കറുകച്ചാല്‍: അവധിദിവസങ്ങള്‍ കണക്കാക്കി കറുകച്ചാല്‍-നെടുംകുന്നം മേഖലയില്‍ കുന്നിടിച്ചുള്ള മണ്ണെടുപ്പ് വ്യാപിച്ചു. അതോടൊപ്പം മേഖലയിലെ ഇടവഴികളും ടിപ്പറുകള്‍ കൈയ്യടക്കി. നൂറുകണക്കിന് ലോഡ് മണ്ണാണ് ഇവിടെ നിന്നും ദിവസവും കടത്തിക്കൊണ്ടുപോകുന്നത്. രാത്രിയിലും പകലും ഭേദമില്ലാതെ മണ്ണെടുക്കുന്നുണ്ട്. ചങ്ങനാശ്ശേരി-വാഴൂറ്‍ റോഡിനു പുറമെ ശാന്തിപുരം, ഇരുമ്പുകുഴി, വെങ്കോട്ട, പാലമറ്റം, ചമ്പക്കര, മാന്തുരുത്തി, നെടുംകുന്നം നെടുങ്ങാടപ്പള്ളി തുടങ്ങിയ റോഡുകളിലും ടിപ്പറുകളുടെ മത്സരഓട്ടം നാട്ടുകാര്‍ക്കു ഭീഷണിയാകുന്നു. യാതൊരുനിയന്ത്രണവുമില്ലാതെയാണ് മണ്ണുമായിടിപ്പറുകള് പാഞ്ഞുപോകുന്നത്. കഴിഞ്ഞദിവസം അമിതവേഗത്തില്‍ പോയ ടിപ്പര്ലോറികളില്നിന്നും കല്ലും മണ്ണും റോഡില്‍ തെറിച്ചുവീണ് അപകടമുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് കൂത്രപ്പള്ളിയില്‍ ടിപ്പറുകള്‍ തടഞ്ഞിരുന്നു. ടിപ്പറുകളില്‍ സ്പീഡ് ഗവര്‍ണ്ണര്‍ ഘടിപ്പിക്കണമെന്നും അല്ലാത്തതു പോലീസ് പിടിച്ചെടുക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഗ്രാമീണറോഡുകളില്‍ മണ്ണുമായി ടിപ്പറുകള്‍ പോകുന്നതോടെ റോഡിനിരുവശവും പൊടിപടലങ്ങള്‍ കൊണ്ടുനിറഞ്ഞിരിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. പൊടിപടലങ്ങള്‍ ഒഴിവാക്കാന്‍ റോഡില്‍ വെള്ളം തളിക്കണമെന്നു നിര്‍ദ്ദേശമുണ്ടെങ്കിലും അതൊന്നും ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു. അനധികൃതമണ്ണെടുപ്പും ടിപ്പറുകളുടെ മത്സരഓട്ടവും നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: