ന്യൂദല്‍ഹി: ആരുഷി-ഹേംരാജ് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ആരുഷിയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഈ കേസ് വീണ്ടും വിചാരണക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. സിബിഐ അന്വേഷണത്തില്‍ സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും ആരുഷിയുടെ മാതാപിതാക്കളായ നൂപുരിനും ഡോ.രാജേഷിനും എതിരാണെന്നും കോടതി കണ്ടെത്തി.
അതേസമയം ആരുഷി-ഹേംരാജ് ഇരട്ട കൊലപാതകത്തില്‍ മൂന്ന് സാധ്യതകളാണുള്ളതെന്ന് സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പുറമെ നിന്നുള്ള ആരെങ്കിലുമോ, വീട്ടുജോലിക്കാരോ, അല്ലെങ്കില്‍ മാതാപിതാക്കളോ ആകാം കൊലപാതകത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവദിവസം മോഷണം നടന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ആരുമായെങ്കിലും ശത്രുതയുണ്ടെന്നതിന് തെളിവുമില്ല. പുറമെനിന്നുള്ള ആര്‍ക്കും ഈ കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ജോലിക്കാരുള്‍പ്പടെ ഈ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന എല്ലാവരും സൂക്ഷ്മനിരീക്ഷണത്തിലാണെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. ജോലിക്കാരോ പുറത്തുനിന്നുള്ളവരോ അല്ല കൃത്യം നിര്‍വഹിച്ചതെങ്കില്‍ ആരുഷിയുടെ മാതാപിതാക്കളുടെ നേര്‍ക്കാണ് അന്വേഷണം ചെന്നെത്തുക. കാരണം കൊലപാതകം നടന്ന രാത്രിയില്‍ ഇവര്‍ മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരുഷിയുടേയും ഹേംരാജിന്റെയും കൊലപാതകത്തില്‍ ആരുഷിയുടെ മാതാപിതാക്കളായ നൂപുരിനും ഡോ.രാജേഷിനും പങ്കുണ്ടെന്നാണ് സിബിഐയുടെ സംശയം. ഹേംരാജുമായി മകള്‍ക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഗോള്‍ഫ് സ്റ്റിക്കുകൊണ്ടുള്ള അടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. എന്നാല്‍ തെളിവുനശിപ്പിക്കലിന്റെ ഭാഗമായി ആരുഷിയുടേയും ഹേംരാജിന്റെയും കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയതായും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: