തൃശൂര്‍: ഏഴുവര്‍ഷം മുമ്പ് ജനസമ്പര്‍ക്ക പരിപാടിയുമായി അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തൃശൂരിലെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പൈറ്റ്ദിവസം പുറത്തിറങ്ങിയ പത്രങ്ങളില്‍ ‘വികലാംഗനായ വിജയന് മുഖ്യമന്ത്രി സാന്ത്വനമായി’ എന്ന വാര്‍ത്ത ഏറെ പ്രാധാന്യത്തോടെയാണ് വന്നത്. ഇന്നലെ മുഖ്യമന്ത്രി വീണ്ടും തൃശൂരിലെത്തിയപ്പോഴും പരാതിയുമായി വിജയനുണ്ടായിരുന്നു. മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരുതിയത് വിജയന് വീണ്ടും വരുന്നത് പുതിയ പരാതിയുമായാണെന്ന്. പക്ഷെ ഏഴ് വര്‍ഷം മുമ്പ് കൊടുത്ത പരിഹരിക്കപ്പെടാത്ത പരാതിയുമായാണ് വിജയന് വീണ്ടും മുഖ്യമന്ത്രിയെ തേടിയെത്തിയത്.
തെല്ല് ക്ഷോഭത്തോടെയാണ് വിജയന് വേദിയിലേക്ക് ഇഴഞ്ഞ് വന്നത്. തുടര്‍ന്ന് തന്നെ അവണിച്ചതിനെതിരെ പ്രതിഷേധസൂചകമായി മുഖ്യമന്ത്രിയുടെ വേദിക്കുമുന്നില്‍ കുത്തിയിരിപ്പ് നടത്താനും വിജയന് മുതിര്‍ന്നു. ഉദ്യോഗസ്ഥരും പൊലീസും കസേരയുമായെത്തി വിജയനെ ആശ്വസിപ്പിച്ചു. ജനസമ്പര്‍ക്കപരിപാടി നടക്കുന്ന പ്രധാനവേദിക്കു മുന്നിലാണ് നാടകീയസംഭവങ്ങള്‍ ഇന്നലെ അരങ്ങേറിയത്. ഉദ്ഘാടനപ്രസംഗത്തിനുശേഷം ആംബുലന്‍സിലെത്തിയ രോഗികളെ സന്ദര്‍ശിച്ചശേഷം വേദിയിലെ പരാതികാര്ക്കിടയിലേക്ക് മുഖ്യമന്ത്രി നീങ്ങിയപ്പോഴാണ് വളര്‍ക്കാവ് സ്വദേശി വലിയപറമ്പില്‍ വിജയന് എന്ന വികലാംഗന് പ്രധാന സ്റ്റേജിനു മുന്നില്‍ കുത്തിയിരുന്നത്.
2004ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കളക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത ജനസമ്പര്‍ക്കപരിപാടിയിലാണ് തന്റെയും ഭാര്യയുടേയും പേരിലുള്ള രണ്ട് സെന്റ് സ്ഥലത്തിന് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് വിജയന് മുഖ്യമന്ത്രിയെ സമീപിച്ചത്. മുഖ്യമന്ത്രി എല്ലാ സഹായവും അന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം യാതൊരു നടപടിയും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് താന്‍ അപേക്ഷ നല്‍കുന്നതിന്റെ ചിത്രമടങ്ങുന്ന പത്രങ്ങളുമായി വിജയന് വേദിയിലെത്തിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരെത്തി വിജയന് ഇരിക്കാന്‍ കസേര നല്കി. പ്രശ്നം പരിഹരിക്കാമെന്ന് ഇത്തവണയും വിജയന് ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: