പ്യോങ്ങ്‌യാങ്ങ്: ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ്ങ് ഇല്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സര്‍ക്കാര്‍ നിയന്ത്രിത ടെലിവിഷനില്‍ പ്രത്യേക സംപ്രേഷണത്തിലൂടെയാണ് കിം ജോങ്ങിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ട്രെയിന്‍ യാത്രക്കിടയിലാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഈ മാസം 28 ന് പ്യോങ്ങ്‌യാങ്ങില്‍ നടക്കും.
മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് കിം അന്തരിച്ചതെന്ന് വാര്‍ത്തയില്‍ പറഞ്ഞു. 17 നാണ് മരണം സംഭവിച്ചതെങ്കിലും ഇന്നലെയാണ് വാര്‍ത്ത പുറത്തുവിട്ടത്.
കൊറിയയിലെ അതിശക്തരായ നേതാക്കളില്‍ ഒരാളായിരുന്ന കിം ജോങ്ങ് ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ഉത്തര കൊറിയ ദേശീയ പ്രതിരോധ കമ്മീഷന്‍ അധ്യക്ഷനുമായിരുന്നു. ഉത്തര കൊറിയക്കാരുടെ ഏക്കാലത്തേയും പ്രിയപ്പെട്ട നേതാവായിരുന്നു കിം ജോങ്ങ്. ഡിയര്‍ ലീഡര്‍, ഔര്‍ ഫാദര്‍, ദി ജനറല്‍ തുടങ്ങിയ വിശേഷണങ്ങളാണ് അവര്‍ ജോങ്ങിന് നല്‍കിയിരുന്നത്.
കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് നികത്താനാവാത്ത നഷ്ടമാണ് കിം ജോങ്ങ് ഇല്ലിന്റെ മരണത്തെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. ഏറെ ദുഖത്തോടെയാണ് ഉത്തര കൊറിയക്കാര്‍ ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ശ്രവിച്ചത്.
കിം ജോങ്ങ് അന്തരിച്ച വിവരമറിഞ്ഞ് ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കൊറിയ സൈന്യത്തിന് കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായി ദക്ഷിണ കൊറിയന്‍ ന്യൂസ് ഏജന്‍സി യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് ലീ മ്യൂങ്ങ് ബാക് ദേശീയ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതായും യോന്‍ഹാപ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തര കൊറിയ. ജോങ്ങിന്റെ പിതാവ് കിം ഇല്‍ സങ്ങ് 1994 ല്‍ മരിച്ചതിനെ തുടര്‍ന്നാണ് ജോങ്ങ് അധികാരത്തിലെത്തിയത്. 2008 ല്‍ പക്ഷാഘാതമുണ്ടായ ശേഷം തന്റെ പിന്‍ഗാമി ആരെന്നു സംബന്ധിച്ച് വ്യക്തമായ സൂചന ഇദ്ദേഹം നല്‍കിയിരുന്നു. മൂന്നാമത്തെ മകന്‍ കിം ജോങ്ങ് അണിന് സൈന്യത്തില്‍ ഉന്നത പദവി നല്‍കി. വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായും കേന്ദ്ര കമ്മറ്റി അംഗമായും അണിനെ നിയമിക്കുകയും ചെയ്തു.
അതേസമയം കിം ജോങ്ങിന്റെ അന്ത്യത്തെ തുടര്‍ന്ന് ഉത്തര കൊറിയയിലേയും ദക്ഷിണ കൊറിയയിലേയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: