ഡമാസ്കസ്: സമാധാന നിര്‍ദ്ദേശങ്ങളോട് ഭരണകൂടം സഹകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അറബ് ലീഗ് നിരീക്ഷകര്‍ സിറിയയിലെ മൂന്നു നഗരങ്ങള്‍കൂടി സന്ദര്‍ശിക്കും. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും നമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്ന ഇഡ്ലിസ്, ദേറാ എന്നീ നഗരങ്ങളാണ് പത്ത് പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് സന്ദര്‍ശനം നടത്തുക. ഇതിനു മുമ്പ് നിരീക്ഷകര്‍ ഹോംസ് പട്ടണം സന്ദര്‍ശിച്ചിരുന്നു. ഹോംസ് നഗരത്തില്‍ ഭയപ്പെടുത്തുന്ന ഒന്നും കണ്ടില്ലെന്ന നിരീക്ഷണ സംഘത്തിന്റെ പരാമര്‍ശം വിവാദത്തിനിടയാക്കി. എന്നാല്‍ സ്ഥിതിഗതികളെക്കുറിച്ച് വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നായിരുന്നു സിറിയന്‍ നിരീക്ഷണസംഘത്തിന്റെ തലവനായ മുസ്തഫ അല്ദബിയുടെ അഭിപ്രായം. ഹോംസ് പട്ടണത്തിലെത്തിയ നിരീക്ഷകരോട് സര്‍ക്കാര്‍ വിരുദ്ധ പ്രകടനക്കാര്‍ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ദേറാ ഹമാ, ഇഡ്ലിബ് പട്ടണങ്ങളിലും സമാനമായ അനുഭവങ്ങള്‍ ഉണ്ടായേക്കാമെന്നു മാധ്യമപ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നു. ഹാമാ പട്ടണത്തില്‍ ഒരു പ്രകടനം നടത്താന്‍ രണ്ടുദിവസത്തിനുമുമ്പ് പ്രക്ഷോഭകര്‍ ശ്രമിച്ചെങ്കിലും സുരക്ഷാസേന കണ്ണീര്‍വാതകവും വെടിവെപ്പുമായി അവരെ പിരിച്ചുവിടുകയായിരുന്നു. അധികാരികളുടെ അറിവോടെയല്ലാതെ നിരീക്ഷകരുമായി ആശയവിനിമയം നടത്തുക അസാധ്യമാണെന്ന് മന്‍ഹാല്‍ അബുബേക്കര്‍ എന്ന പ്രക്ഷോഭകന് അറിയിച്ചു. അതു വകവെക്കാതെ ആരെങ്കിലും നിരീക്ഷകരുമായി സംസാരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ പിന്നാലെവരുമെന്നും വധിക്കുമെന്നും അബുബേക്കര്‍ കൂട്ടിച്ചേര്‍ത്തു. നിരീക്ഷകര്‍ പര്യടനം നടത്തുന്ന മറ്റു രണ്ടു നഗരങ്ങളായ ഇഡ്ലിഡിലും ദേറയിലും ചൊവ്വാഴ്ച സംഘര്‍ഷങ്ങള്‍ ഉണ്ടായി. വിമതര്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ നടത്തിയ വെടിവെപ്പില്‍ നാലു പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭങ്ങള്‍, സൈന്യത്തില്‍നിന്ന് വിട്ടുപോന്നവരുടെ പിന്‍ബലത്തോടെ ക്രമേണ ആയുധമെടുക്കുകയായിരുന്നു. നിരീക്ഷകര്‍ക്ക് യാത്രയും സുരക്ഷയും ഏര്‍പ്പാടു ചെയ്യുന്ന ഭരണകൂടത്തോട് അവര്‍ക്ക് കടപ്പാടുണ്ടെന്നും അതിനാല്‍ തന്നെ അവര്‍ വസ്തുതകള്‍ തുറന്നുപറയുന്നില്ലെന്നും പ്രക്ഷോഭകര്‍ക്ക് ആക്ഷേപമുണ്ട്. നിരീക്ഷകരുടെ ആഗമനത്തിനുശേഷം സര്‍ക്കാര്‍ സേനയും വിമതരും തമ്മിലുള്ള സംഘട്ടനങ്ങളില്‍ 40 പേര് കൊല്ലപ്പെട്ടതായി പ്രക്ഷോഭകര്‍ അറിയിച്ചു. തങ്ങളുടെ ശ്രമങ്ങള്‍ ആരംഭിക്കുന്നതേയുള്ളൂവെന്ന് നിരീക്ഷകരുടെ തലവന്‍ ജനറല്‍ ദബി പറഞ്ഞു. നിരീക്ഷകര്‍ക്ക് ഒരവസരം നല്കാന് അമേരിക്ക പ്രക്ഷോഭകാരികളോടഭ്യര്ത്ഥിച്ചു. ഇപ്പോള്‍ 66 പേരാണ് നിരീക്ഷണ സംഘത്തിലുള്ളത്. അത് ക്രമേണ 200 നും 300 നും ഇടക്ക് ഉയരും. നിരീക്ഷകര്‍ക്ക് സംസാര സ്വാതന്ത്ര്യമനുവദിക്കാന്‍ സിറിയ തയ്യാറായിട്ടുണ്ട്.
കലാപങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 735 പേരെ നിരപരാധികളെന്ന് കണ്ട് വിട്ടയച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍പ്രകാരം സംഘര്‍ഷങ്ങളില്‍ 5000ത്തിലേറെ പേര് കൊല്ലപ്പെടുകയും 14000 പേരെ അന്യായമായി തുറുങ്കിലടച്ചതായും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 40000 പേരെ തുറുങ്കിലടച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ സായുധരായ അക്രമി സംഘങ്ങളോട് ഏറ്റുമുട്ടുകയാണെന്നും സംഘര്‍ഷങ്ങളില്‍ 2000 സുരക്ഷാഭടന്മാര് കൊല്ലപ്പെട്ടതായും പ്രസിഡന്റ് അസദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: