കൊച്ചി: ആലങ്ങാട്ടു യോഗം എരുമേലി പേട്ടതുള്ളലിനായി ജനുവരി മൂന്നിന് പുറപ്പെടുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മഞ്ഞപ്ര കാര്‍പ്പിള്ളിക്കാവ് മഹാദേവക്ഷേത്രദര്ശനത്തിനുശേഷം ആലങ്ങാട്ട് യോഗം പെരിയോന്‍ എ.കെ. വിജയകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പേട്ട പുറപ്പാട് അമ്പാടത്ത് മാളികയില്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഉദ്ഘാടനംചെയ്യും. ജോസ് തെറ്റയില്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. അമ്പലപ്പുഴ യോഗം പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. കലാഭവന്‍ മണി മുഖ്യാതിഥിയായിരിക്കും.
അമ്പലപ്പുഴ യോഗം പ്രതിനിധി ഗോപാലകൃഷ്ണപിള്ള, പി.ജി. നാഗപ്പന്‍നായര്‍, പഞ്ചായത്ത് മെമ്പര്‍ സില്‍വി ജോസ്, ടി.സി. വേണു, എം.എന്‍. രാജപ്പന്‍നായര്‍, എ.കെ. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
ജനുവരി മൂന്നിന് പുറപ്പെടുന്ന സംഘം നാലാം തിയതി പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ എത്തി വിളക്കും വഴിപാടും നടത്തും. 5 ന് കീഴില്ലം ശിവക്ഷേത്രത്തില്‍ വിളക്കും പാനകപൂജയും നടത്തും. തുടര്‍ന്ന് പുഴക്കരക്കാവ് ദേവീക്ഷേത്രം, കൂത്താട്ടുകുളം ശിവക്ഷേത്രം, രാമപുരം ശ്രീരാമക്ഷേത്രം, പുപരണി ക്ഷേത്രം, പൊന്‍കുന്നം ധര്‍മശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ കീഴാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തും. പത്താം തീയതി വൈകിട്ട് 6 മണിയോടെ എരുമേലിയില്‍ എത്തിച്ചേരും. 12 ന് എരുമേലിയില്‍ ചരിത്രപ്രസിദ്ധമായ പേട്ടതുള്ളല്‍ നടത്തും. 13 ന് അഴുതയില്‍ തങ്ങും. 14 ന് പമ്പയില്‍ എത്തി പമ്പാവിളക്കില് പങ്കെടുക്കും. ബലിതര്‍പ്പണാദികള്‍ കഴിഞ്ഞ് പമ്പാസദ്യയില്‍ പങ്കെടുത്ത് 15 ന് തിരുവാഭരണത്തിന് അകമ്പടിയായി സന്നിധാനത്ത് എത്തും. മകരം ഒന്നിന് താലം എഴുന്നള്ളിപ്പും പതിനെട്ടാംപടിക്കലുള്ള കര്‍പ്പൂര ദീപക്കാഴ്ചയും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ പെരിയോന്‍ എം.കെ. വിജയകുമാര്‍, എം.എന്‍. രാജപ്പന്‍നായര്‍, എം.ജി. രവീന്ദ്രനാഥ്, പി.കെ. രാജേഷ്, ജി. വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: