ബെയ്ജിംഗ്: തദ്ദേശീയര്‍ തടവിലാക്കിയ രണ്ട് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരുകൂട്ടം ചൈനീസ് വ്യാപാരികള്‍ കോടതിയില്‍ നടത്തിയ അക്രമത്തില്‍ ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് പരിക്കേറ്റു. ഷാങ്ന്‍ഘായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ എസ്.ബാലചന്ദ്രനെയാണ് വ്യാപാരികള്‍ കോടതിമുറിയില്‍ കൈകാര്യം ചെയ്തത്. ബോധരഹിതനായ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലാക്കി. ഡിസംബര്‍ 31ന് രാത്രിയിലെ അനുരഞ്ജന ശ്രമങ്ങള്‍ക്കുശേഷം കോടതിയില്‍നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്.
കമ്പനി ഉടമ രാജ്യംവിട്ടതിനെത്തുടര്ന്ന് കമ്പനിയില്‍നിന്നും പണം ലഭിക്കേണ്ടിയിരുന്ന ചൈനീസ് വ്യാപാരികളാണ് അതിലെ ജീവനക്കാരായിരുന്ന രണ്ട് ഇന്ത്യക്കാരെ രണ്ടാഴ്ച തടഞ്ഞുവെച്ചിരുന്നത്. ദീപക് രഖേജ, ശ്യാമസുന്ദര്‍ അഗര്‍വാള്‍ എന്നീ കമ്പനി ജീവനക്കാരെ കോടതി മുറിയില്‍ ചെന്ന് അനുരഞ്ജന സംഭാഷണം നടത്തി രക്ഷപ്പെടുത്താനായിരുന്നു 46കാരനായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ബാലചന്ദ്രന്റെ ശ്രമം.
രണ്ട് ഇന്ത്യക്കാരും ബാലചന്ദ്രനോട് ചേര്‍ന്നുനിന്നതോടെ പോലീസിന്റെയും ജഡ്ജിയുടെയും സാന്നിധ്യത്തില്‍ അദ്ദേഹത്തെ വ്യാപാരികള്‍ കൈകാര്യം ചെയ്യുകയായിരുന്നു. അഞ്ച് മണിക്കൂര്‍ കോടതിക്ക് മുമ്പാകെ ഇന്ത്യക്കാരുടെ മോചനത്തിനായി ബാലചന്ദ്രന് ശ്രമിക്കുകയായിരുന്നു. കോടതി സ്വതന്ത്രരാക്കിയെങ്കിലും തങ്ങള്‍ക്ക് തരാനുള്ള ആയിരക്കണക്കിന് ചൈനീസ് പണം നല്കിയാല് മാത്രമേ ഇവരെ മോചിപ്പിക്കാനാവൂ എന്ന നിലപാടിലായിരുന്ന വ്യാപാരികള്‍ ഇന്ത്യക്കാരെ ആക്രമിച്ചു. ഇതിനിടയിലാണ് ബാലചന്ദ്രന്റെ കാല്‍മുട്ടിന് പരിക്കേറ്റതും പ്രമേഹരോഗിയായ അദ്ദേഹം അബോധാവസ്ഥയിലായതും. സംഭവത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ ബാലചന്ദ്രനോട് ക്ഷമാപണം നടത്തി. ഇതിനെതിരെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചൈനയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: