തൃശൂര്‍ : അഴീക്കോടിന് ഉണര്‍വും ഉന്മേഷവും പകര്‍ന്ന് കൈതപ്രത്തിന്റെ സംഗീതാമൃതം . ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഗീതജ്ഞന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആശുപത്രിയില്‍ അഴീക്കോടിനെ സന്ദര്‍ശിച്ചത്. രോഗവിവരം ചോദിച്ചറിഞ്ഞ കൈതപ്രം ഏത് രോഗത്തിനും ഉപയോഗിക്കാവുന്ന മരുന്നാണ് സംഗീതമെന്ന് പറഞ്ഞു. അഴീക്കോടിന് ഞാനൊരു പാട്ടുപാടുന്നു എന്നറിയിച്ച് ‘കരുണ ചെയ്വാനെന്തു താമസം കൃഷ്ണ’ എന്ന കീര്‍ത്തനം കൈതപ്രം അഴീക്കോടിന് മുന്നില്‍ ആലപിച്ചു. കൈതപ്രത്തിന്റെ ആലാപനത്തിനൊപ്പം അഴീക്കോട് വിരലില്‍ താളമിടുകയും ചെയ്തു.
പാട്ട് കഴിഞ്ഞപ്പോള്‍ ചെറിയ ചിരിയോടെയായിരുന്നു തനിക്ക് ഉന്മേഷവും ഉണര്‍വും അനുഭവപ്പെടുന്നതായി അഴീക്കോട് പ്രതികരിച്ചത്. അഴീക്കോടിന്റെ ആരോഗ്യനില ഭേദപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്നലെ ആരോഗ്യനിലയില്‍ ഭേദാവസ്ഥ കാണിച്ചിരുന്നതില്‍ നിന്ന് ഇന്ന് കൂടുതല്‍ ഉന്മേഷവും ഉണര്വുമുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.ബി. ഗണേഷ്കുമാര്, സി.എന്‍.ബാലകൃഷ്ണന്, മുന്‍ മന്ത്രി തോമസ് ഐസക് തുടങ്ങിയവരും അഴീക്കോടിനെ സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രി രാജഗോപാല്‍, ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോന്, ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ.കൃഷ്ണദാസ്, നടന് തിലകന്, സംവിധായകരായ ബ്ലെസി, വിനയന് മന്ത്രി പി.ജെ.ജോസഫ്, മുന്‍മന്ത്രി മുല്ലക്കര രത്നാകരന്, ജയരാജ് വാര്യര്‍, കെ.ടി.ജലീല്‍ എംഎല്‍എ എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് മന്ത്രിമാരായ എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്, കേന്ദ്രമന്ത്രി വയലാര്‍ രവി, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്, മുന്‍ മന്ത്രി എം.എ. ബേബി, ഐജി ബി.സന്ധ്യ എന്നിവരും അഴീക്കോടിനെ സന്ദര്‍ശിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: