യാങ്കൂണ്‍: മ്യാന്മര് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് ആങ്ങ് സാന്‍ സൂകി മത്സരിക്കുമെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചു. നേരത്തെ അവര്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നൊബേല്‍ സമ്മാന ജേതാവായ സൂകി ഏറെക്കാലം രാഷ്ട്രീയ തടവറയില്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ക്ക് പാര്‍ലമെന്റില്‍ സീറ്റ് ലഭിക്കുന്നത്. 2010 നവംബറില്‍ നടന്ന ഇലക്ഷനില്‍ പട്ടാള ഗവണ്മെന്റ് സൂകിയെ തെരഞ്ഞെടുപ്പില്‍നിന്ന് വിലക്കുകയും വീട്ടു തടങ്കലില്‍ ആക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു. 1990 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂകിയുടെ പാര്‍ട്ടി വിജയം നേടിയെങ്കിലും പട്ടാള ഗവണ്മെന്റ് അത് നിരസിക്കുകയായിരുന്നു. 15 വര്‍ഷത്തോളം സൂകി തടങ്കലിലായിരുന്നെങ്കിലും മ്യാന്മറിലെ ജനപ്രിയയാണ് ഇവര്‍.
ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മ്യാന്മറിലെ യാങ്കൂണില്നിന്നായിരിക്കും സൂകി മത്സരിക്കുക. മ്യാന്മറിലെ ഏറ്റവും വലിയ പട്ടണമായ ഇവിടെ തന്നെയാണ് സൂകി ജനിച്ചു വളര്‍ന്നത്. തന്റെ പാര്‍ട്ടി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ സൂകി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: