കോട്ടയം: ജനസമ്പര്‍ക്ക പരിപാടിയില്‍ ആര്‍ത്തിരമ്പിയെത്തിയ ജനസാഗരത്തില്‍ രോഗാവസ്ഥയിലായിരുന്നവര്ക്ക് ആശ്വാസം പകര്‍ന്ന് ആതുര ശുശ്രൂഷാ വിഭാഗം മികവ് പുലര്‍ത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇവിടെ തന്നെ കാണാന്‍ കാത്തിരുന്ന രോഗികളെ സന്ദര്‍ശിച്ച് അപേക്ഷ സ്വീകരിച്ചു. മുണ്ടക്കയം നാഗപുരത്തെ കുഞ്ഞുകുഞ്ഞ് (55) ഹൃദയസ്തംഭനം വന്ന് കൂലിപ്പണിയെടുക്കാനാവാത്ത സ്ഥിതിയിലായിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. വാല്‍വിന് മൂന്നു ബ്ളോക്ക് വന്ന് ഡോക്ടര്‍മാര്‍ ഓപ്പറേഷന് നിര്‍ദ്ദേശിച്ച കുഞ്ഞുകുഞ്ഞിനെ മുഖ്യമന്ത്രിയെ കണ്ട് സങ്കടഹര്‍ജി നല്കുവാന് ഭാര്യ ആംബുലന്‍സില്‍ കൊണ്ടുവന്നിരുന്നു. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആതുര ശുശ്രൂഷാവിഭാഗത്തില് കിടത്തിയിരുന്ന രോഗിയെ മുഖ്യമന്ത്രി കാണാനെത്തിയപ്പോള്‍ രോഗവിവരം നല്കിയ ഭാര്യ പൊട്ടിക്കരഞ്ഞുപോയി. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ബഞ്ചമിന്, കാര്‍ഡിയോളജിസ്റ്റ് ഡോ.സ്റ്റാന്‍ലി, കളക്ടര്‍ എന്നിവരുമായി സംസാരിച്ചശേഷം അലമുറയിട്ടു കരഞ്ഞ രോഗിയുടെ ഭാര്യയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ആര്.എസ്.ബി.വൈ.കാര്‍ഡുളള രോഗിക്ക് 70000 രൂപ ചികിത്സാസഹായം ലഭിക്കും. ഓപ്പറേഷന് ബാക്കി ചെലവ് വരുന്ന 30000 രൂപ മുഖ്യമന്ത്രി അനുവദിച്ചു. ജനുവരിയില്‍ ഓപ്പറേഷന് തീയതി കുറിക്കുമ്പോള്‍തന്നെ കളക്ടറെ കാണണമെന്നും മുഖ്യമന്ത്രി അറിയിച്ചത് ആശ്വാസത്തോടെയാണ് രോഗിയും ഭാര്യയും കേട്ടത്. അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് അരോഗ്യവിഭാഗം വിദഗ്ദ്ധ ഡോക്ടര്‍മാരുള്‍പ്പെടെ മെഡിക്കല്‍ സംഘവും മരുന്നും സജ്ജമായിരുന്നു. ഡിഎംഒ ഡോ.എന്‍.എം.ഐഷാബായിയുടെ നേതൃത്വത്തില്‍ രാവിലെ 8 മുതല്‍ 2 വരെയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെയും തുടര്‍ന്ന് പരിപാടി അവസാനിക്കുന്നതുവരെയും മൂന്ന് ഷിഫ്റ്റുകളിലായി മെഡിക്കല്‍ സംഘം പ്രവര്‍ത്തിച്ചു. ഒരു കാര്‍ഡിയോളജിസ്റ്റ് ഉള്‍പ്പെടെ 11 ഡോക്ടര്‍മാര്‍, 4 സ്റ്റാഫ് നഴ്സ്, 2 ഹെഡ് നഴ്സ്, 4 നഴ്സിംഗ് അസിസ്റ്റണ്റ്റുമാര്, ഫാര്‍മസിസ്റ്റുകള്‍, അന്‍പതോളം നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ എന്നിങ്ങനെ ഓരോ ഷിഫ്റ്റിലും സംഘം പ്രവര്‍ത്തിച്ചത് രോഗികള്‍ക്ക് ആശ്വാസമായി. കൂടാതെ 10 ആംബുലന്‍സുകള്‍, ഒരു വിഐപി ആംബുലന്‍സ്, ഓക്സിജന്‍ സിലിണ്ടര്‍, നെബുലൈസിംഗ് ഉപകരണം ഉള്‍പ്പെടെ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഡെപ്യൂട്ടി ഡിഎംഒ ഡോ. രാജന് കെ.ആര്., എന്‍ആര്‍എച്ച്എം മാനേജര്‍ ഡോ.ബി.തങ്കമ്മ, ഡോ.പ്രിയ എന്നിവരും സംഘത്തിണ്റ്റെ മേല്‍നോട്ടം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: