പാലാ: കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ തോടനാല്‍, ആയില്യക്കുന്ന് ഭാഗങ്ങളില്‍ ശുദ്ധജലമെത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതി ജനങ്ങള്‍ക്ക് വെള്ളമെത്തിക്കാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ആക്ഷേപം. എ.വേലായുധന്‍ നായര്‍ സ്മാരകമായി ൨൦൦൫ല്‍ ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത്. പദ്ധതി ആരംഭിച്ച് ഏതാനും മാസം കഴിഞ്ഞപ്പോള്‍ തന്നെ ജലവിതരണം നിലച്ചു. പദ്ധതിക്കായി നിര്‍മ്മിച്ച കുളത്തില്‍ ആവശ്യത്തിന് വെള്ളം ലഭ്യമല്ലെന്ന കാരണത്താല്‍ മേവിടയില്‍ വേറെ കുളവും ആയില്യക്കുന്നില്‍ ടാങ്കും നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തോടനാല്‍ ഭാഗത്ത് ജലവിതരണം പുനഃസ്ഥാപിച്ചില്ല. പദ്ധതി സംബന്ധിച്ച് വിശദവിവരങ്ങള്‍ക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഇതുസംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്റ്റ് സാംജി പഴേപറമ്പില്‍ പത്രസേമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി നടപ്പാക്കിയതില്‍ വാന്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചായത്ത് മെമ്പറും കണ്‍വീനറും ഉദ്യോഗസ്ഥരും അഴിമതി നടത്തുകയും കുടിവെള്ളം നല്‍കാതെ പദ്ധതി പ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. പദ്ധതി അട്ടിമറിക്കാന്‍ ശ്രശ്രമിക്കുകയും അഴിമതി നടത്തുകയും ചെയ്തവര്‍ക്കെതതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സാംജി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: