ബ്യൂണസ്അയേഴ്സ്: അര്‍ജന്റീനിയന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസിന് (58) ക്യാന്‍സര്‍. പ്രസിഡന്റിന്റെ അസുഖവിവരം സര്‍ക്കാരാണ് പുറത്തുവിട്ടത്. തൈറോയിഡ് ഗ്രന്ഥിക്കാണ് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നതെന്നും എന്നാല്‍ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. പതിവ് പരിശോധനയിലാണ് ക്യാന്‍സര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ജനുവരി നാലിന് അവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകുമെന്നും വക്താവ് അറിയിച്ചു.
രണ്ടാം തവണയാണ് ക്രിസ്റ്റീന അര്‍ജന്റീനയില്‍ പ്രസിഡന്റാകുന്നത്. ഒക്ടോബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ക്രിസ്റ്റീന അധികാരത്തിലെത്തുകയായിരുന്നു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പദ്ധതികളും രാജ്യത്ത് സാമ്പത്തിക പുരോഗതിയുണ്ടാക്കിയ പ്രവര്‍ത്തനങ്ങളും ക്രിസ്റ്റീനയെ അര്‍ജന്റീനയുടെ പ്രിയ നേതാവാക്കി മാറ്റി. മുന്‍ പ്രസിഡന്റ് നെസ്റ്റര്‍ കിര്ഷയുടെ ഭാര്യയാണ് ക്രിസ്റ്റീന. കഴിഞ്ഞവര്‍ഷം നെസ്റ്റര്‍ മരിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് സാമ്പത്തിക തകര്‍ച്ചയുണ്ടായി. പക്ഷേ ക്രിസ്റ്റീന പ്രസിഡന്റ് സ്ഥാനത്ത് വന്നതോടുകൂടി സാമ്പത്തികമേഖലയില്‍ വളരെ വലിയ പുരോഗതി നേടുവാന്‍ സാധിച്ചു. സോയാബീന്‍ കയറ്റുമതി ചെയ്യുന്നതില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന.
ലാറ്റിനമേരിക്കന്‍ നേതാക്കളില്‍ ക്യാന്‍സര്‍ പിടിപെട്ടിട്ടുള്ള ചിലരില്‍ ഒരാളാണ് അര്‍ജന്റീനിയന്‍ പ്രസിഡന്റ.് വെനുസിലേന് പ്രസിഡന്റ് ഹുഗോ ചാവേസ്, പരാഗുയാന് പ്രസിഡന്റ് ഫെര്‍ണാണ്ടോ ലൂഗോസ് എന്നിവരാണ് മറ്റ് പ്രധാന നേതാക്കള്‍. മുന്‍ ബ്രസീലിയന്‍ നേതാവ് ലൂയിസ് ഇനാക്കോഡാ സില്വാക്ക് ക്യാന്‍സര്‍ പിടിപെട്ടുവെങ്കിലും ചികിത്സകള്‍ക്കുശേഷം രോഗം ഭേദമാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: