ഇസ്ലാമാബാദ്: പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം മരവിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. 700 ദശലക്ഷം ഡോളറിന്റെ ധനസഹായം മരവിപ്പിക്കുന്നതിന് യുഎസ് സെനറ്റ് അംഗങ്ങളുടെ സമിതി അനുമതി നല്‍കിയിട്ടുണ്ട്. യുഎസിന്റെ ധനസഹായം ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്. എന്നാല്‍ ഇവര്‍ക്കുനല്‍കുന്ന സാമ്പത്തിക സഹായത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.
ഭീകരര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ പാക്കിസ്ഥാന് പരാജയപ്പെട്ടതും ഇവര്‍ക്കുവേണ്ട സഹായം നല്‍കിയതുമെല്ലാം ധനസഹായം മരവിപ്പിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാന്റെ സൈനിക ആസ്ഥാനമായ അബോട്ടബാദില്‍ അമേരിക്ക നടത്തിയ തിരച്ചിലില്‍ കൊല്ലപ്പെട്ട അല്‍-ഖ്വയ്ദ തലവന്‍ ഒസാമ ബിന്ലാദന് വേണ്ട സഹായങ്ങള്‍ പാക്കിസ്ഥാന് നല്‍കിയിരുന്നു എന്ന് അമേരിക്ക ശക്തമായി ആരോപണം ഉന്നയിച്ചിരുന്നു.
പാക്കിസ്ഥാനില്‍ നിര്‍മിക്കുന്ന ബോംബുകളാണ് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യത്തിനെതിരായി ഭീകരര്‍ പ്രയോഗിക്കുന്ന ഫലപ്രദമായ ആയുധം. പാക്കിസ്ഥാന് ഇതിനെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതുവരെ ധനസഹായം മരവിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം.
2001 മുതല്‍ 20 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന് അമേരിക്ക നല്‍കിവരുന്നത്. എന്നാല്‍ സാമ്പത്തിക സഹായം കുറയ്ക്കുന്നതില്‍ പാക് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് പാക് ജനതയ്ക്കിടയില്‍ അമേരിക്കയ്ക്ക് എതിരായി അഭിപ്രായം രൂപികരിക്കാന്‍ ഇടയാക്കുമെന്നായിരുന്നു അവരുടെ വാദം. അല്‍-ഖ്വയ്ദ, താലിബാന് ഭീകരര്‍ക്കെതിരായുള്ള പോരാട്ടത്തില്‍ ആയിരക്കണക്കിന് സൈനികരെയാണ് പാക്കിസ്ഥാന് നഷ്ടപ്പെട്ടത്.
കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിലുണ്ടായ നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പാക്കിസ്ഥാന്- യുഎസ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടി. ഈ സാഹചര്യത്തില്‍ ധനസഹായം മരവിപ്പിക്കാനുള്ള തീരുമാനം പാക്കിസ്ഥാനെ കൂടുതല്‍ പ്രകോപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: