മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി കുറക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി ജലനിരപ്പ് 136-ല്‍നിന്ന് കൂടരുത് എന്നും നിര്‍ദ്ദേശിച്ചു. പ്രത്യക്ഷത്തില്‍ ഈ വിധി കേരളത്തിന് തിരിച്ചടിയായി എന്ന് വ്യാഖ്യാനിക്കുമ്പോഴും കേരളത്തിന്റെ ആശങ്കകള്‍ അടിസ്ഥാനരഹിതമല്ലെന്നും ജനങ്ങളുടെ ജീവനു നേരെ ഉയരുന്ന ഭീഷണി, തുടരെത്തുടരെയുള്ള ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തില്‍ തള്ളിക്കളയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടാതെ പുതിയ ഉത്തരവുകള്‍ നല്കാന് സാധ്യമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കേരളം പരമോന്നത കോടതിയില്‍ തോക്കേണ്ടിവരുന്നതിന്റെ പ്രധാന കാരണം കേരളത്തിന് മുല്ലപ്പെരിയാറില്‍ നേരിടുന്ന പ്രശ്നത്തെപ്പറ്റി സാങ്കേതിക തെളിവുകള്‍ നല്കാന് ഇനിയും സാധ്യമായിട്ടില്ല എന്നതിനാലാണ്. റൂര്‍ക്കി ഐഐടി റിപ്പോര്‍ട്ട് പോലുള്ള റിപ്പോര്‍ട്ടുകള്‍ അല്ലാതെ ഡാം ബ്രേക്ക് അനാലിസിസ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുല്ലപ്പെരിയാര്‍ പ്രശ്നം രൂപപ്പെട്ട നാള് മുതല്‍ കേരളം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കായിട്ടില്ല എന്നതിനാലാണ്. വാക്ക് കസര്‍ത്തുകളും സത്യഗ്രഹങ്ങളും കേരളത്തെക്കാള്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ തമിഴ്നാടിന് സാധിക്കുന്നു എന്നതും വസ്തുതയാണ്.
ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നത് മുല്ലപ്പെരിയാര്‍ പ്രശ്നം പഠിക്കുന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം അന്തിമ വിധി പ്രസ്താവിക്കുമെന്നാണ്. ഉന്നതാധികാരസമിതിയില്‍ ഒരു കേരള ജസ്റ്റിസ് അടക്കം മൂന്ന് ന്യായാധിപന്മാരും രണ്ട് ടെക്നോളജി വിദഗ്ധരുമാണുള്ളത്. കേരളത്തിന്റെ പ്രശ്നങ്ങള്‍ സമര്‍ത്ഥമായി ഇൗ സമിതിയുടെ മുമ്പിലെങ്കിലും അവതരിപ്പിക്കാന്‍ കേരളത്തിന് സാധ്യമാകണം.
സുപ്രീംകോടതി നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചത് എന്ന് തെളിയുന്നത് കേരളത്തിന്റെ ആശങ്കക്ക് അടിസ്ഥാനമുണ്ട് എന്നും അത് നിസ്സാരമായി തള്ളിക്കളയേണ്ടതില്ലെന്നും പ്രസ്താവിച്ചതിനാലാണ്. കേരളം അനാവശ്യ ഭീതി (ഫിയര്‍ സൈക്കോസിസ്) ഉണ്ടാക്കുകയാണെന്ന തമിഴ്നാട് വാദം നിരാകരിച്ച കോടതി തമിഴ്നാട് സര്‍ക്കാരിന്റെ കേരളവിരുദ്ധ മുല്ലപ്പെരിയാര്‍ പരസ്യങ്ങളെ നിശിതമായി വിമര്‍ശിച്ചു. കേരളത്തിന്റെ വാദങ്ങളെ വിമര്‍ശിച്ച്, അര്‍ധസത്യങ്ങള്‍ നിരത്തിയ പരസ്യത്തില്‍ സുപ്രീംകോടതിയുടെ വാചാനിരീക്ഷണങ്ങള് പരസ്യവാചകങ്ങളാക്കിയതും ആ ഉപയോഗം തങ്ങളുടെ വാദത്തിന് ശക്തി പകരാന്‍ ഉപയോഗിച്ചതും അന്യായമാണ് എന്ന് നിരീക്ഷിച്ചു. കോടതിയുടെ നടപടികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്നും നിരീക്ഷണങ്ങള്‍ തീരുമാനങ്ങളല്ലെന്നും നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള പരസ്യപ്രചാരണം, പ്രത്യേകിച്ച് കേസ് സബ്ജുഡിസ് ആയിരിക്കെ തെറ്റാണെന്നുകൂടി സുപ്രീംകോടതി പ്രസ്താവിച്ചു. തമിഴ്നാട് ഉയര്‍ത്തുന്ന വികാരവിക്ഷോഭത്തില്‍ തമിഴ്നാട്ടില്‍ അയ്യായിരത്തിലധികം മലയാളികള്‍ ആക്രമിക്കപ്പെട്ടുകഴിഞ്ഞു.
തമിഴ്നാടാണ് നിയന്ത്രണവിധേയമായിരിക്കുന്ന സ്ഥിതിഗതികള്‍ വഷളാക്കുന്നതെന്നും കേരളത്തിന്റെ വായ് മൂടിക്കെട്ടാനുള്ള ശ്രമം അന്യായമാണെന്നും രണ്ട് സംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ കോടതിവിധി പ്രകാരം 136 അടിയില്‍ ജലനിരപ്പ് നിലനിര്‍ത്തി തമിഴ്നാടിന് വെള്ളം ലഭിക്കുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള ആവശ്യം എന്തടിസ്ഥാനത്തിലാണെന്ന പ്രസക്തമായ ചോദ്യവും സുപ്രീംകോടതി ഉയര്‍ത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സംരക്ഷണത്തിന് സിഐഎസ്എഫ് സേനയെ വിന്യസിക്കണമെന്ന ആവശ്യത്തോട് കേന്ദ്രമാണ് പ്രതികരിക്കേണ്ടതെന്നും കോടതി പറഞ്ഞിരിക്കുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപിമാര്‍ കോട്ടയം-എറണാകുളം ജില്ലയുടെ മലയോരഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രൂപീകൃതമായ ഇടുക്കി ജില്ല തമിഴ്നാടിന് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ സമരത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്. ഈ പ്രശ്നം ഉയര്‍ത്തി തമിഴര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കിത്തുടങ്ങിയപ്പോള് വിശാല തമിഴകത്തിന് വേണ്ടിയുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന സംശയവും ഉയരുന്നു. പശ്ചിമഘട്ട മലനിരകളിലെ ജലസ്രോതസ്സിനെ ലക്ഷ്യമിട്ടുള്ള ഈ നീക്കം മുളയിലേ നുള്ളിയില്ലെങ്കില്‍ കേരളം നിലനില്‍പ്പ് ഭീഷണി നേരിടേണ്ടിവരും.
മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ സാങ്കേതികവിദഗ്ധര്‍ 22 മുതല്‍ നാല് ദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് അണക്കെട്ടിന്റെ സുരക്ഷിതത്വം പരിശോധിക്കുന്നുണ്ട്. അണക്കെട്ടിന്റെ അടിത്തറയും ആദ്യമായി പഠനവിധേയമാക്കാന്‍ പോകുകയാണ്. ഇനി കേരളത്തിന്റെ പ്രതീക്ഷ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടും അതില്‍ സുപ്രീംകോടതി എടുക്കുന്ന നിലപാടുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: