ഇസ്ലാമാബാദ്: അബോട്ടാബാദ് പോലുള്ള ഏകപക്ഷീയമായ നടപടി ആവര്‍ത്തിക്കരുതെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അമേരിക്കയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരം ബഹുമാനിക്കാന്‍ യുഎസ് തയ്യാറാകണമെന്നും പെയിലറ്റില്ലാ വിമാനാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മെയ് രണ്ടിന് അബോട്ടാബാദില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്ലാദന് കൊല്ലപ്പെട്ടത്.
അതേസമയം, വിശ്വാസ്യതയേറിയതും നടപടിയെടുക്കാന്‍ പറ്റുന്ന തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍ നടപടികള്എടുക്കുന്നതിനായി പാക് ഭരണകൂടത്തിനോടും അത് പങ്കുവയ്ക്കണമെന്നും ഗിലാനി ആവശ്യപ്പെട്ടു.
എന്നാല്‍ പെയിലറ്റില്ലാ വിമാനാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇത് ഇരുകക്ഷികള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും നാട്ടുകാരില്‍നിന്നും തീവ്രവാദികളെ അകറ്റിനിര്‍ത്തുന്നതിനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് ഇത് എതിരാകുമെന്നും അദ്ദേഹം പറഞ്ഞു.
അബോട്ടാബാദ് സംഭവത്തിനുശേഷം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചിരുന്നു. എന്നാല്‍ നവംബര്‍ 26 ന് നാറ്റോ നടത്തിയ പെയിലറ്റില്ലാ വിമാനാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവം വീണ്ടും ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടായിരിക്കുകയാണ്.
ഇതിനിടെ സൈന്യത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നതായും റാസ ഗിലാനി കുറ്റപ്പെടുത്തി. സൈന്യത്തേക്കാള്‍ കൂടുതല്‍ അധികാരം സര്‍ക്കാരിനാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറെക്കാലമായി പാക് സൈന്യത്തിനാണ് രാജ്യത്ത് കൂടുതല്‍ അധികാരമെന്ന് കരുതപ്പെടുന്നു. പ്രധാനമന്ത്രിയുടെ പ്രതിഛായക്ക് ഈയടുത്ത കാലത്തുണ്ടായ വിവാദങ്ങള്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ അനുമതിയോടെ സൈനിക കലാപമുണ്ടായാല്‍ ഇടപെടണമെന്ന് അമേരിക്കക്ക് എഴുതിയെന്ന് പറയുന്ന കത്താണ് വിവാദമുയര്‍ത്തുന്നത്. ഇതിന്റെ പേരില്‍ ദുബായിയിലെ ചികിത്സക്കുശേഷം മടങ്ങിയെത്തിയ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ പുറത്താക്കാന്‍ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ആരേയും പേരെടുത്ത് പറയാതെ ഗിലാനി നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ കൂടിയിരുന്ന ജനങ്ങളെ അറിയിച്ചു. ഭരണം നഷ്ടപ്പെട്ടാലും തങ്ങള്‍ പാക് ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രണ്ടാഴ്ച മുമ്പ് ഒരു പട്ടാള വിപ്ലവത്തിനുള്ള സാധ്യത ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് തള്ളിക്കളഞ്ഞിരുന്നു. 2008 ഫെബ്രുവരിയില്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ രാജിവെക്കാനുള്ള ആവശ്യങ്ങളേയും തനിക്കെതിരായ ആരോപണങ്ങളേയും സര്‍ദാരി അതിജീവിച്ചിരുന്നു. എന്നാല്‍ അമേരിക്കക്ക് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിനെക്കുറിച്ച് സൈന്യത്തിന്റെ ശുപാര്‍ശയില്‍ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇത് പ്രസിഡന്റിന്റെ സ്ഥിതി കൂടുല്‍ വഷളാക്കിയേക്കും. തെരഞ്ഞെടുപ്പുകള്‍ 2013 ഫെബ്രുവരിയിലാണ് നടക്കേണ്ടത്. പ്രതിപക്ഷം പ്രതിഷേധറാലികളുമായി തെരുവില്‍ ഇറങ്ങിയതിനാല്‍ 2012ഓടെ തെരഞ്ഞെടുപ്പുണ്ടാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
പാക്കിസ്ഥാന് രൂപംകൊണ്ടതിനുശേഷമുള്ള പകുതി കാലഘട്ടം രാജ്യം സൈനിക ഭരണത്തിന്‍കീഴിലായിരുന്നു. നാലുപ്രാവശ്യം അട്ടിമറിയിലൂടെ അവര്‍ ഭരണം പിടിച്ചെടുത്തിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ പട്ടാള വിപ്ലവത്തിന് സാധ്യതകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: