചു. ഒന്നും നേടിയിട്ടില്ലെന്നും ഏറെ നേടാനുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.
ചെറുപ്പത്തിലേ മുന്നോട്ടുപോവണമെന്ന ലക്ഷ്യമുണ്ടായത് ഇതിലൂടെയാണ്. ശ്രീശാന്ത് പറഞ്ഞു. വിവേകാനന്ദ പഠനവേദി കണ്‍വീനര്‍ കെ. രംഗനാഥ് കൃഷ്ണ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി. രാജശേഖരന്‍നന്ദിയും പറഞ്ഞു. ലക്ഷ്മീദാസിന്റെ കാവ്യാഞ്ജലിയും ന്യൂഡല്‍ഹി വിവേകാനന്ദന്റെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് മുന്‍ സെക്രട്ടറി മുതല്‍ കനിത്കറുടെ മുഖാമുഖവും നടന്നു. സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സി.ജി. രാജഗോപാല്‍ സന്നിഹിതനായിരുന്നു. ആള്‍സെയിന്റ് കോളേജ് ചെയര്‍പേഴ്സണ്‍ അമൃതാമോഹന്‍ ആധ്യക്ഷ്യം വഹിച്ചു. അഡ്വ. പി.എന്‍. വേണുകുമാര്‍ സ്വാഗതവും ജി. അശ്വതി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: