കൊച്ചി: കാറുകളുടെ രാജാവായ റോള്‍സ് റോയിസ് എറണാകുളം ജില്ലയില്‍ എത്തി. 30,495,000 രൂപ വിലയുള്ള കാര്‍ ഇന്നലെ ഉച്ചയോടെയാണ് രജിസ്ട്രേഷനായി കാക്കനാട് സിവില്‍ സ്റ്റേഷന് വളപ്പിലുള്ള മോട്ടോര്‍ വാഹന ഓഫീസിനു മുന്‍പിലെത്തിയത്. എറണാകുളം ജില്ലയില്‍ ആദ്യമായാണ് ഈയിനത്തിലുള്ള ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സൗത്ത് കളമശ്ശേരിയിലെ പ്രതാപ് ഫൗണ്ടേഷന് ഫോര്‍ എഡ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. കെ.എല്‍.07.ബി.റ്റി.3232 എന്നതാണ് നമ്പര്‍. 1.60 കോടി രൂപയാണ് കാറിനു ഇറക്കുമതി ചുങ്കം നല്‍കിയത്. നികുതിയിനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനു 24.39 ലക്ഷം രൂപ ലഭിച്ചു. 3.15 ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് തുകയായി നല്കി. അല്‍ഭുത കാറെത്തിയ വിവരമറിഞ്ഞ് വിവിധ ഓഫീസുകളിലെ വനിതാ ജീവനക്കാരടക്കം റോള്‍സ് റോയിസിന് ചുറ്റും ആകാംക്ഷയോടെയെത്തി. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതും ആര്‍ടിഒ ടി.ജെ.തോമസും രാജകീയ കാറിനരികെയെത്തി സൗകര്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് ഇരുവരും കാറില്‍ കയറി കളക്ടറേറ്റിനു ചുറ്റും ഒരു ചെറു സവാരി നടത്തി. റോള്‍സ് റോയ്സ് ഡ്രൈവിംഗ് ഒന്നാന്തരം അനുഭവമായിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: