എരുമേലി : ശബരിമലയിലേക്ക് ജോലിക്കായി വന്ന കേന്ദ്രദുരന്ത നിവാരണ സേനയിലെ പട്ടാളക്കാരനെയടക്കം ഒപ്പമുണ്ടായിരുന്ന മൂന്നുയാത്രക്കാരെയും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ബസ്സില്‍ നിന്നും ബലമായി ഇറക്കി വിട്ടതായി പരാതി. ഇന്നലെ രാത്രി ൮മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടുകാരനായ പട്ടാളക്കാരനും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും കൂടി കുമളിയില്‍ നിന്നുമാണ് സന്നിധാനത്തേക്ക് പോകുന്നതിനായി എരുമേലിവഴിയുള്ള പമ്പ ബസില്‍ കയറിയത്. എരുമേലിയിലെത്തിയ ബസില്‍ യാത്രക്കാര്‍ കുറവായതിനാല്‍ പട്ടാളക്കാരനടക്കമുളള മൂന്നുയാത്രക്കാരെ കണ്ടക്ടര്‍ പമ്പയിലേക്ക് പോകുന്ന മറ്റൊരുബസില് യാത്രക്കാര്‍ എടുത്ത ടിക്കറ്റ് സഹിതം കയറ്റിവിടുകയായിരുന്നു. എന്നാല്‍ എരുമേലിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ ദൂരം കഴിഞ്ഞ് ബസ് കണ്ടക്ടര്‍ യാത്രക്കാരനായ പട്ടാളക്കാരനോട് മോശമായി സംസാരിച്ചുതുടങ്ങിയതാണ് തര്‍ക്കത്തിനും നടുറോഡില്‍ രാത്രിയില്‍ ഇറക്കിവിടുന്നസംഭവം വരെ ഉണ്ടാവാനും കാരണം. കേന്ദ്രസേനയിലെ അംഗത്തിണ്റ്റെ കയ്യില്‍ ബലമായി കയറി പിടിച്ച് കൈ തിരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എറണാകുളം ഡിപ്പോയിലെ ബസ് ജീവനക്കാരനാണെന്നാണ് പരാതിക്കാരന് പറയുന്നത്. ആദ്യം യാത്രചെയ്ത ബസില്‍ തന്നെ യാത്ര ചെയ്താല്‍ പോരെ എന്നു ചോദിച്ചായിരുന്നു കണ്ടക്ടര്‍ തര്‍ക്കത്തിന് തുടക്കമിട്ടത്. ഇന്നലെ രാത്രിതന്നെ ജോലിക്കെത്തുന്നതിനായി ആണ് ദുരന്തനിവാരണ സേനയിലെ അംഗം എത്തിയത്. ബസില്‍ നിന്നും ഇറക്കിവിട്ട പട്ടാളക്കാരനും മറ്റ് രണ്ടുയാത്രക്കാരും കൂടി രാത്രി തന്നെഎരുമേലി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐ തോംസണ്‍, ദാസ് എന്നിവരുടെ നേതൃത്വത്തില്‍ എരുമേലി ഡിപ്പോയിലെത്തി അധികൃതരുമായി ചര്‍ച്ച ചെയ്ത് പട്ടാളക്കാരനെയും യാത്രക്കാരെയും മറ്റൊരുബസില് കയറ്റിവിടുകയും ചെയ്തു. ശബരിമല സീസണ് ജോലിക്കായി എത്തിയ കേന്ദ്രദുരന്തനിവാരണ സേനയിലെ അംഗത്തേയും യാത്രക്കാരെയും നടുറോഡില്‍ ഇറക്കിവിട്ട സംഭവം അന്വേഷണത്തിനായി തത്കാലം മാറ്റിവച്ചിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പട്ടാളക്കാരന് തിരിച്ചെത്തിയാല്‍ മാത്രമേ പരാതി ചാര്‍ജ്ജ് ചെയ്ത് തുടര്‍ നടപടികള്‍ എടുക്കാനാവൂഎന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: