കൊച്ചി: പൊന്നമ്പലമേട്ടില്‍ മലയര സമുദായത്തിന് പാരമ്പര്യമായി അവകാശപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭത്തിന് വിഎച്ച്പി പിന്തുണ നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് അറിയിച്ചു.
പൊന്നമ്പലമേട്ടില്‍ മലയരയ സമുദായം പാരമ്പര്യമായി നടത്തിവന്നിരുന്ന ദീപാരാധനയും അനുഷ്ഠാനങ്ങളും ഇടക്കാലത്ത് ദേവസ്വം ബോര്‍ഡ് കവര്‍ന്നെടുത്തു. സര്‍ക്കാരിന്റെ ഒത്താശയോടെ ദേവസ്വംബോര്‍ഡും, ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്ന് മലയരയന്മാരെ പൊന്നമ്പലമേട്ടില്‍ നിന്നും കുടിയിറക്കി.
ശബരിമലയും ബന്ധപ്പെട്ട മലയരയസമൂദായത്തിന് ഉണ്ടായിരുന്ന അവകാശങ്ങള്‍ ഒരോന്നായി ദേവസ്വം ബോര്‍ഡ് നിര്‍ത്തലാക്കി. ഇതിനെതിരെ മലയരസമുദായം പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ശബരിമലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് ഹൈന്ദവസംഘടനകളുടെ അഭിപ്രായത്തെക്കൂടി കണക്കിലെടുക്കാന്‍ തയ്യാറാകണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
പൊന്നമ്പലമേട്ടില്‍ മകരസംക്രമദിനത്തില്‍ മലയരയസമുദായം പാരമ്പര്യമായി നടത്തിവരുന്ന ദീപാരാധന നടത്താന്‍ അവരെ അനുവദിക്കാന്‍ ദേവസ്വംബോര്‍ഡും, സര്‍ക്കാരും തയ്യാറാകണമെന്നും, നഷ്ടപ്പെട്ട ഭൂമി തിരിച്ച് നല്കി മലയരയന്മാരെ പൊന്നമ്പലമേട്ടില്‍ പുനധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വി.മോഹനന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: