എരുമേലി: എരുമേലി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. മുല്ലപ്പെരിയാര്‍ സമരപ്രതിഷേധ പ്രതിസന്ധികള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കെ അന്യസംസ്ഥാനത്തു നിന്നുമുള്ള തീര്‍ത്ഥാടകരുടെ വരവ് നിലച്ചതാണ് എരുമേലിയടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെ കച്ചവടക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ കാരണമായത്. സ്വര്‍ണ്ണാഭരങ്ങളും വീടും പുരയിടവുമൊക്കെ പണയം വച്ചും, ലോണെടുത്തും കൊള്ളപ്പലിശയ്ക്ക് പണം കടംവാങ്ങിയുമൊക്കെ ലക്ഷക്കണക്കിനു രൂപയാണ് സീസണ് കച്ചവടത്തിനായി ഇറക്കിയത്. ശൗചാലയങ്ങള്‍, പാര്‍ക്കിംഗ്, കൊപ്രാ, ചെറുതും വലുതുമായ കടകള്‍ തുടങ്ങിയവ ലേലത്തിനെടുത്ത കാരറുകാരും കടകള്‍ നേരിട്ട് ലേലത്തിനെടുത്ത കച്ചവടക്കാരുമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തി നില്‍ക്കുന്നത്. മുല്ലപ്പെരിയാര്‍ സമരപ്രതിസന്ധിയുടെ പേരില്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന അതിരുകടന്ന പ്രതിഷേധങ്ങളാണ് തീര്‍ത്ഥാടനത്തെ സാരമായി ബാധിച്ചിരിക്കുന്നത്. ആന്ധ്രാ, കര്‍ണാടക സംസ്ഥാനങ്ങളിലെ തീര്ത്ഥാടകര്ക്കെത്താനുള്ള അതിര്‍ത്തികളില്‍ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും തുടരുന്നതിനാല്‍ മറ്റ് സംസ്ഥാന തീര്‍ത്ഥാടകരെപ്പോലും ശബരിമല ദര്‍ശനത്തിന് അനുവദിക്കാത്ത സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.ശബരിമല സീസണിലെ കച്ചവടം കണക്കാക്കി ലക്ഷങ്ങള്‍ ചിലവഴിച്ചു കടകള്‍ തുടങ്ങിയെങ്കിലും കച്ചവടത്തിണ്റ്റെ അനിശ്ചിതത്വം തീര്‍ത്ഥാടനത്തെ തന്നെ തകിടം മറിച്ചിരിക്കുകയാണ്. സീസണിണ്റ്റെ മണ്ഡലകാലം പൂര്‍ത്തിയാകുന്നതോടെ എത്രകച്ചവടക്കാര് ആരുമറിയാതെ സ്ഥലം വിടുമെന്നത് കരാറുകാരുടെയും ലേലംചെയ്തു കൊടുത്തവരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ മുന്‍വിധികളില്ലാതെ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞ ചരിത്രം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പലകച്ചവടക്കാരും കടകളിലെ ജോലിക്കാരുടെ എണ്ണം കുറച്ചുതുടങ്ങിയെങ്കിലും പിരിച്ചുവിട്ടവര്‍ക്ക് കൂലി കൊടുക്കാന്‍ പണമില്ലാതെ അവസാനം പോലീസ് കേസുവരെ എത്തിനില്‍ക്കുന്ന കച്ചവടക്കാരും എരുമേലിയിലുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കച്ചവടക്കാര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായ സാഹചര്യത്തില്‍ ഇത്തവണത്തെ എരുമേലിയിലെ കച്ചവട അനിശ്ചിതത്വം എരുമേലിയിലെ ജീവിതസാഹചര്യം മോശമാക്കുമെന്ന ഭയാശങ്കയിലാണ് കച്ചവടക്കാരും നാട്ടുകാരൂം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: