പട്ടു കുട ചൂടി എഴുന്നള്ളിയെത്തുന്ന ഭഗവാന്റെ തിരുസന്നിധിയില്‍ ദേവവാദ്യമായ പഞ്ചവാദ്യം പൊടിപൊടിക്കുമ്പോള്‍ മദ്ദളത്തിന്റെ മനോഹരമായ എണ്ണങ്ങള്‍ സമൃദ്ധമായി ഒഴുക്കിടുമ്പോള്‍ അത് തൃക്കൂരിന്റെ സാന്നിദ്ധ്യത്തിലാണെന്ന് മനസ്സിലാക്കാം. ആസ്വാദകരെ കോരിത്തരിപ്പിക്കുന്ന വിവിധ കാലങ്ങളും. മനോഹാരിതയുടെ സംഗീതഗീതങ്ങള്‍ വിടരുന്ന തൃപുടയും തൃക്കൂര്‍ രാജന്‍ എന്ന മദ്ദളപ്രമാണിയെ അടയാളപ്പെടുത്തുന്ന ഇടങ്ങളാണ്. തൃശ്ശൂര്‍ പൂരമടക്കം സര്‍വപൂരങ്ങള്‍ക്കും നായകനായ ഈ മഹാരഥന്‍ രാജസിംഹാസനത്തിലിരുന്നിട്ട് പതിറ്റാണ്ട് പലതും കഴിഞ്ഞു. നിറവാര്‍ന്ന ഈ പ്രതിഭക്കിതാ പല്ലാവൂര്‍ പുരസ്ക്കാരവും.
തിങ്കള്‍ ഉദിച്ചുയര്‍ന്ന ആകാശത്ത് നിലാവിന്റെ കുളിര്‍മയുമായി ഉത്സവക്കാലം. മനുഷ്യമനസ്സിന് സന്തോഷത്തിന്റെ പുണ്യം ചൊരിയുന്ന സുദിനത്തില്‍ വന്നണയുന്ന പുരുഷാര പ്രപഞ്ചം. ഗജാരൂഢനായി എഴുന്നള്ളുന്ന തട്ടക ദേവതയ്‌ക്കു മുന്നില്‍ പഞ്ചവാദ്യത്തിന്റെ പതികാലത്തിന്റെ ഓളം. തീവെട്ടിയുടെ സുവര്‍ണശോഭയില്‍ ‘ചെറിയ രൂപം’ മദ്ദളവുമായി നില്‍ക്കുന്നു. തിമില നിരക്കാര്‍ പെയ്തൊഴിയുമ്പോള്‍ മദ്ദളത്തിന്റെ മിഴിയുണരുകയായി. തൃക്കൂര്‍ രാജന്‍ എന്ന സവ്യസാചിയുടെ ചെറിയ വിരലില്‍നിന്ന് മണിനാദപ്രവാഹത്തിന് ഒഴുക്കിടും. എണ്ണം പറഞ്ഞ് വരുന്ന ആ കണക്കുകള്‍ക്ക് കാതോര്‍ത്ത് ആസ്വാദകര്‍ ഏറെ. പാരമ്പര്യവിശുദ്ധിയില്‍ വിടരുന്ന തൃക്കൂര്‍ പെരുമയുടെ മദ്ദളരാജന്‍ ഒന്നേയുള്ളൂ.
ഗ്രാമീണ വിശുദ്ധിനിറഞ്ഞ തൃക്കൂര്‍ ഗ്രാമദേവത ശിവനാണ്. ആ അഗ്നിമൂര്‍ത്തിയുടെ സമീപത്തെ രാജന്‍ എന്ന കലാകാരന്റെ കഴിവുകളെത്തേടി ഒടുവിലിതാ കേരള സര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്ക്കാരം. പല്ലാവൂര്‍ അപ്പുമാരാര്‍ കൊട്ടിക്കൊടുത്ത തൃപുടവട്ടം നിരവധി കൊട്ടിപ്പരിചയിച്ച രാജന്‍ എന്ന പ്രതിഭയെ ആദരിക്കുമ്പോള്‍ നിറയുന്നത് ആസ്വാദകരുടെ മനസ്സും മിഴിയുമാണ്. വിശുദ്ധിയുടെ കല്‍പ്പടവുകളില്‍നിന്നും ഒഴുകിയെത്തിയ താളവട്ടങ്ങള്‍ അതേ ശ്രുതിയില്‍ വായിച്ചുനിറച്ചപ്പോള്‍ ഏവരും ശ്രദ്ധിക്കാന്‍ തുടങ്ങി. കുട്ടിക്കാലം മുതല്‍ തന്നെ മദ്ദളത്തിന്റെ മംഗളധ്വനി കേട്ട് വളര്‍ന്ന രാജന്‍ ഇങ്ങനെയൊക്കെയായില്ലങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
അച്ഛന്‍ തൃക്കൂര്‍ കൃഷ്ണന്‍കുട്ടി മാരാരും തൃക്കൂര്‍ ഗോപാലന്‍കുട്ടി എന്ന ചെറിയച്ഛനും മദ്ദളത്തിന്റെ മഹാരഥന്മാരായിരുന്നു. അവരെ ഒഴിവാക്കി ഒരു പഞ്ചവാദ്യവും പുകള്‍പെറ്റ മഹാക്ഷേത്രങ്ങളില്‍ നടന്നിരുന്നില്ല. മധ്യകേരളത്തില്‍ ഇവരുടെ ശിഷ്യപരമ്പരകളാണ് മദ്ദളനിരയില്‍.
വലംകയ്യും ഇടംകയ്യും ഒരുപോലെ സ്വാധീനമായിരുന്ന ചാലക്കുടി നമ്പീശന്റെ അവതരണശൈലിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആരാധനയോടെ നമ്പീശന്റെ ശൈലിയെ പിന്തുടര്‍ന്നപ്പോള്‍ ഇടംകയ്യനായ നമ്പീശ സ്വാധീനവും രാജനില്‍ പുലര്‍ന്നു. കടവല്ലൂര്‍ അരവിന്ദാക്ഷന്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഒപ്പക്കാരനാണെങ്കിലും അരവിന്ദന്‍ പ്രമാണിയായാല്‍ മതി എന്ന അച്ഛന്റെ നിര്‍ദ്ദേശം മറികടക്കാന്‍ തൃക്കൂര്‍ രാജന്‍ മെനക്കെട്ടില്ല. രണ്ട് പതിറ്റാണ്ടോളമായി തൃക്കൂര്‍ രാജന്‍ മദ്ദളത്തിന്റെ പ്രമാണസ്ഥാനത്തെത്തിയിട്ട്. തൃശ്ശൂര്‍ പൂരം മുതല്‍ നിരവധി വേദികളില്‍ നായകനായി പരിലസിച്ചു. ഇപ്പോള്‍ അത്യാവശ്യക്കാര്‍ക്കു മുന്‍പില്‍ മാത്രമായി പരിമിതപ്പെടുത്തി.
സ്ഫുടമായ വാദനമാണ് ഇദ്ദേഹത്തിന്റെ മുഖമുദ്ര. പതികാലത്തിന്റെ നിശബ്ദതയെ ലംഘിച്ചുകൊണ്ട് മന്ത്രജപം പോലെ തുടങ്ങുന്ന താളവട്ടത്തിന് സമാനതകളില്ല. നന്നേ ബാല്യത്തില്‍ കേട്ട് പഠിച്ച് വളര്‍ന്ന എണ്ണങ്ങള്‍ മനസ്സില്‍ കോറിയിട്ടു. അച്ഛന്റെ ശിഷ്യന്മാര്‍ക്ക് സംശയം തോന്നിയാല്‍ തീര്‍ക്കുന്നത് ഈ കുട്ടിയായിരുന്നു. ‘കുട്ട്യാശാന്‍’ അങ്ങനെ ഇന്ന് കുലഗുരുവായി. പുരസ്ക്കാരങ്ങള്‍ കൊണ്ട് ധന്യമായ ഈ കനത്ത ചിറ്റിട്ട കുറിയവിരലുകള്‍ക്ക് താങ്ങാനാവുന്നതിലേറെ പുരസ്ക്കാരങ്ങള്‍ ലഭിച്ചു.
സൗമ്യപ്രകൃതിക്കാരനായ രാജന്‍ എന്ന പ്രതിഭയെ അറിഞ്ഞാദരിച്ചതിന്റെ ധന്യതയിലാണ് വാദ്യലോകം. പകരക്കാരനില്ലാത്ത മദ്ദളചക്രവര്‍ത്തി ‘രാജസ്ഥാനി’ല്‍ എത്തിച്ചേര്‍ന്നു. പ്രണവധ്വനിയാല്‍ പരന്നൊഴുകുന്ന പഞ്ചവാദ്യംപോലെ വാദ്യവല്ലഭനെത്തേടി ഇനിയും നിരവധി പുരസ്ക്കാരങ്ങള്‍ എത്താനിരിക്കുന്നതേയുള്ളൂ.
കൊല്ലവര്‍ഷം 1113 ല്‍ മീനമാസത്തിലെ ചോതി നക്ഷത്രത്തില്‍ പിറന്ന ‘തൃക്കൂര്‍’ പാരമ്പര്യത്തിന്റെ തേര്‍ത്തട്ടില്‍ കുതിച്ചുപാഞ്ഞതിന്റെ കാലടിപ്പാടുകള്‍ ഇന്നും വ്യക്തം. ലയസൗന്ദര്യത്തിന്റെ ആവിര്‍ഭാവമാണ് അദ്ദേഹത്തിന്റെ മദ്ദളത്തില്‍ നിന്നും വഴിഞ്ഞൊഴുകുന്നത്. 1987 ല്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനം അദ്ദേഹത്തിന്റെ പ്രതിഭക്കു ലഭിച്ച കുറിമാനമാണ്. പ്രശസ്തരായ നിരവധി കലാകാരന്‍മാര്‍ക്കൊപ്പം ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നവര്‍ ഒത്തുചേര്‍ന്നു വിവിധ വാദ്യങ്ങള്‍ വായിച്ചത് പലര്‍ക്കും അത്ഭുതത്തിനിടവരുത്തി.
വൃത്തിയായ നീക്കമാണ് ഇദ്ദേഹത്തിന്റെ മാറ്റുകൂട്ടുന്നത്. തന്റെ തൊഴില്‍ ഉപകരണം ശുദ്ധമായിരിക്കണം. അതില്‍തന്നെ വായിക്കാനാണ് ഇഷ്ടപ്പെടുന്നത്. അന്യന്റെ മദ്ദളം വാങ്ങി വായിക്കാന്‍ നിവൃത്തിയുണ്ടെങ്കില്‍ ശ്രമിക്കില്ല. കാരണം തന്റെ മനസിനിണങ്ങിയവ ആയിരിക്കില്ലെന്ന വിശ്വാസമാണ് അതിനടിസ്ഥാനം. പണിയെടുത്താല്‍ അതിന്റെ ഫലം കണ്ടില്ലെങ്കില്‍ അതിനു യത്നിക്കാതിരിക്കയാണ് അഭികാമ്യം. ഇതാണ് അദ്ദേഹത്തിന്റെ നയം.
പതിനഞ്ചാം വയസ്സില്‍ അരങ്ങേറിയത് അച്ഛന്റെ ഉത്തരവ് പ്രകാരമായിരുന്നു. നിനക്കൊക്ക കൊട്ടാറായി ഇന്നാണ് നിന്റെ അരങ്ങേറ്റം അത്രയേ ഉണ്ടായുള്ളൂ. ഒന്നും ആരും പഠിപ്പിച്ചിട്ടില്ല. കേട്ടുപഠിക്കല്‍ തന്നെ. തന്റെ ജീവിതലക്ഷ്യം അതാണ് എന്ന് ബോധ്യം വന്നതിന്റെ വിജയമാണ് രാജമുദ്ര ചാര്‍ത്തിയ വീരശൃംഖല വരെ കിട്ടാന്‍ കാരണം. അവതരണത്തിന്റെ വൈശിഷ്ട്യത്താല്‍ ആരാധകരുടെ അംഗീകാരം നേടിയതിന്റെ കണക്ക് ചെറുതല്ല. പതിനഞ്ചില്‍പരം പ്രധാന പുരസ്കാരങ്ങള്‍ ഈ കലാകാരന്റെ സിദ്ധിയില്‍ ലയിച്ചുചേര്‍ന്നു.
മദ്ദളനിരയുടെ രാജ സല്ലാപം ഇന്നും നടപ്പുരകള്‍ ഒര്‍ത്തിരിക്കുന്നുണ്ട്. ഒപ്പം നടന്നവര്‍ എല്ലാവരും കഥാവശേഷരായി. തൃക്കൂര്‍ രാജന്‍ കഥ തുടരുകയാണ്. വരും തലമുറക്കാരെ ഉത്സാഹിപ്പിക്കാന്‍ രാജേട്ടന്റെ ചെറു പുഞ്ചിരി മാത്രം മതി.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: