വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ സൈനിക അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അമേരിക്ക. പാക്സൈന്യം സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന ഉറപ്പ് വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെയൊന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പെന്റഗണ്‍ വക്താവ് വ്യക്തമാക്കി.
പാക്കിസ്ഥാനിലെ സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമാണെന്നും അതിലിടപെടാനില്ലെന്നും അമേരിക്ക വ്യക്തമാക്കി. പാക് സര്‍ക്കാരും സൈന്യവും തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പാക് കരസേനാ മേധാവി ജനറല്‍ പര്‍വേസ് കയാനിയെ ഫോണില്‍ വിളിച്ച് അമേരിക്കന്‍ സൈനികമേധാവി നയം വ്യക്തമാക്കുകയായിരുന്നു. രാജ്യത്ത് ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ പിന്തുണക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ സംഭവവികാസങ്ങള്‍ പാക്കിസ്ഥാന്റെ ആഭ്യന്തര പ്രശ്നമാണെന്നും എല്ലാ പാര്‍ട്ടികളും ഭരണഘടനാപ്രകാരം ജനാധിപത്യപരമായി പെരുമാറണമെന്നും ഔദ്യോഗിക വക്താവ് വിക്ടോറിയ നൂലാന്റ്അറിയിച്ചു. പാക്കിസ്ഥാനിലെ അമേരിക്കന്‍ അംബാസഡര്‍ ഷെറി റഹ്മാന്, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇസ്ലാമാബാദിലെ അമേരിക്കന്നയതന്ത്രജ്ഞര് പാക്കിസ്ഥാന് അധികൃതരുമായി കൂടിക്കാഴ്ച നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ സൈനിക മേധാവി ഡെപ്സിയും പാക് സൈനികമേധാവി കയാനിയും തമ്മില്‍ 24 വര്‍ഷമായി പരസ്പരം അറിയുന്നവരാണ്. കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ ഇരുവര്‍ക്കുമിടയില്‍ സംഭാഷണങ്ങള്‍ നടന്നുവരികയാണ്. വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും എന്നാല്‍ സര്‍ക്കാരിനും സൈന്യത്തിനുമിടയില്‍ സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലും സംഭാഷണങ്ങള്‍ തുടരുന്നതായും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി നിയമിച്ച പുതിയ പ്രതിരോധ സെക്രട്ടറി നര്‍ഗീസ് സേഫി സഹകരിക്കില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചതായി അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മെമ്മോക്കുവേണ്ടി കയാനിയും പാഷയും നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ പ്രതിരോധവകുപ്പുമന്ത്രി നിരസിച്ചതായി വ്യക്തമാക്കുന്ന കരട് രൂപം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നതായും സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: